Site iconSite icon Janayugom Online

പ്രഭാസിന് ഇന്ന് 45ാം പിറന്നാൾ; അണിയറയില്‍ ഒരുങ്ങുന്നത് 2100 കോടിയുടെ പുതിയ പ്രോജക്ടുകള്‍

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരം പ്രഭാസിന് ഇന്ന് 45-ാം ജന്മദിനം. ‘ബാഹുബലി’ എന്ന ഒറ്റ കഥാപാത്രത്തിലൂടെ ലോക സിനിമയ്ക്ക് മുന്നിൽ വിസ്മയമായി തീർന്ന പ്രഭാസിന്‍റെ ആരാധകര്‍ ഇന്ന് ലോകം മുഴുവന്‍ ആഘോഷത്തിലാണ്‌.പിറന്നാള്‍ സമ്മാനമായി ആരാധകര്‍ക്ക് വലിയ സര്‍പ്രയിസുകളാണ് പ്രഭാസ് ഒരുക്കിയിരിക്കുന്നത്. പ്രഭാസിന്‍റെ 6 സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ് ആരാധകര്‍ക്ക് വേണ്ടി ഇന്ന് വീണ്ടും റിലീസ് ചെയ്യുന്നത്. മിസ്റ്റര്‍ പെര്‍ഫെക്റ്റ്, മിര്‍ച്ചി,ചത്രപതി,റിബല്‍,ഈശ്വര്‍,സലാര്‍ എന്നീ ചിത്രങ്ങളാണ് റീ റിലീസ് ചെയ്യുന്നത്.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിപണി മൂല്യമുള്ള താരമാണെങ്കിലും പ്രഭാസ് പൊതുവേ നാണം കുണുങ്ങിയും അന്തര്മുഖനുമാണ്. സിനിമ ചിത്രീകരണത്തിനല്ലാതെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാന്‍ പ്രഭാസിന് പൊതുവേ വലിയ നാണമാണ്. കല്‍ക്കിയുടെ പല പ്രമോഷന്‍ പരിപാടികള്‍ക്കിടയിലും മാധ്യമങ്ങളെ അഭിമുഖീകരിക്കാനായി ലജ്ജയോടെ ഇരിക്കുന്ന പ്രഭാസിനെ കാണാന്‍ കഴിയും. സിനിമ ചിത്രീകരണം ഇല്ലാത്ത സമയങ്ങളില്‍ തന്‍റെതായ ഇടങ്ങളില്‍ ഏകാന്തമായി ഇരിക്കാനാണ് പ്രഭാസ് കൂടുതല്‍ ഇഷ്ട്ടപ്പെടുന്നത്. ചുറ്റുമുള്ളവര്‍ക്ക് ഭക്ഷണം കൊടുക്കുന്നതില്‍ ഏറെ ശ്രദ്ധാലുവാണ് പ്രഭാസ്. പ്രഭാസിന്‍റെ ബിരിയാണി കമ്പം സൌത്ത് ഇന്ത്യന്‍ സിനിമാലോകത്ത് എല്ലാരവര്‍ക്കുമറിയാം. തന്‍റെ സഹപ്രവർത്തകർക്കും സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കുമായി പ്രഭാസ് വിരുന്നൊരുക്കുന്നതുമായി ബന്ധപ്പെട്ട നിരവധി കഥകളുണ്ട്.നടൻ സൂര്യയും, കല്‍ക്കിയിലെ സഹതാരം ദീപിക പദുകോണുമെല്ലാം പ്രഭസിന്റെ ഭക്ഷണം ഊട്ടിക്കുന്നതിന്‍റെ അനവധി കഥകള്‍ പറഞ്ഞിട്ടുണ്ട്. സിനിമയിലെ സുഹൃത്തുക്കൾ തന്റെ ജന്മനാടായ ഹൈദരാബാദിലെത്തുമ്പോൾ അവർക്കായി വിരുന്നൊരുക്കുന്നത് പ്രഭാസ് ഒരു തരത്തിലുള്ള ആചാരമാക്കിയിട്ടുണ്ട്.

1979 ഒക്ടോബർ 23ന് മദ്രാസ്സിൽ ജനിച്ച പ്രഭാസിന് സിനിമാപാരമ്പര്യവുമുണ്ട്. തെലുങ്ക് ചലച്ചിത്ര നിർമ്മാതാവായിരുന്ന യു. സൂര്യനാരായണ രാജുവിന്‍റെയും ഭാര്യ ശിവകുമാരിയുടെയും മൂന്നു മക്കളിൽ ഇളയവനാണ് വെങ്കിട് സത്യനാരായണ പ്രഭാസ് രാജു ഉപ്പൽപ്പടി എന്ന പ്രഭാസ്. ഭീമവരത്തെ ഡി.എൻ.ആർ വിദ്യാലയത്തിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം ഹൈദരാബാദിലെ ശ്രീ ചൈതന്യ കോളേജിൽ നിന്നാണ് ബി.ടെക് ബിരുദം നേടിയത്. ആറടി രണ്ടര ഇഞ്ച് പൊക്കക്കാരൻ വൈകാതെ സിനിമയിലെത്താൻ ഉള്ള മാർഗങ്ങളും തേടി തുടങ്ങി. 2002 ലാണ് പ്രഭാസിന്‍റെ സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം. ജയന്ത് സി. പരന്‍ഞെ സംവിധാനം ചെയ്ത ‘ഈശ്വർ’ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രഭാസ് തന്‍റെ ആദ്യ ചുവടു വയ്ക്കുന്നത്. ശ്രീദേവി വിജയകുമാര്‍ ആയിരുന്നു ചിത്രത്തിലെ നായികയായി എത്തിയത്. അവിടന്നങ്ങോട്ട് നിരവധി സിനിമകളുടെ ഭാഗമായെങ്കിലും താരം ശ്രദ്ധിക്കപ്പെടുന്നത് വിസ്മയചിത്രം ബാഹുബലിയിലൂടെയാണ്.ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമെന്ന റെക്കോർഡുമായി എത്തിയ ബഹുഭാഷ ചിത്രമായിരുന്നു ബാഹുബലി.എസ് എസ് രാജമൗലി സംവിധാനം ചെയ്ത സിനിമയിലെ നായകവേഷം പ്രഭാസിനെ ലോക സിനിമയിലെ തന്നെ ശ്രദ്ധേയതാരമാക്കി. വമ്പന്‍ സിനിമാ പദ്ധതികളാണ് പ്രഭാസിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്നത്. താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത് ഏകദേശം 2100 കോടിയുടെ പുതിയ പ്രോജക്ടുകള്‍ ആണ്.

പ്രശാന്ത്‌ നീല്‍ ഒരുക്കി വന്‍ വിജയമായ സലാറിന്‍റെ രണ്ടാംഭാഗം സലാര്‍2: ശൗര്യംഗ പര്‍വ്വം, സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റ്, മാരുതിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ദി രാജാസാബ് തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്‍റെതായി ഉടന്‍ തീയേറ്ററുകളില്‍ എത്തുന്നത്. പ്രഭാസിന്‍റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷമാണ് ദി രാജാസാബിലേത്. റൊമാന്റിക് കോമഡി ഹൊറര്‍ എന്ന വിഭാഗത്തിലാണ് ചിത്രമെത്തുന്നത്. പീപ്പിള്‍ മീഡിയ ഫാക്ടറി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിധി അഗര്‍വാള്‍, മാളവിക മോഹന്‍ എന്നിവരാണ് നായികമാര്‍. പ്രഭസിന്‍റെ കരിയറിലെ സമാനതകളില്ലാത്ത വിജയമായിരുന്നു കല്‍ക്കിയുടേത്.താരപ്പകിട്ടുകൊണ്ടും ചിത്രത്തിന്‍റെ പ്രമേയം കൊണ്ടും അവതരണ രീതിയാലും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ കല്‍ക്കിയുടെ രണ്ടാം ഭാഗമാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം.അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം പ്രഭാസിന്‍റെ കരിയറിലെ തന്നെ പുതിയ അധ്യായത്തിന്‍റെ തുടക്കമാകുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. 2021 ല്‍ യു.കെ ആസ്ഥാനമായുള്ള ‘ഈസ്റ്റേൺ ഐ’ എന്ന പ്രതിവാര പത്രം ലോകത്തിലെ ഒന്നാം നമ്പർ സൗത്ത് ഏഷ്യൻ സെലിബ്രിറ്റിയായി പ്രഭാസിനെ തിരഞ്ഞെടുത്തിരുന്നു. ബാഹുബലിക്ക് ശേഷം പ്രഭാസിന്‍റെ താരമൂല്യം കുതിച്ചുയര്‍ന്നതിന്‍റെ തെളിവുകൂടിയാണത്.
സര്‍വേ ഫലം പ്രകാരം സിനിമ, ടെലിവിഷൻ, സാഹിത്യം, സംഗീതം, സോഷ്യൽ മീഡിയ എന്നീ മേഖലകളില്‍ നിന്നുള്ള നിരവധി ആഗോള താരങ്ങളെക്കാൾ മുന്നിലാണ് പ്രഭാസ് എന്നതും ശ്രദ്ധേയം.

Exit mobile version