പീഡന കേസില്‍ നടന്‍ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജയ് ബാബു നാട്ടിലെത്തിയിട്ട് ജാമ്യാപേക്ഷ പരിഗണിക്കാമെന്നും, മടക്ക യാത്രയ്ക്കുള്ള ടിക്കറ്റിന്റെ പകര്‍പ്പ് ഹാജരാക്കാനും സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു. ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോള്‍, വിജയ് ബാബു നാട്ടിലെത്തട്ടെയെന്ന് വാക്കാല്‍ പറഞ്ഞെങ്കിലും ഇന്ന് പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.
നടിയുമായുളള വാട്‌സ്ആപ്പ് ചാറ്റുകളുടെ പകര്‍പ്പുകളും വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. പരാതിക്കാരിക്ക് താന്‍ പലപ്പോഴായി പണം നല്‍കിയിട്ടുണ്ടെന്നും സിനിമയില്‍ കൂടുതല്‍ അവസരം വേണമെന്ന ആവശ്യം താന്‍ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബുവിന്റെ നിലപാട്.
മാര്‍ച്ച് 16നും 22 നുമായി വിജയ് ബാബു പീഡിപ്പിച്ചെന്നാരോപിച്ചാണ് നടി പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതി വിജയ് ബാബു നിഷേധിച്ചു. 2018 മുതല്‍ താനുമായി പരിചയമുണ്ടെന്ന് നടി തന്നെ പറഞ്ഞിട്ടുണ്ട്. ഏപ്രില്‍ 12ന് തന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്‌ളിനിക്കില്‍ പരാതിക്കാരി എത്തി. ഭാര്യയുമായി സംസാരിച്ചതിന്റെ സിസിടിവി ദ്യശ്യങ്ങളുണ്ട്.
പീഡനം നടന്നെന്ന് പറയുന്ന തീയതിക്ക് ശേഷമാണ് ഇത്. പുതിയ ചിത്രത്തിലെ നായികയോട് നടി ദേഷ്യപെട്ടുവെന്നും വിജയ് ബാബു കോടതിയില്‍ നല്‍കിയ രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്. ദുബായ് സര്‍ക്കാര്‍ നല്‍കുന്ന ഗോള്‍ഡന്‍ വിസയ്ക്ക് വേണ്ടി പേപ്പറുകള്‍ ശരിയാക്കാനാണ് താന്‍ ദുബായിലെത്തിയത് എന്നും വിജയ് ബാബു വ്യക്തമാക്കുന്നു.
English summary; Actor Vijay Babu’s anticipatory bail application will be considered by the high court today
You may also like this video;