Site iconSite icon Janayugom Online

നടി ആക്രമിക്കപ്പെട്ട കേസ്: തുടരന്വേഷണത്തിനുള്ള സമയപരിധി അവസാനിച്ചു

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സഹോദരൻ അനൂപും സഹോദരി ഭർത്താവ് ടിഎൻ സുരാജും ചോദ്യം ചെയ്യലിന് ഹാജരാകും . ഏത് ദിവസവും ഹാജരാകാൻ തയ്യാറാണെന്ന് ഇരുവരും ക്രൈംബ്രാഞ്ചിനെ അറിയിച്ചു. സ്ഥലത്തില്ലാതിരുന്നതിനാലാണ് നോട്ടീസ് കൈപ്പറ്റാൻ കഴിയാതിരുന്നതെന്നാണ് ഇരുവരുടെയും വിശദീകരണം.

ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിനുള്ള സമയപരിധി അവസാനിച്ചു. കേസിലെ സാക്ഷിയായ നടി കാവ്യ മാധവന്റെ മൊഴിയെടുക്കുന്നത് അടക്കമുള്ള സുപ്രധാന നടപടികൾ ശേഷിക്കേയാണ് അന്വേഷണത്തിനുള്ള സമയം അവസാനിച്ച ഈ മാസം 15നു മുൻപായി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് ക്രൈം ബ്രാഞ്ചിനോടു ഹൈക്കോടതി നിർദേശിച്ചിരുന്നത്.

അതേസമയം, മൂന്ന് മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം ഏതാനും ദിവസം മുൻപ് കോടതിയെ സമീപിച്ചിരുന്നു. അടുത്തയാഴ്ച ഈ ഹർജി കോടതി പരിഗണിച്ചേക്കും. പുതുതായി ലഭിച്ച തെളിവുകളുടെയും വെളിപ്പെടുത്തലുകളെയും അടിസ്ഥാനത്തിൽ നടി കാവ്യാ മാധവനെ ചോദ്യം ചെയ്യാനുണ്ടെന്നും നിരവധി പേരുടെ മൊഴിയെടുക്കാനുണ്ടെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുക. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം തേടും.

ഈ സാഹചര്യത്തിൽ അന്വേഷണ പുരോഗതി റിപ്പോർട്ടും ഇനി ശേഷിക്കുന്ന നടപടികളുടെ പട്ടികയും അന്വേഷണസംഘം കോടതിയിൽ സമർപ്പിക്കും. പ്രതികൾക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനും കുറ്റപത്രം പഴുതടച്ചതാക്കാനുമാണ് അന്വേഷണസംഘത്തിൻ്റെ ശ്രമം. കേസിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നു കരുതുന്ന നടൻ ദിലീപിൻ്റെ ജാമ്യം റദ്ദാക്കാനും അന്വേഷണസംഘം കോടതിയോടു ആവശ്യപ്പെട്ടിട്ടുണ്ട്. തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് അപേക്ഷ.

അതേസമയം, കേസിലെ സാക്ഷികളിൽ ഒരാളായ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതാണ് അന്വേഷണസംഘത്തിനു മുന്നിലുള്ള കടമ്പ. ഗൂഢാലോചനയിൽ കാവ്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ചില ശബ്ദരേഖകളും ക്രൈം ബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്. ചെന്നൈയിലായിരുന്ന കാവ്യയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നെങ്കിലും അവർ ആലുവയിലെ വീട്ടിൽ തിരിച്ചെത്തിയിട്ടും ഇതുവരെ ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ല. ആലുവയിലെ പൊലീസ് ക്ലബിൽ എത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും ആലുവയിലെ വീട്ടിലെത്തി ചോദ്യം ചെയ്യണമെന്നുമാണ് കാവ്യയുടെ ആവശ്യം.

എന്നാൽ ചില ദൃശ്യങ്ങൾ പ്രദർശിപ്പിച്ചും ശബ്ദശകലങ്ങൾ കേൾപ്പിച്ചുമാണ് ചോദ്യം ചെയ്യൽ നടത്തുന്നത്. ദിലീപും കുടുംബവും താമസിക്കുന്ന പത്മസരോവരം വീട് ഇതിനു പറ്റിയ ഇടമല്ലെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പമായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക. ആലുവയിലെ വീട്ടിലെത്താൻ ബുദ്ധിമുട്ടുണ്ടെന്ന് ബാലചന്ദ്ര കുമാറും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പകരം സാധ്യതകൾ തേടാൻ അന്വേഷണസംഘം തീരുമാനിച്ചു.

Eng­lish summary;Actress assault case: Time lim­it for fur­ther inves­ti­ga­tion expires

You may also like this video;

Exit mobile version