Site icon Janayugom Online

അഭിനയത്തില്‍ ചുവടുറപ്പിച്ച് അവന്തിക സന്തോഷ്

avanthika

അഭിനയവും അംഗീകാരവുമായി കലാരംഗത്ത് അവന്തിക സന്തോഷ് സജീവമാകുന്നു. സിനിമയിലും സീരിയലിലും ഷോർട്ട് ഫിലിമിലും വീഡിയോ ആൽബത്തിലും അവന്തിക അഭിനയ വൈഭവം തെളിയിച്ചിട്ടുണ്ട്.
ഭരതനാട്യം നർത്തകിയും ഗായികയും കൂടിയാണ് ഈ യുവകലാകാരി. 2022 ൽ സാജിർ സദാഫ് സംവിധാനം ചെയ്ത കോശിച്ചായന്റെ പറമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാരംഗത്ത് അരങ്ങേറ്റം. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനിയാണ് അവന്തിക. സന്തോഷ്, സുജ ദമ്പതികളുടെ മകൾ. അഭിനവ് സന്തോഷ് ആണ് സഹോദരൻ. 

ദുബായ് ന്യൂ ഇന്ത്യൻ സ്കൂളിലും വാമനപുരം ശാലിനി ഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലും പോത്തൻകോട് ശാന്തിഗിരി വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂളിലുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പിരപ്പൻകോടുള്ള തിരുവനന്തപുരം യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിനിയാണ് അവന്തിക.
2021 മുതലായിരുന്നു അവന്തിക ചലച്ചിത്ര മേഖലയിൽ സജീവമായത്. 2021ൽ ലോലിപോപ്പ് എന്ന പ്രീമിയർ പത്മിനി സീരീസിൽ ബിജുക്കുട്ടന്റെ സഹോദരിയായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു അഭിനയരംഗത്ത് എത്തിയത്. അനാമിക, മറ്റൊരാൾ, യോദ്ധാവ് എന്നീ ഷോർട്ട് ഫിലിമുകളിലും അഴലുകൾ ഇല്ലാത്ത അനുരാഗമാണ് നീ എന്ന ആൽബത്തിലും അഭിനയിച്ചു. 

2022ൽ സീ കേരളം സംപ്രേഷണം ചെയ്ത ചെമ്പരത്തി എന്ന സീരിയലിൽ മഞ്ജുഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. സൂര്യ ടിവി സംപ്രേഷണം ചെയ്ത കാണാ കൺമണി എന്ന സീരിയലിലും അഭിനയിച്ചു. 2022 സെപ്റ്റംബർ 23ലായിരുന്നു അവന്തികയുടെ ആദ്യ ചിത്രമായ കോശിച്ചായന്റെ പറമ്പ് തീയറ്ററുകളിൽ എത്തിയത്. ജാഫർ ഇടുക്കിയുടെ മകളായി അശ്വതി എന്ന കഥാപാത്രത്തെയാണ് അവന്തിക ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ഇപ്പോൾ പുതിയ സിനിമകളിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് അവന്തിക സന്തോഷ്. പുതുമുഖത്തിനുള്ള 2022 ലെ സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ പുരസ്കാരം, ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും അവന്തികയെ തേടി എത്തിയിട്ടുണ്ട്. 

You may also like this video

Exit mobile version