Site iconSite icon Janayugom Online

മലയാളത്തിനെക്കാള്‍ കൂടുതല്‍ അവസരം തമിഴ് സിനിമകളില്‍: മനസ് തുറന്ന് ശിവദ

sivadasivada

ആദ്യചിത്രം:

ലിവിംഗ് ടുഗദറായിരുന്നു എന്റെ ആദ്യ ചിത്രം. അതിനു മുമ്പ് ലാൽജോസ് സാറിന്റെ കേരളാ കഫേയിൽ പുറം കാഴ്ചകൾ എന്ന ചിത്രത്തിൽ അഭിനയിച്ചു. അതിൽ ഒന്നുരണ്ട് സെക്കന്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ വളരെ യാദൃച്ഛികമായാണ് സിനിമയുടെ വഴിയിലേക്ക് വരുന്നത്. മലയാളത്തിലെക്കാളും കൂടുതൽ തമിഴ് സിനിമകളിലാണ് എനിക്ക് അവസരം കിട്ടിയിട്ടുള്ളത്. ഇപ്പോഴും തമിഴിൽ നിന്ന് ഒരുപാട് ഓഫറുകൾ വരുന്നുണ്ട്. തമിഴിൽ കൂടുതൽ ജീവമായതുകൊണ്ട് മലയാളത്തിൽ കാര്യമായി ഒന്നും ചെയ്യാൻ പറ്റിയില്ല. അതുകൊണ്ട് പതരും ഞാൻ മലയാളം വിട്ടു എന്നുവരെ പറഞ്ഞിട്ടുണ്ട്. പക്ഷേ അങ്ങനെയല്ല. ഞാൻ സിനിമയിൽ വളരെ സജീവമാണ്. തമിഴിൽ അവസരം ഉള്ളതുകൊണ്ട് അത് ചെയ്യുന്നു എന്നുമാത്രമേയുള്ളൂ. മലയാളത്തിൽ നിന്ന് ഓഫറുകള്‍ വരുമ്പോൾ തീർച്ചയായും അത് സ്വീകരിക്കാറുണ്ട്. 

മലയാളത്തിൽ ഞാൻ ശ്രദ്ധിക്കപ്പെട്ടത് 

മലയാളത്തിൽ ഞാൻ ശ്രദ്ധിക്കപ്പെട്ടത് സു… സു… സുധി വാത്മികത്തിലാണ്. എന്റെ കരിയറിലെ വലിയൊരു മാറ്റമായിരുന്നു ആ ചിത്രം. കല്യാണി എന്ന ചിത്രത്തിലെ പേര് പലരും എന്നെ ഇപ്പോഴും വിളിക്കാറുണ്ട്. ഞാനും വളരെയധികം ഇഷ്ടപ്പെട്ട പേരാണ് കല്ല്യാണി. ആ ചിത്രത്തിന് ശേഷം ജയസൂര്യയ്ക്കൊപ്പം ഇടി എന്ന സിനിമയിലും അഭിനയിച്ചു. രണ്ട് ചിത്രങ്ങളിലും ജയേട്ടനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. കല്യാണിയിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഇടിയിലെ ‘നിത്യ.’ ഒരുപാട് ആക്ഷൻ സീനുകൾ ആ സിനിമയിൽ ഉണ്ടായിരുന്നു. നാലഞ്ച് പേരെ ഞാൻ ഇടിച്ച് തെറിപ്പിക്കുന്ന സീനുകൾ ആ ചിത്രത്തിൽ ഉണ്ടായിരുന്നു. ആദ്യം അല്പം പേടിയുണ്ടായിരുന്നു. പിന്നെ ജയേട്ടനൊക്കെ നല്ല സപ്പോർട്ട് നല്കിയതോടെ കണ്ണുമടച്ച് അഭിനയിച്ചു. എന്തായാലും ആ ചിത്രവും പ്രേക്ഷകർ സ്വീകരിച്ചു. ഒന്ന് രണ്ട് ഇടിസീനുകളിൽ അഭിനയിച്ചപ്പോഴെ ഞാനാകെ തളർന്നുപോയി. അപ്പോൾ നമ്മുടെ ലാലേട്ടനും പൃഥ്വിരാജുമൊക്കെ ഇടി സീനുകളിൽ അഭിനയിക്കുന്നതുകണ്ട് അത്ഭുതം തോന്നുകയാണ്. തമിഴിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്തരം സീനുകളിൽ ആദ്യമായിരുന്നു. അതെല്ലാം വളരെ നന്നായി ചെയ്യാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. വീട്ടുകാരുടെയും ദൈവത്തിന്റെയും സപ്പോർട്ടുള്ളതുകൊണ്ട് ബുദ്ധിമുട്ടില്ലാതെ അഭിനയിക്കാൻ കഴിയുന്നു. 

വീട്, കുടുംബം..

അച്ഛന് ചെന്നൈയിലായിരുന്നു ജോലി. ഞാൻ ജനിച്ചതും വളർന്നതുമെല്ലാം ട്രിച്ചിയിലായിരുന്നു. പത്താംക്ലാസിന് ശേഷമാണ് കേരളത്തിലേക്ക് വന്നത്. അങ്കമാലിയിലായിരുന്നു അമ്മയുടെ വീട് കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആന്റ് ടെക്നോളജിയിലാണ് ഞാൻ പഠിച്ചത്. അവിടെനിന്ന് ഒരിക്കൽ ഊട്ടിയിൽ ടൂറ് പോയപ്പോൾ ഊട്ടിയിൽ വച്ച് കിലുക്കം കിലുകിലുക്കം എന്ന ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചാണ് ജയസൂര്യയെ ഞാൻ കാണുന്നത്. അന്ന് ജയേട്ടനോടൊപ്പം ഞങ്ങൾ കൂട്ടുകാർ ഫോട്ടോയെടുത്തു. പിന്നെ സു… സു… സുധി വാത്മീകത്തിൽ ജയേട്ടന്റെ നായികയായി ഞാൻ സിനിമയിൽ വന്നപ്പോൾ എന്റെ പഴയ കൂട്ടുകാരി ആ ഫോട്ടോ ഫെയ്സ് ബുക്കിലിട്ടു. ആയിടയ്ക്ക് അത് വലിയ ചർച്ചയായിരുന്നു. ഇങ്ങനെ സിനിമയിൽ എനിക്ക് വളരെ കുറച്ച് കാര്യങ്ങളേ ഉള്ളൂ. സുഹൃത്തുക്കളും വളരെ കുറവാണ്. നമ്മളെ തേടിവരുന്ന സിനിമകൾ നന്നായി ചെയ്യണം എന്നുമാത്രമേയുള്ളൂ. ഇപ്പോള്‍ അതിനുള്ള അവസരമുണ്ട്. കുടുംബത്തിന്റെ സപ്പോർട്ടാണ് ഏറ്റവും വലുത്. 

സ്വാധീനിച്ച നടി

ഞാൻ ഏറ്റവും അധികം ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നത് മഞ്ജു വാര്യരെയാണ്. ഒരുപക്ഷേ അവർ ചെയ്ത കഥാപാത്രങ്ങൾ എന്നെ ആകർഷിച്ചിട്ടുണ്ടാവാം. പിന്നെ ലാലേട്ടനെയും മമ്മൂക്കയേയും വലിയ ആരാധനയോടെയാണ് ഞാൻ കാണുന്നത്. 

Exit mobile version