Site iconSite icon Janayugom Online

പ്രതീക്ഷകൾ ഓരോന്നായി നേടിയെടുത്ത് വിൻസി

മിനിസ്ക്രീനിൽ കണ്ട് തുടങ്ങിയ അന്നുമുതൽ ഭാവാഭിനയം കൊണ്ട് വിസ്മയിപ്പിച്ച പെൺകുട്ടി. ബിഗ് സ്ക്രീനിലെത്തിയപ്പോൾ ഒരേസമയം സ്വഭാവ നടിയായും തമാശക്കാരിയായും പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി അവള്‍ മുന്നേറി. ജിതിൻ ഐസക് തോമസ് രചനയും സംവിധാനവും നിർവഹിച്ച രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള അവാർഡ് വിൻസിയെ തേടിയെത്തിയിരിക്കുന്നത്. സമൂഹത്തിൽ നടക്കുന്ന വ്യവസ്ഥിതികൾ ചോദ്യം ചെയ്യുന്ന പെൺകുട്ടിയായാണ് വിന്‍സി അരങ്ങുതകര്‍ത്തത്. പ്രണയകാവ്യവുമായി എത്തി പ്രേക്ഷകരെ ത്രില്ലിങ്ങിന്റെ അങ്ങേയറ്റത്ത് കൊണ്ടെത്തിക്കുന്ന ചിത്രമാണ് രേഖ.

ഒത്തിരി സന്തോഷമുണ്ട്, മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് താൻ ആഗ്രഹിച്ചിരുന്നുവെന്നും വിൻസി അലോഷ്യസ് പറഞ്ഞു. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു അവാർഡ് കിട്ടുന്നത്. രേഖ മികച്ച ചിത്രമായിട്ടും ശ്രദ്ധിക്കപ്പെടാത്തതിൽ ദുഃഖമുണ്ടായിരുന്നുവെന്നും വിന്‍സി പറഞ്ഞു. ചലച്ചിത്ര മേഖലയിലേക്ക് കൈപിടിച്ച് ഉയർത്തിയ സംവിധായകൻ ലാൽ ജോസിന് നന്ദി രേഖപ്പെടാത്താനും വിൻസി മറന്നില്ല.

പിതാവ് പി പി അലോഷ്യസിനും മാതാവ് സോണി അലോഷ്യസിനും മകൾ പഠിച്ചു ആർക്കിടെക്റ്റാകണം എന്ന് മാത്രമായിരുന്നു സ്വപ്നം. എന്നാൽ 2018ൽ മലയാളത്തിലെ ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിൽ വിന്‍സി എത്തിയതോടെ കരിയർ മാറിമറഞ്ഞു. അന്നത്തെ റിയാലിറ്റി ഷോയിൽ പ്രേക്ഷകരെ ഇത്രയധികം കയ്യിലെടുക്കാൻ സാധിച്ച ഒരു നടിയുണ്ടോ എന്ന് ചോദിച്ചാൽ മറുവാക്കില്ല. പിന്നീട് വിൻസിയെ പ്രേക്ഷകർ കണ്ടത് പരസ്യ മേഖലയിലാണ്. തുടർന്ന് ടിവി അവതാരകയായും മലയാളക്കര വിൻസി കണ്ടു.

ആദ്യ ചിത്രമായ ‘വികൃതി‘യിലെ സീനത്ത്, കനകം കാമിനി കലഹത്തിലെ റിസെപ്ഷനിസ്റ്റ്, ഭീമന്റെ വഴിയിലെ ബ്ലെസി തുടങ്ങിയ റോളുകളില്‍ വിൻസി വേറിട്ട് നിന്നു. ഇതിനിടെ ബോളിവുഡിലേക്കും ചുവട് വച്ചു. ‘ദി ഫേസ് ഓഫ് ദി ഫെയ്സ്‌ലെസ്’ എന്ന ചിത്രത്തില്‍ സിസ്റ്റർ റാണി മരിയയുടെ കഥാപാത്രത്തിന് ജീവനേകി. ജനഗണമനയിലെ വിദ്യാർത്ഥി പ്രക്ഷോഭകയും ചർച്ച ചെയ്യപ്പെട്ടു. സോളമന്റെ തേനീച്ചകൾ എന്ന ചിത്രത്തിലും പ്രകടനം ഗംഭീരമായിരുന്നു. 1744 വൈറ്റ് ആൾട്ടോ, സൗദി വെള്ളക്ക, കഴിഞ്ഞ ആഴ്ചയിൽ തിയേറ്ററിലെത്തിയ പദ്മിനി തുടങ്ങിയ ചിത്രങ്ങളിലെല്ലാം വിൻസി ശ്രദ്ധനേടി ജൈത്രയാത്ര തുടരുകയാണ്.

Eng­lish Sum­ma­ry: actress vin­cy aloshious
You may also like this video

Exit mobile version