Site icon Janayugom Online

അഡാനി: റേറ്റിങ് വെട്ടിക്കുറച്ചു

ഓഹരിവിപണിയില്‍ അഡാനി എന്റര്‍പ്രൈസസിന് വീണ്ടും തിരിച്ചടി. ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അഡാനി എന്റർപ്രൈസസ് ലിമിറ്റഡ്, അഡാനി ഗ്രീൻ എനർജി ലിമിറ്റഡ് എന്നിവയെ ഇന്ത്യ റേറ്റിങ്ങ്‌സ് നെഗറ്റീവ് വിഭാഗത്തിലേക്ക് താഴ്ത്തി. പണലഭ്യതയിലെ പൊരുത്തക്കേടുകളും ലഭ്യമായ ഫണ്ടിങ് സ്രോതസുകളുടെ അനിശ്ചിതത്വവും കണക്കിലെടുത്താണ് നടപടിയെന്ന് റേറ്റിങ് ഏജൻസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അതേസമയം വിപണിയിലെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള ശ്രമം അഡാനി ഗ്രൂപ്പ് തുടരുകയാണ്. ഇന്നലെ 500 ദശലക്ഷം ഡോളറിന്റെ വായ്പകള്‍ കൂടി തിരിച്ചടച്ചിട്ടുണ്ട്.

ഇതോടെ അഡാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നലെയും നേട്ടമുണ്ടാക്കി. കഴിഞ്ഞ ആറ്‌ ദിവസങ്ങള്‍ക്കുള്ളില്‍ അഡാനി ഗ്രൂപ്പ്‌ ഓഹരികളുടെ വിപണിമൂല്യത്തില്‍ 2.2 ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടായി. അതേസമയം അഡാനി എന്റർപ്രൈസസ് ലിമിറ്റഡും മറ്റ് രണ്ട് അഡാനി ഗ്രൂപ്പ് സ്ഥാപനങ്ങളും ഹ്രസ്വകാല അധിക നിരീക്ഷണ നടപടികളുടെ ചട്ടക്കൂടിന് കീഴിൽ വരുമെന്ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) അറിയിച്ചു. വിപണിയിലെ ചാഞ്ചാട്ടം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇവയെ എഎസ്‌എം ചട്ടക്കൂടിന് കീഴിലാക്കുന്നത്. അഡാനി പവര്‍, അഡാനി വിൽമര്‍ എന്നിവയാണ് ഹ്രസ്വകാല എഎസ്‌എം ചട്ടക്കൂടിന് കീഴിലുള്ള മറ്റ് രണ്ട് സ്ഥാപനങ്ങള്‍. അഡാനി എന്റർപ്രൈസസ് ഹ്രസ്വകാല അധിക നിരീക്ഷണത്തില്‍ നിന്നും മാറുമെന്ന് തിങ്കളാഴ്ച എൻഎസ്ഇയും ബിഎസ്ഇയും അറിയിച്ചിരുന്നു. എന്നാല്‍ വീണ്ടും കമ്പനിയെ നിരീക്ഷണ ചട്ടക്കൂടില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

Exit mobile version