Site iconSite icon Janayugom Online

അഡാനി ഓഹരിത്തട്ടിപ്പ് വിദഗ്ധ സമിതി അന്വേഷിക്കണം

adaniadani

അഡാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ വിദഗ്ധ സമിതി അന്വേഷണം നിര്‍ദേശിച്ച് സുപ്രീം കോടതി. വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണ സമിതി രൂപീകരിക്കുന്നത് പരിഗണിക്കാന്‍ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ക്ക് കോടതി നിര്‍ദേശം നല്‍കി.

അഡാനി ഗ്രൂപ്പ് ഓഹരി വിലയില്‍ കൃത്രിമം കാണിച്ചുവെന്ന യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിപ്പോര്‍ട്ടില്‍ ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി. സമിതിയില്‍ സെബിക്ക് വിപുലമായ അധികാരം നല്‍കണമെന്നും കോടതി പറഞ്ഞു.

കേന്ദ്ര ധനകാര്യ മന്ത്രാലയവുമായി ചര്‍ച്ചചെയ്ത ശേഷമാണ് നിലപാട് അറിയിക്കേണ്ടതെന്ന് സെബിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി പറഞ്ഞു. വിഷയത്തില്‍ സെബിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ വളരെ ഗൗരവമായിട്ടാണ് കാണുന്നതെന്നാണ് സെബി നല്‍കിയ മറുപടി.

അഡാനി ഗ്രൂപ്പിലെ നിക്ഷേപകർക്ക് പണം നഷ്ടമാവുന്നത് തടയാൻ എന്ത് ചെയ്യാൻ കഴിയുമെന്നും കോടികള്‍ നഷ്ടപ്പെട്ട വിഷയത്തില്‍ എന്ത് നടപടിയെടുത്തുവെന്നും കോടതി ചോദിച്ചു. ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ഡിവാല എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവില്‍ ചെറുകിട ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് പത്ത് ലക്ഷം കോടിയോളമാണ് നഷ്ടപ്പെട്ടതെന്നും ഇത്തരമൊരു വിഷയം ആവര്‍ത്തിക്കാതിരിക്കാന്‍ ഇടപെടല്‍ ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം നയപരമായ കാര്യങ്ങളിൽ ഇടപെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അത് സർക്കാരിനുള്ളതാണ് എന്നും കോടതി പറഞ്ഞു.

സര്‍ക്കാരിന് ഈ വിഷയത്തില്‍ താല്പര്യമുണ്ടെങ്കില്‍ മൊത്തത്തിലുള്ള സാഹചര്യം വിലയിരുത്തുന്നതിനും പരിശോധനയ്ക്കുമായി ഞങ്ങൾ ഒരു വിദഗ്ധ സമിതിയെ നിർദേശിച്ചിട്ടുണ്ട്. ഒരു ജഡ്ജിയെയും വിദഗ്ധരെയും സമിതിയില്‍ അംഗങ്ങളാക്കാം-ചീഫ് ജസ്റ്റിസ് പറഞ്ഞു. 1990ലെ ഇന്ത്യയുടെ അവസ്ഥയല്ല ഇപ്പോഴുള്ളത്. ഓഹരി വിപണി സമ്പന്നർക്ക് മാത്രമുള്ള ഇടമല്ല, മറിച്ച് മധ്യവർഗത്തിന്റെ വിശാലമായ മേഖല കൂടിയാണെന്ന് ബെഞ്ച് കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച നിലപാട് അറിയിക്കാനാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം.

മൂഡിസ് റേറ്റിങ് താഴ്ത്തി; നാല് അഡാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് തിരിച്ചടി

അഡാനി ഗ്രൂപ്പിനു കീഴിലുള്ള നാല് കമ്പനികളുടെ റേറ്റിങ് കുറച്ച് മൂഡീസ് ഇന്‍വെസ്റ്റര്‍ സര്‍വീസ്. അഡാനി ഗ്രീന്‍ എനര്‍ജി, അഡാനി ഗ്രീന്‍ എനര്‍ജി റെസ്ട്രിക്ടറ്റഡ് ഗ്രൂപ്പ്, അഡാനി ട്രാന്‍സ്മിഷന്‍ സ്റ്റെപ് വണ്‍, അഡാനി ഇലക്ട്രിസിറ്റി മുംബൈ എന്നിവയെ ആണ് സ്ഥിരതയിൽ നിന്ന് നെഗറ്റീവ് വിഭാഗത്തിലേക്ക് താഴ്ത്തിയത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഓഹരികളിലുണ്ടായ മൂല്യത്തകര്‍ച്ചയാണ് നടപടിക്ക് കാരണമായത്.
ഓഹരി സൂചികകളില്‍ അഡാനി കമ്പനികള്‍ക്കുള്ള സ്ഥാനവും അവയുടെ യോഗ്യതയും പുനരവലോകനം ചെയ്യുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി കാപ്പിറ്റല്‍ ഇന്റര്‍നാഷണല്‍ (എംഎസ്‌സിഐ) സും കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

Eng­lish Summary;Adani stock scam should be probed by expert panel

You may also like this video

Exit mobile version