Site iconSite icon Janayugom Online

അഫ്ഗാന്‍ ചരിതം; മികച്ച പുരുഷ ഏകദിന താരമായി അസ്മതുല്ല ഒമര്‍സായ്

ഐസിസിയുടെ 2024ലെ മികച്ച പുരുഷ ഏകദിന താരമായി അഫ്ഗാനിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ അസ്മതുല്ല ഒമര്‍സായ് തെരഞ്ഞെടുക്കപ്പെട്ടു. നേട്ടം സ്വന്തമാക്കുന്ന ആദ്യ അഫ്ഗാന്‍ താരമായും അസ്മതുല്ല മാറി. 2020ല്‍ റാഷിദ് ഖാന്‍ മികച്ച ടി20 താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏകദിനത്തില്‍ ഇതാദ്യമായാണ് ഒരു അഫ്ഗാന്‍ താരം തെരഞ്ഞെടുക്കപ്പെടുന്നത്. ഐസിസിയുടെ ഏകദിന ടീമിലും അസ്മതുല്ലയുണ്ട്. താരമടക്കം മൂന്ന് അഫ്ഗാന്‍ താരങ്ങളാണ് ടീമിലുള്ളത്. ഒറ്റ ഇന്ത്യന്‍ താരവും ടീമില്‍ ഇടം പിടിച്ചില്ല.

2024ല്‍ ബാറ്റിങിലും ബൗളിങിലും 24കാരന്‍ തിളങ്ങി. 14 കളികളില്‍ നിന്നു 417 റണ്‍സും 17 വിക്കറ്റുകളും താരം നേടി. ഒരു സെഞ്ചുറിയും 3 അര്‍ധ സെഞ്ചുറികളും ഇതിലുണ്ട്. നാല് വിക്കറ്റ് നേട്ടം രണ്ട് തവണയും താരം ഏകദിനത്തില്‍ കഴിഞ്ഞ വര്‍ഷം സ്വന്തമാക്കി. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, അയര്‍ലന്‍ഡ്, സിംബാബ്‌വെ ടീമുകള്‍ക്കെതിരെയാണ് അവരുടെ വിജയം. ശ്രീലങ്കക്കെതിരെ 149 റണ്‍സും ദക്ഷിണാഫ്രിക്കക്കെതിരെ 80 പന്തില്‍ 86 റണ്‍സെടുത്തതുമാണ് 2024ലെ താരത്തിന്റെ മികച്ച ബാറ്റിങ് പ്രകടനങ്ങള്‍. ഐസിസി പുരുഷ ഏകദിന ടീം: ചരിത അസലങ്ക (ക്യാപ്റ്റന്‍), സയം ആയൂബ്, റഹ്മാനുല്ല ഗുര്‍ബാസ്, പതും നിസ്സങ്ക, കുശാല്‍ മെന്‍ഡിസ്, ഷെര്‍ഫന്‍ റുതര്‍ഫോര്‍ഡ്, അസ്മതുല്ല ഒമര്‍സായ്, വാനിന്ദു ഹസരങ്ക, ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്, അല്ല ഗസ്‌നഫര്‍.

Exit mobile version