Site iconSite icon Janayugom Online

1338 ദിവസങ്ങള്‍ക്കുശേഷം തലപൊക്കി പാകിസ്ഥാന്‍

ആവേശകരമായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തോല്പിച്ച് പാകിസ്ഥാന്‍. 152 റണ്‍സിനാണ് ആതിഥേയരുടെ ജയം. ഇതോടെ മൂന്ന് മത്സര പരമ്പര 1–1ന് സമനിലയിലാണ്. 1338 ദിവസങ്ങള്‍ക്കുശേഷം സ്വന്തം മണ്ണില്‍ പാകിസ്ഥാന്‍ ടെസ്റ്റ് വിജയം ആഘോഷിച്ചു. 2021ല്‍ ദക്ഷിണാഫ്രിക്ക പര്യടനത്തിനെത്തിയപ്പോഴാണ് പാകിസ്ഥാന്‍ അവസാനമായി സ്വന്തം മണ്ണില്‍ ടെസ്റ്റ് മത്സരം വിജയിച്ചത്. തുടര്‍ച്ചയായ ആറ് ടെസ്റ്റ് തോല്‍വികള്‍ക്ക് ശേഷം ക്യാപ്റ്റന്‍ ഷാന്‍ മസൂദിനുള്ള ആശ്വാസ ജയം കൂടിയായിരുന്നു ഇത്. കഴിഞ്ഞ 11 ഹോം ടെസ്റ്റില്‍ ഏഴിലും പാകിസ്ഥാന്‍ പരാജയമറിഞ്ഞിരുന്നു.

297 റണ്‍സിന്റെ വിജയലക്ഷ്യമായിറങ്ങിയ ഇംഗ്ലണ്ട് 144 റണ്‍സില്‍ ഓള്‍ഔട്ടായി. 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സാണ് ടോപ് സ്കോറര്‍. പാകിസ്ഥാനായി നൊമന്‍ അലി എട്ട് വിക്കറ്റുകള്‍ നേടി. സാജിദ് ഖാന്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിയ ബെന്‍ ഡക്കറ്റ് പൂജ്യത്തില്‍ പുറത്തായിരുന്നു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് ഇന്നലെ ബാറ്റിങ് ആരംഭിച്ചത്. ഒരു റണ്‍സ് മാത്രം സ്കോര്‍ ബോര്‍ഡിലെത്തിയപ്പോഴേക്കും ഒലി പോപ്പിനെ നഷ്ടമായി. 22 റണ്‍സെടുത്താണ് താരം മടങ്ങിയത്. സ്കോര്‍ 50 കടന്നും ജോ റൂട്ടും പുറത്തായത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. 18 റണ്‍സെടുത്താണ് താരം മടങ്ങിയത്. കൃത്യമായ ഇടവേളകളി‍ല്‍ പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെ വീഴ്ത്തിക്കൊണ്ടിരുന്നു. ഹാരി ബ്രൂക്ക് (16), ബ്രൈഡണ്‍ കാഴ്സ് (27) എന്നിവരാണ് പിന്നീട് രണ്ടക്കം കണ്ടത്. 

പാകിസ്ഥാന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 366ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 291 റണ്‍സിന് ഓള്‍ഔട്ടായി. 114 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് കരകയറിയത്. ജാക്ക് ലീഷ് വാലറ്റത്തില്‍ 25 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴ് വിക്കറ്റുമായി സാജിദ് ഖാനാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. നോമന്‍ അലി മൂന്ന് വിക്കറ്റ് നേടി. 75 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ പാകിസ്ഥാനെ ഇംഗ്ലണ്ട് 221 റണ്‍സിന് എറിഞ്ഞിട്ടു. ഇതോടെ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 297 റണ്‍സായി. 24നാണ് പരമ്പരയിലെ അവസാന ടെസ്റ്റ്.

Exit mobile version