Site iconSite icon Janayugom Online

ഗോവയ്ക്ക് പിന്നാലെ ധാക്ക ചലച്ചിത്രമേളയിലേക്കും ‘തുടരും’ എത്തുന്നു

ധാക്ക അന്താരാഷ്ട്രാ ചലച്ചിത്രമേളയിലേക്ക് പ്രദര്‍ശനത്തിനൊരുങ്ങി മോഹന്‍ലാല്‍— തരുണ്‍ മൂര്‍ത്തി ചിത്രം‘തുടരും’. ചിത്രം മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതായി അണിയറപ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു. നേരത്തെ ഗോവയില്‍ നടക്കുന്ന 56-ാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (ഐഎഫ്എഫ്‌ഐ)യിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബംഗ്ലാദേശിലെ ധാക്കയില്‍ അടുത്ത വര്‍ഷം ജനുവരി 10 മുതല്‍ 18 വരെയാണ് ചലച്ചിത്രമേള നടക്കുക. 

ഗോവ ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കുന്ന രണ്ട് മലയാളം ചിത്രങ്ങളില്‍ ഒന്നാണ് ‘തുടരും’. ആസിഫ് അലിയുടെ‘സര്‍ക്കീട്ട്’ ആണ് മറ്റൊന്ന്‌. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് ‘തുടരും’. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിച്ചത്.

Exit mobile version