Site iconSite icon Janayugom Online

ജാതിയില്‍ തകരുന്ന എഐഎഡിഎംകെ

2026ൽ കേരളത്തോടൊപ്പമാണ് തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പ് നടക്കുക. ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഈറ്റില്ലത്തിൽ ഡിഎംകെ അജയ്യ ശക്തിയായി തുടരുമ്പോഴാണ് ടിവികെ എന്ന ആശയരഹിത പാർട്ടിയുമായി നടൻ വിജയ് രംഗത്തെത്തിയത്. കരൂർ ദുരന്തത്തിൽ മരിച്ച മനുഷ്യരോടൊപ്പം അയാളുടെ പാർട്ടിയും മരിച്ചു എന്നു പറയുന്നതാകും ശരി. തമിഴ് മനമറിഞ്ഞു കളിക്കാൻ അറിയുന്ന സ്റ്റാലിൻ കൃത്യമായ കരുനീക്കത്തിലൂടെ വിജയ് എന്ന താരരാജാവിനെ രാഷ്ട്രീയ പാമരനാക്കി. വിജയ്‌യെ കൂടെക്കൂട്ടാൻ നടന്ന ബിജെപിയും വെട്ടിലാകുന്ന കാഴ്ച നാം കണ്ടു. തമിഴ് രാഷ്ട്രീയത്തിൽ ഹിന്ദുത്വം വിൽക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ബിജെപി, എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയത് ആ രണ്ടു പാർട്ടികളുടെയും ഗതികേട് കൊണ്ടാണ്. എടപ്പാടി പളനിസ്വാമിയെന്ന 10 തെരഞ്ഞെടുപ്പുകൾ തുടർച്ചയായി തോറ്റ നേതാവിന്റെ ചുമലിലേറി തമിഴകത്ത് വേരൂന്നാനുള്ള നീക്കങ്ങൾ ബിജെപി നടത്തിയത് രാഷ്ട്രീയത്തിനുപരി തങ്ങളുടെ ചങ്ങാത്തമുതലാളിമാരുടെ തമിഴ്‌നാട് താല്പര്യങ്ങൾ സംരക്ഷിക്കാനാണ്. ഇഡിയെയും തമിഴ്‌നാട് ഗവർണർ രവിയെയും ഉപയോഗിച്ച് തമിഴ്‌നാട്ടിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ കഴിയില്ലെന്ന് ബിജെപി ബുദ്ധികേന്ദ്രങ്ങൾ മനസിലാക്കിയിട്ട് കുറച്ചുനാളായി. ഇഡി തമിഴകത്ത് കാണിച്ച നെറിയില്ലായ്മ സുപ്രീം കോടതി പൊളിച്ചടുക്കുക കൂടി ചെയ്തപ്പോൾ തകർന്നത് ബിജെപിയുടെ തമിഴ് മോഹങ്ങളാണ്. തമിഴിന്റെ ദൈവമായ മുരുകന്റെ വേലുമായി യാത്ര നടത്തി പൊളിഞ്ഞ അണ്ണാമലൈ എന്ന പഴയ നേതാവിനെ തമിഴ് ജനത മറന്നു കഴിഞ്ഞിരിക്കുന്നു. ഈ രാഷ്ട്രീയ പരിസരത്ത് നിന്നുകൊണ്ടാണ് തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെയുടെ ഇന്നത്തെ അവസ്ഥ പരിശോധിക്കേണ്ടത്.

1972 ഒക്ടോബർ 17ന് ഡിഎംകെയെ പിളർത്തി എം ജി രാമചന്ദ്രൻ (എംജിആര്‍) എന്ന പാലക്കാട്ടുകാരൻ എഐഎഡിഎംകെയ്ക്ക് രൂപം കൊടുത്തപ്പോൾ അതിന് ഇന്നത്തെ സ്ഥിതി വരുമെന്ന് രാഷ്ട്രീയ ശത്രുക്കൾ പോലും കരുതിയിരുന്നില്ല. സിനിമാ ഡയലോഗുകളിലൂടെ ജനമനസുകളിലേക്ക് കുടിയേറിയ എംജിആറിനും അതിനുശേഷം തലയെടുപ്പോടെ ആ പ്രസ്ഥാനത്തെ നയിച്ച ജയലളിതയ്ക്കും തമിഴ് മണ്ണിലുണ്ടായിരുന്ന സ്ഥാനം എടപ്പാടി പളനിസ്വാമിക്ക് ഇല്ലാതെ പോയത് എന്തുകൊണ്ടാണ്? ഈ ചോദ്യമാണ് എഐഎഡിഎംകെ വൃത്തങ്ങൾ തന്നെ ഇപ്പോൾ ഉന്നയിക്കുന്നത്. ഉത്തരം വളരെ ലളിതമാണ്. ദ്രാവിഡരാഷ്ട്രീയത്തിൽ നിന്നും എടപ്പാടി പളനിസ്വാമി എ ത്തിച്ചേർന്നത് ജാതി രാഷ്ട്രീയത്തിലേക്കാണ്. സ്വന്തം നിലനില്പിന് വേണ്ടിയും പനീർശെൽവം, ശശികല, ദിനകരൻ തുടങ്ങിയവർ ഉയർത്തുന്ന വെല്ലുവിളികള്‍ നേരിടാനും പളനിസ്വാമി കണ്ടെത്തിയ കുറുക്കുവഴിയായിരുന്നു ജാതിരാഷ്ട്രീയം. തന്റെ ജാതിയായ വെള്ളാളർ ഗൗണ്ടർ സമുദായത്തിന്റെ തോളിലേറി സ്വയം രക്ഷപ്പെടാനാണ് ശ്രമിച്ചതും ശ്രമിക്കുന്നതും. തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിലും വടക്കൻ ജില്ലകളിലും എഐഎഡിഎംകെയുടെ വേരിളക്കിയത് എടപ്പാടി കളിച്ച ഗൗണ്ടർ കളിയാണ്. ജയലളിതയോ എംജിആറോ ഈ വൃത്തികെട്ട രാഷ്ട്രീയം കളിച്ചിരുന്നില്ല എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. 2001ലെ തെരഞ്ഞെടുപ്പിൽ സേലം ജില്ലയിലെ സംഗഗിരി നിയോജകമണ്ഡലത്തിൽ പി ധനപാൽ എന്ന ദളിത് സ്ഥാനാർത്ഥിയെയാണ് ജയലളിത മത്സരിപ്പിച്ചത്. കൊങ്കു വെള്ളാർ സമുദായത്തിന് വലിയ സ്വാധീനമുള്ള ഈ മണ്ഡലത്തിൽ ജയലളിത ധനപാലിനെ വിജയിപ്പിച്ചെടുത്തു. ഗൗണ്ടർ സമുദായത്തിൽപ്പെട്ട ഐഎഡിഎംകെയുടെ നേതാക്കൾ ധനപാലിനോടൊപ്പം ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച കാലമായിരുന്നു അത്. ആ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ തിരിച്ചെത്തിയ ജയലളിത ധനപാലിനെ സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയാക്കി. പിന്നീട് നിയമസഭാ സ്പീക്കറും. എഐഎഡിഎംകെ എന്ന ദുര്‍ബലമായ ദ്രവീഡിയൻ ഗ്രൂപ്പ് ജാതിയ്ക്കപ്പുറം ചില ഗുണങ്ങൾ കാണിച്ചിരുന്നു എന്നതിന്റെ തെളിവാണിത്.

ഇത് മനസിലാകാതെ പോയതാണ് എടപ്പാടി എന്ന രാഷ്ട്രീയ ഭിക്ഷാംദേഹിയുടെ പ്രശ്നം. തമിഴ്‌നാട് പോലൊരു വലിയ സംസ്ഥാനത്തെ ജനസംഖ്യാനുപാതിക കണക്ക് എടപ്പാടി കണ്ടിട്ടില്ല. അദ്ദേഹം ജാതി കാർഡിറക്കി കളിച്ച കൊങ്കുനാട്ടിൽ സെന്തിൽ ബാലാജിയെ വച്ച് സ്റ്റാലിൻ നടത്തിയ പടയോട്ടത്തിൽ ഡിഎംകെ കാതങ്ങൾ മുന്നോട്ടുപോയി. കൊങ്കു — വെള്ളാള ഗൗണ്ടർ കാർഡിറക്കി എടപ്പാടി കളിച്ച കളിയിൽ തോറ്റത് എഐഎഡിഎംകെ മാത്രമായിരുന്നു. സംഘടനാ പടവുകളിൽ തന്റെ സ്വന്തം ജാതിക്കാരെ മാത്രം തിരുകിക്കയറ്റിയപ്പോൾ മറ്റു ജാതിക്കാർ മൗനം പൂണ്ടത് അവരുടെ ബലഹീനതയായിരുന്നില്ല. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പുതുച്ചേരി ഉൾപ്പടെ 40 ലോക്‌സഭാ മണ്ഡലങ്ങളിലും എഐഎഡിഎംകെ മുന്നണി തോറ്റു തുന്നംപാടി. ദക്ഷിണ ചെന്നെെ, തേനി, കന്യാകുമാരി, തൂത്തുക്കുടി, വെല്ലൂർ, പുതുച്ചേരി, തിരുനെൽവേലി തുടങ്ങിയ പാർലമെന്റ് മണ്ഡലങ്ങളിൽ മുന്നണിക്ക് കെട്ടിവച്ച കാശ് പോയി. 2014ൽ ജയലളിത നേടിയ 44.92 ശതമാനത്തില്‍ നിന്ന് 20.46% ആയി വോട്ടുകൾ ചോർന്നു. മുന്നണി നേതാക്കൾ ആഹ്വാനം ചെയ്തെങ്കിലും അണികൾ വോട്ടു ചെയ്തില്ല. അവരുടെ വോട്ടുകൾ ഡിഎംകെയ്ക്ക് മാത്രമല്ല ലഭിച്ചത്, തമിഴ് രാഷ്ട്രീയത്തിലെ നവപ്രസ്ഥാനങ്ങളിലേക്കും പോയി. ചെറിയ കക്ഷികൾ നിർണായക ശക്തികളായി മാറി. തേവർ, മുക്കളുത്തൂർ, നാടാർ, മറ്റ് ദളിത് വിഭാഗങ്ങൾ തുടങ്ങിയ എഐഎഡിഎംകെയുടെ പരമ്പരാഗത വോട്ട് ബാങ്ക് അവരിൽ നിന്നും അകന്നു. ഇവർ പൂർണമായും ജാതീയമായ കള്ളികളിലായി. ജയലളിത ഭരിച്ചിരുന്നപ്പോൾ ഈ വിഭാഗങ്ങൾക്കെല്ലാം മന്ത്രിസഭയില്‍ മാന്യമായ സ്ഥാനങ്ങൾ നൽകിയാണ് കൂടെനിര്‍ത്തിയിരുന്നത്. എടപ്പാടി പളനിസ്വാമി നേതൃത്വത്തിലേക്ക് വരുന്നതിന് മുമ്പ് എഐഎഡിഎംകെയുടെ ശക്തികേന്ദ്രമായിരുന്നു കോയമ്പത്തൂർ, ഈറോഡ്, സേലം, നാമക്കൽ, കരൂർ, തിരുപ്പൂർ ജില്ലകൾ ഉൾപ്പെടുന്ന കൊങ്കുനാട്. ഇന്നിവിടമെല്ലാം ഡിഎംകെ ശക്തികേന്ദ്രങ്ങളായി മാറി. എടപ്പാടിയുടെ ഗൗണ്ടർ സമുദായത്തിന് ഭൂരിപക്ഷമുള്ള ഈ പ്രദേശത്ത് നിന്നും എ ഐഎഡിഎംകെ തുടച്ചുനീക്കപ്പെട്ടപ്പോൾ വെളിവായത് ജനങ്ങൾ ജാതിരാഷ്ട്രീയത്തിന് അതീതരാണ് എന്നാണ്.

തമിഴ്‌നാടിന്റെ വ്യവസായ കേന്ദ്രങ്ങളാണ് ഇവിടം. എഐഎഡിഎംകെയുടെ മുൻ എംപിയും എംജിആർ — ജയലളിത ദ്വയത്തിന്റെ ശക്തനായ വക്താവുമായിരുന്ന കെ സി പളനിസാമി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ. “ഞാനും ഗൗണ്ടർ സമുദായത്തിൽ നിന്നുള്ള ആളാണ്. പക്ഷേ ഇത്രയും മോശമായ രീതിയിൽ ജാതിരാഷ്ട്രീയം കളിക്കാൻ എനിക്കോ ഈ മേഖലയിലെ മറ്റുള്ളവർക്കോ കഴിയില്ല. ഞങ്ങളുടെ പാർട്ടി ഉയർത്തിപ്പിടിച്ചിരുന്ന എല്ലാ മൂല്യങ്ങളും ഈ നേതൃത്വം ഇല്ലാതാക്കി. മറ്റു സമുദായങ്ങൾ പാർട്ടിയിൽ നിന്ന് അകന്നു. ജാതി അടിസ്ഥാനത്തിൽ പാർട്ടി നയം തീരുമാനിക്കുന്ന പതിവ് മുമ്പില്ലായിരുന്നു. ജയലളിതയുടെ കാലത്തുപോലും മെറിറ്റ് നോക്കിയായിരുന്നു സ്ഥാനമാനങ്ങൾ നൽകിയിരുന്നത്. ഇപ്പോ ൾ എല്ലാം കളഞ്ഞു കുളിച്ചു.” ഈ പശ്ചാത്തലത്തിലാണ് ഡിഎംകെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ മർമ്മമറിഞ്ഞു കളിച്ചത്. ഇപ്പോൾ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഹിന്ദി വിരുദ്ധ ബിൽ അവതരിപ്പിക്കാൻ അവർ തയ്യാറെടുക്കുകയാണ്. ഈ ബില്ലിനെ നിയമസഭയിൽ എതിർത്താൽ എഐഎഡിഎംകെ തമിഴ് രാഷ്ട്രീയത്തിൽ തികച്ചും ഒറ്റപ്പെടും. എതിർക്കാതിരുന്നാൽ തമിഴ്‌നാട്ടിലെ എൻഡിഎ മുന്നണി തകരും. ബിജെപിയുടെ ഹിന്ദു — ഹിന്ദി — ഹിന്ദുസ്ഥാൻ അജണ്ടയെ എല്ലാക്കാലത്തും തമിഴ്‌നാട് പുറത്തുനിര്‍ത്തിയിട്ടേയുള്ളൂ. തമിഴ്‌നാട്ടിലെ ബിജെപി നേതാക്കൾ പോലും ഹിന്ദി വിരുദ്ധരാണ്. അവർക്ക് അങ്ങനെയാകാനേ സാധിക്കൂ. ഇത്തരത്തിലാണ് കാര്യങ്ങളുടെ പോക്കെങ്കിൽ 2026 തെരഞ്ഞെടുപ്പോടെ തമിഴകത്ത് നിന്നും എഐഎഡിഎംകെ ഇല്ലാതാകും. ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കണമെങ്കിൽ അതിന് കെല്പുള്ള നേതാക്കൾ വേണം. ഇവിടെ അതില്ല എന്നതാണ് ശരിയായ പ്രശ്നം.

Exit mobile version