Site iconSite icon Janayugom Online

ഗുജറാത്ത് തോല്‍വിയും ഹിമാചല്‍ വിജയവും; കോണ്‍ഗ്രസ് പ്ലീനം ഖാര്‍ഗെ നിര്‍ണായകമാക്കുമോ

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി ഇനിയും ഒട്ടുംനഷ്ടപ്പെട്ടിട്ടില്ല. അത് ബോധ്യമാകാത്തത് ഇന്ന് കോണ്‍ഗ്രസിന്റെ നേക്കള്‍ക്ക് മാത്രമാണ്. ഒന്നിനുപിറകെ ഒന്നായി തോല്‍വികള്‍ മാത്രം. അതിനിടയില്‍ ലോകതോല്‍വിയായി കോണ്‍ഗ്രസിലെ സൂപ്പര്‍ താരം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും. ഡല്‍ഹി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പട്ടടയിലമര്‍ന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനെ മാത്രമല്ല, അവരെ സ്നേഹിക്കുന്നവരെയാകെ അമ്പരപ്പിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ രീതികളനുസരിച്ച് ഒരു രണ്ടാം ബിജെപി എന്ന് കരുതാവുന്ന ആംആദ്മിയാണ് രണ്ടിടത്തും കോണ്‍ഗ്രസിന് വെല്ലുവിളിയെന്നോര്‍ക്കണം.

ഡല്‍ഹിയില്‍ ബിജെപിക്ക് ആംആദ്മി ബദലാണ്. അവിടെ കോണ്‍ഗ്രസിന്റെ പ്രകടനം അമ്പേ മോശം. ബിജെപിക്ക് തിരിച്ചടി ഉണ്ടായെന്ന കേവല രാഷ്ട്രീയ ആശ്വാസമല്ല കോണ്‍ഗ്രസില്‍ ഉണ്ടാവേണ്ടത്. മതേതര കാഴ്ചപ്പാടോടെ രാജ്യത്തെ നയിക്കാനുള്ള ശക്തി വീണ്ടെടുക്കലിലേക്കാണ് കോണ്‍ഗ്രസ് തിരിച്ചുപോകേണ്ടത്. ഹിമാചല്‍പ്രദേശ് വലിയ പ്രതീക്ഷയാണ്. ബിജെപിയുടെ നോട്ടുകെട്ടുകളും റിസോര്‍ട്ടുകളും മാത്രമാണ് അവിടെ ഒരാശങ്ക. അധികാരക്കൊതിയില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും തള്ളിപ്പറഞ്ഞ് വിമതരായി മത്സരിച്ച നിരവധി പേരുണ്ട്. അതില്‍ മൂന്ന് ബിജെപി നേതാക്കളും ഒരു കോണ്‍ഗ്രസ് നേതാവും ജയത്തോടടുത്താണ്. ഇവര്‍ പണം വിഴുങ്ങിയാല്‍ ബിജെപിക്ക് ഹിമാചലില്‍ അധികാരം നിലനിര്‍ത്താം. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പക്ഷത്തുനിന്ന് ജയിച്ചവരിലും പണത്തെയും അധികാരത്തെയും നോട്ടമിടുന്നവരുണ്ട്.

ബിജെപിയുടെ വിമതര്‍ മൂന്നുപേരും ഹിമാചലില്‍ തിരിച്ച് പാര്‍ട്ടിക്കൊപ്പം നിലനില്‍ക്കുമെന്നാണ് സൂചന. അതിനായി അവരുടെ വിശ്വസ്തനേതാവും മുന്‍ മുഖ്യമന്ത്രിയുമായ പ്രേംസിങ് ധുമാലിനെ ബിജെപി രംഗത്തിറക്കിക്കഴി‍ഞ്ഞു. പാര്‍ട്ടി ദേശീയ അധ്യക്ഷന്റെ നാടെന്ന പ്രത്യേകത ഹിമാചലിനുണ്ട്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ ബിജെപിക്ക് 44 സീറ്റും കോണ്‍ഗ്രസിന് 21 സീറ്റുമായിരുന്നു. അവിടെ അധികാരം നിലനിര്‍ത്താന്‍ ബിജെപി എന്തും ചെയ്യുന്നമെന്ന് പ്രതീക്ഷിക്കേണ്ടിവരും.

കോണ്‍ഗ്രസിന് തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റേണ്ട ഗതികേട് ഉണ്ട്. ദേശീയ നേതാക്കളടക്കം ഇതിനകം ഹിമാചലിലേക്ക് യാത്രതിരിച്ചുകഴിഞ്ഞു. എന്തുവന്നാലും കോണ്‍ഗ്രസ് എംഎല്‍എമാരെ ആരെയും റിസോര്‍ട്ടുകളിലേക്ക് മാറ്റാനില്ലെന്നാണ് പിസിസി നേതാക്കള്‍ പ്രഖ്യാപിക്കുന്നത്. അവിടെ ബിജെപിക്ക് അവരുടെ എംഎല്‍എമാരെ ഒളിപ്പിച്ചുനിര്‍ത്തേണ്ടിവരും. തങ്ങള്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും കോണ്‍ഗ്രസ് തറപ്പിച്ചുപറയുന്നുമുണ്ട്.

കാര്യങ്ങള്‍ ഇത്രയൊക്കെ ആയെങ്കിലും ഉച്ചവരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ ഉറച്ച ശബ്ദത്തില്‍ പ്രതികരിച്ചില്ല. ഗുജറാത്തിലെ തോല്‍വിയുടെ മ്ലാനതയിലാണ് ഖാര്‍ഗെ. തകര്‍ന്നടിഞ്ഞ ഗുജറാത്തും തിരിച്ചുവന്ന ഹിമാചലും നല്‍കുന്ന പാഠം ഖാര്‍ഗെയ്ക്ക് മുന്നില്‍ ഏറെ ഗൗരവത്തിലുള്ളതാണ്. സംഘടനാ തെരഞ്ഞെടുപ്പിലൂടെ ഗാന്ധികുടുംബത്തിന് പുറമെനിന്ന് ഒരാള്‍ പാര്‍ട്ടി അധ്യക്ഷനായ ഘട്ടമാണിത്. അണികളുടെ പ്രതീക്ഷകള്‍ പൊടുന്നനെ അസ്തമിക്കാതിരിക്കാന്‍ മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് മുന്നില്‍ വെല്ലുവിളികളുണ്ട്.

എങ്ങനെയായിരിക്കും ഖാര്‍ഗെ കോണ്‍ഗ്രസിനെ നയിക്കുക എന്നതാണ് കാണേണ്ടിയിരിക്കുന്നത്. കോണ്‍ഗ്രസില്‍ ഇടക്കാലത്ത് വന്നുചേര്‍ന്ന പണക്കൊതിയുടെയും അധികാരമോഹത്തിന്റെയും ശാപം തീര്‍ത്തെടുക്കുക എളുപ്പമല്ല. അഖിലേന്ത്യാതലം മുതല്‍ സംഘടനാശുദ്ധികലശമാണ് ഖാര്‍ഗെ ആദ്യം ചെയ്യേണ്ടത്. ഓരോ പിസിസികളും പ്രാദേശിക നിലപാടുകള്‍ സ്വീകരിക്കുകയാണ്. ദേശീയ രാഷ്ട്രീയ നയത്തിന് അനുസൃതമായ പ്രവര്‍ത്തനം ഇല്ലെന്നത് പാര്‍ട്ടിയെ പടുകുഴിയിലേക്ക് തള്ളിവാടാന്‍ കാരണമായിട്ടുണ്ട്. ജി23 പോലുള്ള പാര്‍ട്ടിക്കകത്തെ മുതിര്‍ന്ന നേതൃഗ്രൂപ്പിനെ അവഗണിക്കുന്നത് ഗുണകരമല്ല.

രാഹുല്‍, സോണിയ, പ്രിയങ്ക തുടങ്ങിയ അധികാരകേന്ദ്രങ്ങളോടുള്ള അമിതാരാധന കോണ്‍ഗ്രസിന് ദോഷമെന്ന അഭിപ്രായപ്രകടനങ്ങള്‍ ഖാര്‍ഗെ ഗൗരവത്തിലെടുക്കുമോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ഭാരത് ജോഡോ യാത്രയുടെ നേട്ടമെന്തെന്ന ചോദ്യങ്ങളുയര്‍ന്നാല്‍ ഉത്തരം പറയേണ്ടിവരിക മല്ലികാര്‍ജുന ഖാര്‍ഗെ ആയിരിക്കും. നിര്‍ണായകമായ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പോലും രാഹുലിന്റെയോ പ്രിയങ്കയുടെയോ അസാന്നിധ്യമുണ്ടായത് കോണ്‍ഗ്രസ് ചര്‍ച്ചചെയ്യാന്‍ ധൈര്യം കാണിക്കുമോ? മല്ലികാര്‍ജുനയുടെ മനക്കണക്ക് ഏതുവിധത്തിലായിരിക്കും എന്നതാണ് കോണ്‍ഗ്രസും ദേശീയ രാഷ്ട്രീയവും വീക്ഷിക്കുന്നത്. ഖാര്‍ഗെ അധ്യക്ഷനായ ശേഷമുള്ള ആദ്യ പാര്‍ട്ടി പ്ലീനം തീരുമാനിച്ചുകഴിഞ്ഞു. നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അതില്‍ നിന്നുണ്ടാവുമെന്നാണ് പ്രതീക്ഷ.

Eng­lish Sam­mury: Gujarat lost and Himachal won; What will be aicc pres­i­dent mallikar­jun kharge next steps

Exit mobile version