ആഴക്കടലും, തീരക്കടലും കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്കു തീറെഴുതി നൽകുകയാണന്നും ഇത് മത്സ്യബന്ധന മേഖലയെ തകർക്കുകയാണന്നും ജി എസ് ജയലാൽ എംഎൽഎ അഭിപ്രlയപ്പെട്ടു. കേരളാ സ്റ്റേറ്റ് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചും, വില വർദ്ധിപ്പിച്ചും മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുകയാണ്. ഇത് മത്സ്യത്തൊഴിലാളികളുടെ മാത്രം പ്രശ്നമല്ല, മറിച്ച് നാടിന്റെ പ്രശ്നമാണന്നും ഇതിനെതിരേ പ്രക്ഷോഭം ഉയരണമെന്നും ജയലാൽ കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡന്റ് ഡി പ്രസാദ് അദ്ധ്യക്ഷനായി. ചവറ മണ്ഡലം പ്രസിഡന്റ് യേശുദാസൻ സ്വാഗതം പറഞ്ഞു. എഐടിയുസി ജില്ലാ സെക്രട്ടറി ജി ബാബു മുഖ്യ പ്രഭാഷണം നടത്തി. ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സോളമൻ വെട്ടുകാട് സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി കെ രാജീവൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഐ ഷിഹാബ്, മണ്ഡലം സെക്രട്ടറി പി ബി രാജു, ബി മോഹൻദാസ്, ബിജിപീറ്റർ, അഡ്വ. പി ബി ശിവൻ, യു ബിനു, കെ കൃഷ്ണൻകുട്ടി, തുമ്പോളി ഭാസി, ചന്ദ്രബാബു എന്നിവർ സംസാരിച്ചു.