Site icon Janayugom Online

എഐടിയുസി യൂത്ത് ക്യാമ്പ്

കേന്ദ്രത്തിന്റെ ലേബര്‍ കോഡുകള്‍;
തൊഴിലാളികളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ തീരുമാനം എടുക്കണം; കെ പി രാജേന്ദ്രന്‍

ബത്തേരി: തൊഴിലാളി വിരുദ്ധമായ ലേബര്‍ കോഡുകള്‍ ഏപ്രില്‍ മാസം മുതല്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ തടങ്ങിയ സാഹചര്യത്തില്‍ തൊഴിലാളികളുടെ മൗലിക അവകാശങ്ങളും, ആനുകൂല്യങ്ങളും സംരക്ഷിക്കാനുളള ശക്തമായ തീരുമാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന എഐടിയുസി യൂത്ത് ലീഡേഴ്സ് ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലും, വേദനവും, സാമൂഹിക സുരക്ഷയും സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജനങ്ങളുടെ ജീവിതം തകര്‍ക്കപ്പെടുന്ന സാഹചര്യം ഉണ്ടാകും. കേന്ദ്ര സര്‍ക്കാറിനോട് അമിത വിധേയത്വം കാണിക്കുന്ന ചില ഉന്നത ഉദ്യോഗസ്ഥരും, കോര്‍പ്പറേറ്റ് സ്വാധീനത്തില്‍ പ്രവര്‍ത്തിക്കുന്ന ചില മാനേജ്മെന്റുകളും ലേബര്‍ കോഡുകള്‍ നടപ്പാക്കാന്‍ അമിതാവേശം കാണിക്കുമെന്ന വസ്തുത കാണാതിരിക്കരുത്. ചില വിദഗ്ദ്ധ കമ്മറ്റികളും, ഉന്നത ഉദ്യോഗസ്ഥരും, പൊതു മേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന തരത്തിലുളള റിപ്പോര്‍ട്ടുകളും, ഉപദേശങ്ങളുമാണ് നല്‍കുന്നത്. നല്ല കരുതലും, ജാഗ്രതയും, സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. മിനിമം വേതനം എഴുന്നൂറ് രൂപ പ്രഖ്യാപിച്ച സര്‍ക്കാറാണ് കേരളത്തിലുളളത്. ദിവസ വേദന, കരാര്‍, താത്ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്താനുളള തീരുമാനം എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്തതും തൊഴിലാളികളെ ചേര്‍ത്തു പിടിക്കുന്ന നയമാണ് കേരളത്തിലേതെന്ന് വ്യക്തമാണ്. തൊഴിലും, വേതനവും സംരക്ഷിക്കാന്‍ എഐടിയുസി ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭരണ ഘടന, സാമൂഹിക നീതിയും സ്ത്രീ ശാക്തീകരണവും എന്ന വിഷയത്തില്‍ അഡ്വ. ആശാ ഉണ്ണിത്താനും, തൊഴില്‍ കോഡുകളും പ്രശ്നങ്ങളും സാധ്യതകളും എന്ന വിഷയത്തില്‍ ജോയിന്റ് ലേബര്‍ കമ്മീഷ്ണര്‍ ബേബി കാസ്ട്രോയും, തൊഴില്‍ നിയമങ്ങളും നീതിന്യായ സാധ്യതകളും എന്ന വിഷയത്തില്‍ അഡ്വ. വി മോഹന്‍ ദാസും, തൊഴില്‍ മേഖലയും ഇന്ത്യന്‍ ബാങ്കിംഗ് സമ്പ്രദായവും എന്ന വിഷയത്തില്‍ സന്ദീപ് നാരായണനും ക്ലാസുകള്‍ നയിച്ചു. ക്യാമ്പ് ഇന്ന് സമാപിക്കും.

ഫോട്ടോ– എഐടിയുസി യൂത്ത് ക്യാമ്പില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ സംസാരിക്കുന്നു

Exit mobile version