കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തം നടന്നതിന്റെ പിറ്റേന്ന് മുതൽ സംഭവ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനവുമായി നിലയുറപ്പിച്ച് എഐവൈഎഫ് ഭഗത്‌സിങ് യൂത്ത് ഫോഴ്സ്. കോരിച്ചൊരിയുന്ന മഴയിലും ആർത്തലച്ചൊഴുകുന്ന പുഴയിലും ചെളിക്കുണ്ടിലും കൂറ്റൻ പാറകൾക്കിടയിലും ജീവൻ പണയംവച്ചാണ് എഐവൈഎഫ് ഭഗത്‌സിങ് യൂത്ത് ഫോഴ്സ് രക്ഷാപ്രവർത്തനത്തിലേർപ്പെടുന്നത്. ചിതറിത്തെറിച്ച മൃതദേഹങ്ങൾ ചേർത്തുകെട്ടി മോർച്ചറിയിലേക്ക് എത്തിക്കുമ്പോൾ ഉള്ളുലയ്ക്കുന്ന വേദനയുമായി അവിടെയും ഭഗത്‌സിങ് യൂത്ത് ഫോഴ്സ് പ്രവര്‍ത്തകരുണ്ട്. മേപ്പാടിയിലെ എപിജെ അബ്ദുൽ കലാം മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാളിലാണ് താല്‍ക്കാലികമായി മോര്‍ച്ചറി സജ്ജമാക്കിയിരുന്നത്. എല്ലാ വേദനകളും കടിച്ചമർത്തി ഏറ്റവും പ്രതികൂലമായ കാലാവസ്ഥയിലും അതിജീവനത്തിനായി പൊരുതുകയാണ് രക്ഷാപ്രവർത്തകരും അവശേഷിക്കുന്ന നാട്ടുകാരും.
അടുത്തഘട്ടമായി ദുരിതാശ്വാസ ക്യാമ്പുകളിലാണ് പ്രവര്‍ത്തനം. അവിടെയും കണ്ടുനിൽക്കാനാവാത്ത കരൾപിളർക്കും കാഴ്ചകൾ. ഉറ്റവരും സുഹൃത്തുക്കളും നഷ്ടപ്പെട്ട് അവശേഷിക്കുന്ന ജീവിതകാലം ഒറ്റപ്പെട്ടുപോകുമെന്ന ആശങ്കയോടെ നിരവധി പേര്‍. അധിവാസ ഭൂമിയും വസതിയും നഷ്ടപ്പെട്ട് ഇനിയെങ്ങോട്ടെന്നറിയാത്ത അനിശ്ചിതാവസ്ഥയിലുമെത്രയോ പേര്‍. ‘വയനാടിന് ഒരു കൈത്താങ്ങ്’ എന്ന സന്ദേശവുമായി എഐവൈഎഫ് സംസ്ഥാന നേതൃത്വം ആഹ്വാനം ചെയ്ത ക്യാമ്പയിനിന്റെ ഭാഗമായി വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ദുരന്ത ഭൂമിയിലേക്ക് അവശ്യവസ്തുകളും മറ്റ് ഉല്പന്നങ്ങളും എത്തിക്കുന്നുമുണ്ട്. ദുരന്തത്തിൽ അകപ്പെട്ടവർക്കും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർക്കും ഭക്ഷണമെത്തിക്കുക എന്ന ലക്ഷ്യത്തോടെ എഐവൈഎഫിന്റെ നേതൃത്വത്തിൽ ജനകീയ അടുക്കളയും പ്രവർത്തിക്കുന്നു. സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍, സെക്രട്ടറി ടി ടി ജിസ്‌മോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജനകീയ അടുക്കളയുടെയും പ്രവർത്തനം.
English Summary: AIYF Bhagatsingh Youth Force to reclaim Wayanad
You may also like this video