“കുന്തത്തിലെന്‍ പിഞ്ചുകുഞ്ഞിനെക്കോര്‍ത്തെന്റെ നെഞ്ചത്തു കുത്തിനിറുത്തി,
യാക്കുഞ്ഞിന്റെ പെറ്റമ്മയെക്കൊണ്ടു ചെണ്ടകൊട്ടിപ്പവ നെങ്കിലും സര്‍ക്കസുകാരാ,
നീ വാഴ്വിന്റെ കണ്ണീരു പൊലള്ളുന്ന പാതയോരങ്ങളി ലഞ്ചാറു ജീവികള്‍ക്കന്നമുണ്ടാക്കുവാന്‍
ജീവന്റെ സങ്കടം വിദ്യയാക്കുന്നവന്‍ ജീവിതം സര്‍ക്കസുതന്നെയായ്ത്തീര്‍ത്തവന്‍…”
ആലങ്കോട് ലീലാകൃഷ്ണന്‍
ആലങ്കോടിന്റെ കവിതയും യുവകലാസാഹിതിയുടെ മുദ്രാവാക്യവും ഒന്നുതന്നെയാണ്. ‘ജാതിയല്ല, മതമല്ല, മനുഷ്യനാണ് പ്രധാനം.’ അതെ, അതിന്റെ ഉള്ളടക്കം മാനവികതയാണ്. മാനവീകമല്ലാത്ത ഒരു വരിപോലും ആലങ്കോട് എഴുതിയിട്ടില്ല. എഴുത്തിനെക്കുറിച്ച് പ്രാതഃസ്മരണീയനായ മഹാകവി പാലായുടെ ഒരു നിരീക്ഷണമുണ്ട് : ‘കവിത എഴുതുന്നതും കവിത എഴുതിപ്പോകുന്നതും രണ്ടും രണ്ടാണ്.’ എഴുതുന്ന കവിത ബാഹ്യപ്രേരണയാൽ സംഭവിക്കുന്ന ഒന്നാണ്. അതായത്, മറ്റൊരാളുടെ നിർബന്ധമാണ് തന്റെ കവിതയ്ക്കാധാരം. അങ്ങനെ വരുമ്പോൾ അതൊരു സ്വാഭാവിക പ്രസവമല്ലാതെയുള്ള ഒരു സിസേറിയനാണ്. എഴുതിപ്പോകുന്നതാവട്ടെ, പരപ്രേരണയില്ലാതെ ഉൾപ്രേരണയാൽ ചെയ്യുന്ന അല്ലെങ്കിൽ സംഭവിക്കുന്ന മഹാത്തായൊരു കൃത്യമാണ്. അത് കവിതയുടെ സ്വാഭാവിക പ്രസവമാണ്, ഉത്ഭവമാണ്. ആ നിരീക്ഷണത്തിൽ നിന്നു കൊണ്ടു നമ്മൾ വിലയിരുത്തുമ്പോൾ ആലങ്കോടിന്റെ കവിതകൾ സ്വാഭാവികപ്പിറവികളാണ്. പിറന്ന നാടിന്റെ സൗന്ദര്യം വർണിക്കുമ്പോഴും നിളാനദിയുടെ നിർമ്മല തീരത്തെക്കുറിച്ചെഴുതുമ്പോഴും ചൂഷിതന്റെ ദുഃഖജീവിത്തെക്കുറിച്ചെഴുതുമ്പോഴും ചൂഷകന്റെ മർദ്ദകവാഴ്ചയ്ക്കെതിരെ പൊരുതുമ്പോഴും തന്റെ കാവ്യമുദ്രയായ മാനവികത ഉയർത്തിപ്പിടിക്കുന്നതു കാണാം. ഇടശേരിയും അക്കിത്തവും എം ഗോവിന്ദനുമടക്കമുള്ള ‘പൊന്നാനിക്കളരിയിലെ മഹത്തുക്കൾ വിതച്ച മാനവീക കാവ്യ സംസ്കാരത്തിന്റെ ആധുനിക കാവ്യമുഖമാണ് ആലങ്കോട് ലീലാകൃഷ്ണൻ എന്ന കവി. 1960 ഫെബ്രുവരി ഒന്നിന് ജനിച്ച കവി, തന്റെ 11ാം വയസിൽ 1971 സെപ്റ്റംബർ മാസത്തിൽ ‘തളിര്’ ബാലമാസികയിൽ ആദ്യ കവിത വെളിച്ചം കണ്ടതുമുതൽ 2021 വരെയുള്ള സുദീർഘമായ അമ്പത് വർഷക്കാലം മലയാളത്തിന്റെ സുന്ദരമായ കാവ്യപാരമ്പര്യത്തിന്റെ യഥാർത്ഥ കണ്ണിയായി മാറുവാൻ കവിക്കു കഴിഞ്ഞു. ആലങ്കോടും ചുള്ളിക്കാടും രണ്ടു കെെവഴികളാണ്. വ്യത്യസ്തമായ ആസ്വാദനതലങ്ങൾ സൃഷ്ടിച്ച് മലയാളമനസിനെ ചിന്തിപ്പിക്കുകയും സ്വപ്നം കാണിക്കുകയും ചെയ്തു.
വർത്തമാന പത്രവാർത്തകൾക്കു സമാനമായ കവിതകൾ സൃഷ്ടിച്ച്, മലയാള കാവ്യലോകത്ത് ഗദ്യകവികൾ വിരസത സൃഷ്ടിച്ച് അഴിഞ്ഞാടിയപ്പോൾ പാരമ്പര്യത്തിന്റെ നല്ല വശങ്ങൾ പേറിക്കൊണ്ടുതന്നെ നവീനതയുടെ നവഭാവുകത്വങ്ങൾ മലയാളകവിതയിൽ വിരിയിച്ചു. ‘ശ്രാവണമാധവം’ എന്ന കവിതയിൽ കവി എഴുതുന്നു: ‘എത്ര പൂവുകൾ! ശ്യാമാംബരങ്ങളിൽ ചിത്രചന്ദ്രികാരാവിൻ നിലാക്കളം അത്തമുറ്റത്തൊരുണ്ണിയുണ്ടങ്ങനെ ചിത്തിരയ്ക്കു പൂ ചാർത്തുമാറങ്ങനെ’ ആ വരികൾ വായിക്കുമ്പോൾ പൊയ്പ്പോയ ഓണക്കാലങ്ങളും തുമ്പപ്പൂക്കളും ചന്ദ്രികയുമെല്ലാം മനസിലേക്കോടിവരും. ചങ്ങമ്പുഴയുടെ പ്രണയം, വിഷാദം; വെെലോപ്പിള്ളിയുടെ ശാസ്ത്രനിരീക്ഷണം, പി കുഞ്ഞിരാമൻ നായരുടെയും പാലായുടെയും പ്രകൃത്യോപാസന, ഇടശേരിയുടെ നാട്ടുവഴക്കം, അക്കിത്തത്തിന്റെ പൗരാണികത്വം, സർവോപരി വയലാറിന്റെ വിപ്ലവാഭിനിവേശം… ഇവയെല്ലാം ആലങ്കോട് തന്റെ കവിതയിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. ആലങ്കോട് ലീലാകൃഷ്ണൻ സമീപകാലത്ത് കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ പ്രഭാഷണങ്ങളുടെ ആകെത്തുക ചങ്ങമ്പുഴയുടെ ഒരുവരിക്കവിതകൊണ്ട് നമുക്ക് നിർവചിക്കാവുന്നതാണ്. ‘കഷ്ടം, മതങ്ങളേ നിങ്ങൾ നൻ ദെെവങ്ങൾ/നട്ടെല്ലൊടിഞ്ഞ നപുംസകങ്ങൾ.’ കേരളീയ നവോത്ഥാന പാരമ്പര്യത്തിന്റെ എല്ലാ നന്മകളേയും തകർക്കുവാൻ പുനഃരുദ്ധാരണത്തിന്റെ ശക്തികൾ ഒരു വശത്തു നടത്തിക്കൊണ്ടിരിക്കുന്ന കരാളനീക്കങ്ങൾക്കെതിരെ, സുധീരമായ നിലപാടെടുത്ത്, മതാന്ധതയ്ക്കും അതു തീർക്കുന്ന ഇരുളിനുമെതിരെ കവി പൊരുതുമ്പോൾ മലയാളത്തിന്റെ നന്മമനസുകൾ കവിയോടൊപ്പം ചേരുന്നുണ്ടെങ്കിൽ അത് കവിയുടെ വിജയമാണ്.
കെടാമംഗലത്തിന്റെയും സാംബശിവന്റെയും പാരമ്പര്യം പേറുന്നയാൾ കൂടിയാണ് നമ്മുടെ കവി. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് അധ്യാപകൻ ചോദിച്ചത് ഒരു കഥയെഴുതി ‘കഥാപ്രസംഗം’ അവതരിപ്പിച്ചു കൂടെയെന്ന്. അന്ന് അവതരിപ്പിച്ച കഥയുടെ പേര് ‘ഞാനൊരു അധികപ്പറ്റാണ്’ എന്നായിരുന്നു. പത്താം ക്ലാസിലൊക്കെ സ്കോളർഷിപ്പ് ലഭിച്ചാണ് പഠിച്ചിരുന്നതെങ്കിലും ബാല്യത്തിൽ കുടുംബത്തുണ്ടായ സ്വത്ത് തർക്കങ്ങളും സാമ്പത്തിക പരാധീനതകളും പ്രതിസന്ധികളുടെ നീർച്ചുഴികളിലാക്കി. കൗമാരകാലത്ത് ക്ഷേത്രത്തിലവതരിപ്പിച്ച പുരാണകഥ അവലംബമാക്കിയുള്ള കഥാപ്രസംഗം, നാട്ടിൽ ഒരു കഥാ പ്രാസംഗികൻ എന്ന പരിവേഷമാണ് സമ്മാനിച്ചത്. ആ കഥ പറഞ്ഞുതീർന്നപ്പോൾ നാട്ടുകാർ കൊടുത്ത തുട്ടുകൾ എണ്ണിയപ്പോൾ കിട്ടിയ രൂപ 75. കോളജിൽ ചേരണമെങ്കിൽ 110 രൂപാ വേണമായിരുന്നു. ബാക്കി തുകയും കൂടി എങ്ങനെയോ തരപ്പെടുത്തിയാണ് കോളജ് ജീവിതം ആരംഭിച്ചത്.
ആ പഠനത്തിനിടയിലും കഥപറച്ചിലും കവിതയും തുടർന്നുകൊണ്ടേയിരുന്നു. അങ്ങനെ കഥാപ്രസംഗം ആയിരത്തോളം വേദികൾ കടന്നപ്പോൾ സാമ്പത്തികമായി അല്പം മെച്ചപ്പെട്ടു. കവിയുടെ രണ്ടു സഹോദരിമാരെ വിവാഹം കഴിപ്പിച്ച് അയക്കുവാനുള്ള പണം പോലും ലഭിച്ചത് ആ കഥ പറച്ചിലിൽ നിന്നായിരുന്നു. സിനിമാ നടൻ ദിലീപ് പ്രശസ്തനായി വന്നുകൊണ്ടിരിക്കുന്ന കാലത്ത് സംവിധായകൻ ജയരാജിന്റെ ആവശ്യപ്രകാരം ചെയ്തതായിരുന്നു ‘തിളക്കം’ എന്ന സിനിമയുടെ കഥ. തിലകനും മുരളിയും നായകനായി അഭിനയിച്ച ‘ഏകാന്ത’ത്തിന്റെ കഥയും ആലങ്കോടിന്റേതായിരുന്നു. ആ സിനിമയ്ക്ക് കേന്ദ്ര സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ആറോളം സിനിമകൾക്ക് ആലങ്കോട് ഗാനങ്ങൾ എഴുതിയിട്ടുണ്ട്. പക്ഷേ, അദ്ദേഹം ഗാനങ്ങളേക്കാൾ കൂടുതല്‍ പ്രണയിച്ചത് കവിതയെയായിരുന്നു. അയ്യായിരം വർഷത്തെ പഴക്കമുള്ള ഭാരതീയ സാഹിത്യത്തിൽ നിന്നും അതിന്റെ സംസ്കാരത്തിൽ നിന്നും പലതും നമ്മൾക്ക് പഠിക്കുവാനുണ്ടെന്നുള്ള ഓർമ്മപ്പെടുത്തലാണ് കവി കമ്മ്യൂണിസ്റ്റുകാരോട് നടത്തുന്നത്. കഴിഞ്ഞ കാലത്തിന്റെ തിന്മകളെ തള്ളുകയും നന്മകളെ നെഞ്ചിലേറ്റുകയും ചെയ്യണമെന്ന് ഇന്ത്യൻ ഇടതുപക്ഷത്തോട് കവി പറയുന്നു. എഴുത്തുകാരൻ ഒരു നല്ല വിമർശകൻ കൂടി ആയില്ലെങ്കിൽ താനെഴുതുന്നതെല്ലാം മികച്ചതാണെന്ന തോന്നൽ എഴുത്തുകാരനുണ്ടാവാം എന്ന് ആലങ്കോട് വിശ്വസിക്കുന്നു. സർഗാത്മകമായ രാഷ്ട്രീയവും രാഷ്ട്രീയമായ ഉള്ളടക്കമുള്ള സർഗാത്മകതയും ഒരുമിച്ച് പോകുമ്പോഴാണ് ഒരു നല്ല രാഷ്ട്രീയം ഉണ്ടാവുന്നത്. അതുണ്ടാക്കിയെടുക്കാൻ ഇടതുപക്ഷം നല്കിയ സംഭാവനകളും വലുതാണെന്ന് കവി കാണുന്നു. തന്റെ സഹിത്യ സപര്യയുടെ 50വർഷങ്ങൾ തികയുന്ന സന്ദർഭത്തിൽ അദ്ദേഹം നമുക്കുതന്നെ പവിഴമുത്തുകളാണ് ‘പിയുടെ പ്രണയ പാപങ്ങൾ (പഠനം), നിലാസാധകം (കവിത), നിളയുടെ തീരങ്ങളിലൂടെ (പഠനം) മനുഷ്യനെ തേടുന്ന വാക്ക്, വള്ളുവനാടൻ പൂരക്കാഴ്ചകൾ, എം ടി ദേശം, വിശ്വാസം, പുരാവൃത്തങ്ങൾ, ആലങ്കോട് ലീലാകൃഷ്ണന്റെ കവിതകൾ…
ശ്രദ്ധേയമായ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. യുവകലാസാഹിതി യുഎഇ ഷാർജാ ഘടകം ഏർപ്പെടുത്തിയ വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യപുരസ്കാരം, പ്രേംജി പുരസ്കാരം, കുഞ്ഞുണ്ണിമാഷ് പുരസ്കാരം, കാമ്പിശേരി പുരസ്കാരം. അങ്ങനെ നിരവധി. ഇപ്പോൾ തുഞ്ചൻ സ്മാരക ട്രസ്റ്റ് അംഗമായ ആലങ്കോട് സാഹിത്യ – സാംസ്കാരിക പ്രസ്ഥാനമായ യുവകലാസാഹിതിയുടെ സംസ്ഥാന പ്രസിഡന്റുകൂടിയാണ്. ആലങ്കോടെഴുതുന്നു: “ഏതൊരേകാന്ത നിദ്രാന്തരങ്ങളി ലേഴിലം പാല പൂക്കുന്നു പിന്നെയും ഏകയായ് വന്നു നില്ക്കുമാറുണ്ടവൾ പാലപൂത്ത നടക്കാവിനപ്പുറം എത്രകാലമായ് ചന്ദ്രോദയങ്ങളിൽ ചന്ദനം പെയ്ത രാക്കുളിർ ചൂടിയും ഒറ്റവെറ്റക്കു ചുണ്ണാമ്പുതേടിയും നഗ്നജീവനിൽ പൂത്തുനിൽക്കുന്നു നീ! ജന്മകാമങ്ങൽ ചോരയിൽ പുഷ്പിച്ച ചന്ദ്രകാദംബർ പ്രേമരാത്രിയിൽ ഏതൊരുന്മാദ രസോത്സവങ്ങളിൽ ജീവനും കൂടി, നീ നുകർന്നൂ സഖി! ” (രക്തയക്ഷി) മലയാള സാഹിത്യത്തിന്റെ നഭോന്നതങ്ങളിൽ ചന്ദനം പെയ്ത രാക്കുളിർ ചൂടി, പാലപൂത്ത നടക്കാവിനപ്പുറം, എത്ര കാലമായ് ചന്ദ്രോദയങ്ങൾ കാണിച്ചുതന്ന കവി കാവ്യത്തേരിലേറി മുന്നോട്ട് കുതിക്കുകയാണ്…