Site iconSite icon Janayugom Online

ഓള്‍ ഇന്ത്യ പൊലീസ് ബാഡ്‌മിന്റണ്‍ ക്ലസ്റ്റര്‍ ആരംഭിച്ചു

പ്രഥമ ഓള്‍ ഇന്ത്യ പൊലീസ് ബാഡ്‌മിന്റണ്‍ ക്ലസ്റ്റര്‍ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് വകുപ്പുകളുടെ ബാഡ്‌മിന്റൺ ടീമുകൾ ഉൾപ്പെടെ 42 ടീമുകളുടെ മാര്‍ച്ച് പാസ്റ്റിന് മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. കേരള പൊലീസ് ടീമിനെ അസിസ്റ്റന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ടി ടിജോ നയിച്ചു. തുടര്‍ന്ന് നാവിക സേനയുടേയും കോസ്റ്റ് ഗാര്‍ഡിന്റെയും മ്യൂസിക് ബാന്‍ഡുകളുടെ സംഗീത പരിപാടി അറങ്ങേറി.

15 വരെ ഓള്‍ ഇന്ത്യ പൊലീസ് ഫോഴ്‌സ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ആനയാണ് ഓള്‍ ഇന്ത്യ പൊലീസ് ബാഡ്‌മിന്റണ്‍ ക്ലസ്റ്ററിന്റെ ഭാഗ്യചിഹ്നം. ബാഡ്‌മിന്റണ്‍, ടേബിള്‍ ടെന്നീസ് ക്ലസ്റ്റര്‍ ആയി നടക്കുന്ന മത്സരങ്ങളിൽ 208 വനിത ഉദ്യോഗസ്ഥരും 825 പുരുഷ ഉദ്യോഗസ്ഥരുമാണ് പങ്കെടുക്കുന്നത്. ബാഡ്‌മിന്റണ്‍ മത്സരത്തില്‍ വിവിധ വിഭാഗങ്ങളിലായി 60 ഇവന്റുകളും ടേബിള്‍ ടെന്നീസില്‍ 34 ഇവന്റുകളും നടക്കും. ആകെ 1200 മത്സരങ്ങളാണ് അഞ്ചുദിവസം കൊണ്ട് നടക്കുന്നത്. 14ന് സാംസ്‌കാരിക പരിപാടികള്‍ കായിക മന്ത്രി വി അബ്ദുല്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. 15ന് സമാപന പരിപാടികളുടെ ഉദ്ഘാടനം വ്യവസായി വകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിക്കും. കേരള ഡിജിപി ഷേഖ്‌ ദര്‍വേഷ് സാഹെബ്, എഡിജിപി എസ് ശ്രീജിത്ത്, എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ എന്നിവര്‍ പങ്കെടുത്തു.

Exit mobile version