വെളിയം ഭാർഗവൻ നഗർ: ജോലി സമയം വര്‍ധിപ്പിക്കുന്നതും ജോലി സ്ഥിരത ഇല്ലാതാക്കുന്നതും സാമൂഹ്യസുരക്ഷാ പദ്ധതികള്‍ ഇല്ലായ്മ ചെയ്യുന്നതുമായ ഏതൊരു നീക്കത്തെയും ചെറുത്ത് തോല്പിക്കണമെന്ന് സിപിഐ സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്തു.
എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം എന്നത് തൊഴിലാളി വര്‍ഗം ലോകമെമ്പാടും രക്തംചിന്തി നേടിയ അവകാശമാണ്. ആറുമണിക്കൂറായി ജോലിസമയം ക്രമീകരിക്കുകയും അതുവഴി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യുകയെന്ന സന്ദേശത്തിന്റെ പ്രചാരണം ശക്തമാകുമ്പോള്‍ ജോലി സമയം 12 മണിക്കൂര്‍ ആയി വര്‍ധിപ്പിക്കുവാനുള്ള നീക്കമാണ് പുതിയ ലേബര്‍കോഡ് ലക്ഷ്യം വയ്ക്കുന്നത്. ചില സംസ്ഥാന ഗവണ്മെന്റുകള്‍ ഇതിന് അനുസരണമായ ചുവടുവയ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.
നവലിബറല്‍ സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായി തൊഴിലാളികള്‍ നേരിടുന്ന വെല്ലുവിളികള്‍ ഭീതിജനകമാണ്. ജോലി സമയം വര്‍ധിപ്പിക്കുക മാത്രമല്ല ജോലി സ്ഥിരത പൂര്‍ണമായും നിഷേധിക്കുകയും സാമൂഹ്യ സുരക്ഷാപദ്ധതികള്‍ അട്ടിമറിക്കപ്പെടുകയും ചെയ്യുന്നതാണ് പുതിയ ലേബര്‍ കോഡ് വഴിയുള്ള പരിഷ്‌കരണം. ചികിത്സാ ഇന്‍ഷുറന്‍സ് സമ്പ്രദായം സ്വകാര്യവല്‍ക്കരിക്കുകവഴി ലോകത്തിലെ തന്നെ ഏറ്റവും മെച്ചപ്പെട്ട സാമൂഹ്യസുരക്ഷാ പദ്ധതികളില്‍ ഒന്നായ ഇഎസ്ഐ പദ്ധതി അട്ടിമറിക്കപ്പെടുകയാണ്.
തൊഴിലാളി സുരക്ഷയല്ല, കോര്‍പറേറ്റ് സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന ഐഎംഎഫ്, വേള്‍ഡ് ബാങ്ക് നിര്‍ദ്ദേശങ്ങള്‍ അനുസരണയോടെ നടപ്പിലാക്കുകയാണ് കേന്ദ്രം. ഈ സാഹചര്യത്തില്‍ ജോലി സമയം വര്‍ധിപ്പിക്കുന്നതും ജോലിസ്ഥിരത നഷ്ടപ്പെടുത്തുന്നതും സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നിരാകരിക്കപ്പെടുന്നതുമായ എല്ലാ നീക്കങ്ങളേയും വര്‍ധിതവീര്യത്തോടെ എതിര്‍ത്ത് തോല്പിക്കുകയെന്നതാവണം തൊഴിലാളി പ്രസ്ഥാനങ്ങളുടെ മുഖ്യകടമ. ഇതിനായി തൊഴിലാളി സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് സിപിഐ സംസ്ഥാന സമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.