Site iconSite icon Janayugom Online

ലൊക്കേഷനിൽ വിളിച്ചു വരുത്തി മുറിയിൽ പൂട്ടിയിട്ട് മര്‍ദ്ദിച്ചു; ബിനു അടിമാലിയ്ക്കെതിരെ പരാതി ഫോട്ടോഗ്രാഫര്‍

നടനും ഹാസ്യതാരവുമായ ബിനു അടിമാലി മര്‍ദ്ദിച്ചെന്ന പരാതിയുമായി സോഷ്യൽ മീഡിയ മാനേജരും ഫൊട്ടോഗ്രാഫറുമായ ജിനേഷ്. റിയാലിറ്റി ഷോയുടെ ലൊക്കേഷനിൽ വിളിച്ചു വരുത്തി മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നു ക്യാമറ തല്ലിതകർത്തുവെന്നുമാണ് ജിനേഷ് ആരോപിക്കുന്നത്.

ബിനുവിനെതിരായ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും നെ​ഗറ്റീവ് കമൻറുകൾക്ക് കാരണം താനാണെന്ന് ആരോപണം ഉയർത്തിയാണ് ആക്രമണം നടന്നത് എന്നാണ് ജിനേഷ് ആരോപിക്കുന്നത്. ബിനുവിനെതിരേ ജിനേഷ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം വാഹനാപകടത്തിൽ മരിച്ച നടൻ കൊല്ലം സുധിയുടെ വീട്ടിൽ ബിനു അടിമാലി പോയതും മിമിക്രി താരവും ഡബ്ബിങ് ആർട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോനെ സന്ദർശിച്ചതും ചീത്തപ്പേര് മാറി സഹതാപം കിട്ടാൻ വേണ്ടിയായിരുന്നുവെന്നും ജിനേഷ് ആരോപിക്കുന്നു.

ജിനേഷിന്റെ വാക്കുകള്‍

അപകടം പറ്റിയപ്പോൾ ബിനു അടിമാലിക്കൊപ്പം ആശുപത്രിയിൽ നിന്നതും അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും നോക്കിയതും ഞാനായിരുന്നു. ആശുപത്രി വിട്ടപ്പോൾ വീട്ടിൽ കൊണ്ടാക്കിയതും ഞാനാണ്. ആ സംഭവത്തിന് ശേഷം ബിനു അടിമാലി കൊല്ലം സുധിയുടെ വീട്ടിൽ പോയിരുന്നു. ആ സമയത്ത് ബിനു അടിമാലിക്ക് നടക്കാൻ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും വീൽ ചെയറിലാണ് സുധി ചേട്ടന്റെ വീട്ടിലെത്തിയത്. അതൊന്നും ആവശ്യമില്ലെന്ന് ഡോക്ടർ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയുടെ സഹതാപം കിട്ടാൻ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്.

‘ഇതോടെ എന്റെ പ്രതിച്ഛായ മാറണം, അതിന് വേണ്ടിയുള്ള കാര്യങ്ങൾ നീ സോഷ്യൽ മീഡിയയിൽ ചെയ്യണം’ എന്നാണ് സുധി ചേട്ടന്റെ മരണ ശേഷം എന്നോട് ബിനു ചേട്ടൻ പറഞ്ഞത്. അത് പ്രകാരമാണ് സുധി ചേട്ടന്റെ വീട്ടിൽ ചെന്നപ്പോൾ കാറിൽ നിന്ന് ഇറങ്ങുന്നത് അടക്കമുള്ള വീഡിയോ ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്തത്.

മഹേഷ് കുഞ്ഞുമോന്റെ വീട്ടിൽ പോയപ്പോഴും ഫോട്ടോയും വീഡിയോയും എടുക്കാൻ എന്നെയും വിളിച്ചിരുന്നു. പക്ഷേ വീഡിയോ പോസ്റ്റ് ചെയ്യരുത്, ഫോട്ടോ മാത്രം എടുത്താൽ മതി എന്ന് മഹേഷ് പറഞ്ഞു. ഇതൊന്നും ബിനു ചേട്ടന്റെ യുട്യൂബിൽ ഇട്ടാൽ ശരിയാവില്ലെന്ന് അറിയാവുന്നതു കൊണ്ട് തന്നെ മറ്റൊരു യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യാൻ തീരുമാനിച്ചിരുന്നു.

ബിനു ചേട്ടന്റെ അടുത്ത സുഹൃത്തിന് ഞാൻ ഒരു യുട്യൂബ് ചാനൽ തുടങ്ങി കൊടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഞാനത് ബിനു ചേട്ടനോട് പറഞ്ഞില്ലെന്ന് പറഞ്ഞുള്ള തർക്കത്തിലാണ് പിരിഞ്ഞത്. എന്നാൽ പിരിയാനുള്ള മറ്റൊരു കാരണം ബിനു ചേട്ടന്റെ വളരെ വ്യക്തിപരമായ ചില കാരണങ്ങൾ ആയതുകൊണ്ട് ഞാൻ പുറത്തു പറയുന്നത് ശരിയല്ല.

മൂന്ന് വർഷം ബിനു ചേട്ടന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ചെയ്തത് ഞാനാണ്. ഞങ്ങൾ പിണങ്ങിയപ്പോൾ ഞാൻ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടും പാസ്വേർഡും എല്ലാം തിരിച്ചു കൊടുത്തിരുന്നു. ഞാൻ അക്കൗണ്ട് ഹാൻഡിൽ ചെയ്ത സമയത്ത് അദ്ദേഹത്തിനെതിരേ വന്ന നെ​ഗറ്റീവ് കമന്റുകളെല്ലാം നീക്കം ചെയ്തിരുന്നു. എന്നാൽ ഞാൻ മാറിയപ്പോൾ മോശം കമന്റുകൾ അവിടെ തന്നെ കിടന്നു ആരും നീക്കം ചെയ്തില്ല. ഈ കമന്റുകൾക്ക് പിന്നിൽ ഞാനാണെന്ന് അദ്ദേഹം ആരോപിച്ചു. അക്കൗണ്ട് ഞാൻ ഹാക്ക് ചെയ്തുവെന്ന് പറഞ്ഞ് അദ്ദേഹം പൊലീസിൽ പരാതിപ്പെട്ടു. ഞാൻ പൊലീസ് സ്റ്റേഷനിൽ പോയി സത്യാവസ്ഥ പറഞ്ഞപ്പോൾ പൊലീസിന് കാര്യം മനസിലായി.

ഞാൻ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കെെമാറിയ ശേഷം അദ്ദേഹം പാസ്വേർഡ് മാറ്റി. പക്ഷേ പിന്നെ അത് മറന്നുപോയി. പല തവണ ഓപ്പൺ ചെയ്യാനുള്ള ശ്രമം നടന്നതു കൊണ്ടാണ് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ പറ്റാതെ പോയതെന്ന് പിന്നീട് അന്വേഷിച്ചപ്പോൾ മനസിലായി. പിന്നെയും ബിനു ചേട്ടൻ എന്നെ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വലിയ പോലീസുകാരുമായും ജഡ്ജിയുമായെല്ലാം ബന്ധങ്ങളുണ്ടെന്നും ക്വട്ടേഷൻ ടീമിനെ കൊണ്ടുവരുമെന്നും ഭൂമിയിൽ എന്നെ വച്ചേക്കില്ല എന്നുമായിരുന്നു ഭീഷണി. ഇതിനെതിരെ ഞാൻ പൊലീസിൽ പരാതി നൽകി.

ഒരു റിയാലിറ്റിഷോയുമായി ബന്ധപ്പെട്ട് ഒരു ചാനലിൽ ഞാൻ ഫോട്ടോ എടുക്കാൻ പോയി. അന്ന് എന്നെ ഒരു മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി മർദ്ദിച്ചു. പുറത്ത് നിൽക്കുന്നവർ റൂമിൻറെ വാതിൽ പൊളിച്ചാണ് എന്നെ രക്ഷിച്ചത്. എന്റെ ക്യാമറ തകർത്തു. വലിയ തുക മുടക്കി വാങ്ങിയ ക്യാമറയായിരുന്നു അത്. അതിന്റെ ലോൺ അടച്ചു തീർന്നിട്ടില്ല. ഈ കേസിൽ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തു. എനിക്കെതിരേ വലിയ ഭീഷണിയുണ്ട്. എനിക്കും കുടുംബത്തിനും എന്ത് സംഭവിക്കുമെന്ന് അറിയില്ല. അതുകൊണ്ടാണ് ഞാൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നു പറയുന്നത്.

Eng­lish Summary:allegation against actor come­di­an binu adimali
You may also like this video

Exit mobile version