Site iconSite icon Janayugom Online

‘ആലോകം’ സിനിമ യൂട്യൂബ് റിലീസ് ചെയ്തു

കഴിഞ്ഞ വർഷം ഐ എഫ് എഫ് കെയിൽ പ്രദർശിപ്പിച്ച ‘മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ…‘സിനിമയിലൂടെ ശ്രദ്ധേയനായ ഡോ.അഭിലാഷ് ബാബുവിന്റെ ആദ്യ സിനിമ ‘ആലോകം: Ranges of Vision’ മിനിമൽ സിനിമയുടെ യൂട്യൂബ് ചാനലിലൂടെ റിലീസായി. മലയാളത്തിലെ സ്വതന്ത്ര സിനിമകളെ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തിലാണ് മിനിമൽ സിനിമ പ്രവർത്തിച്ചുവരുന്നത്. രാംദാസ് കടവല്ലൂർ സംവിധാനം ചെയ്ത ‘മണ്ണ്’, ശ്രീകൃഷ്ണൻ കെ.പി.യുടെ ‘മറുപാതൈ’, പ്രതാപ് ജോസഫിന്റെ ‘കുറ്റിപ്പുറം പാലം’, ‘അവൾക്കൊപ്പം’, ’52 സെക്കന്റ്’ എന്നിവയാണ് ചാനലിലെ മറ്റ് റിലീസുകൾ. ആഴ്ചയിൽ ഒരു പുതിയ സ്വതന്ത്രസിനിമ വീതം റിലീസ് ചെയ്യുക എന്നതാണ് ചാനൽ ലക്ഷ്യം വെക്കുന്നത്.

വിഖ്യാതനായ ബ്രിട്ടീഷ് കവി റോബർട്ട് ബ്രൗണിങ്ങിൻ്റെ അഞ്ച് പ്രസിദ്ധ കവിതകൾ സിനിമയ്ക്കുള്ളിലെ സിനിമയായി അവതരിപ്പിക്കുന്ന ആലോകം 2023ലാണ് പൂർത്തിയായത്. ഫിലിം സൊസൈറ്റികളിലും വിവിധ സാഹിത്യ, മീഡിയ ഡിപ്പാർട്ടുമെൻ്റുകളിലും ‘ആലോകം’ പ്രദർശിപ്പിച്ചുവരുന്നു. വൈലോപ്പിള്ളിയുടെ ‘കൃഷ്ണാഷ്ടമി’ എന്ന കവിതയെ അടിസ്ഥാനമാക്കിയുള്ള അഭിലാഷ് ബാബുവിൻ്റെ ‘കൃഷ്ണാഷ്ടമി: the book of dry leaves’ എന്ന സിനിമ ചിത്രീകരണത്തിൻ്റെ ഘട്ടത്തിലാണ്. ജിയോ ബേബി പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കുന്നത് ഔസേപ്പച്ചനാണ്.

AalokamAalokam

Exit mobile version