‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘പ്രേമലു’ ബ്ലോക്ക്ബസ്റ്ററടിച്ച് പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ ചിത്രത്തിന്റെ തെലുങ്ക് റീമീക്ക് ഒരുങ്ങുന്നു എന്ന വാർത്ത സന്തോഷത്തോടെയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അമൽ ഡേവിസിനെ അവതരിപ്പിച്ച സംഗീത് പ്രതാപ് വലിയ രീതിയിലുള്ള പ്രശംസകളാണ് പ്രേക്ഷകരിൽ ഏറ്റുവാങ്ങുന്നത്. ഇപ്പോഴിതാ സൂപ്പർഹിറ്റ് സംവിധായകൻ എസ് എസ് രാജമൗലിയെ നേരിൽ കണ്ട സന്തോഷം താരം പങ്കുവെച്ചിരിക്കുയാണ്. ഇത്രയും ആവേശകരമായ പ്രതികരണം ‘പ്രേമലു‘വിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും തെലുങ്കിൽ എന്റെ കഥാപാത്രത്തിന്റെ പേര് ‘അമൂൽ ബേബി’ എന്നാണെന്നും സംഗീത് പറഞ്ഞു. രാജമൗലി സാറിന്റെ അങ്കിൾ അദ്ദേഹത്തെ അമൂൽ എന്നാണ് വിളിച്ചിരുന്നതെന്നും പ്രേമലുവിലെ ഓരോ കഥാപാത്രങ്ങളെക്കുറിച്ചും തമാശകളെക്കുറിച്ചും സർ സ്റ്റേജിൽ വിശദമായി സംസാരിച്ചത് വല്ലാത്തൊരു അനുഭവമായിരുന്നു എന്നും സംഗീത് കൂട്ടിച്ചേർത്തു.
എസ് എസ് രാജമൗലിയുടെ വാക്കുകൾ, “അമൽ എന്ന താരം വളരെ നന്നായി അഭിനയിച്ചു. എൻ്റെ ചെല്ലപ്പേര് അമുൽ എന്നാണ്. ആ രീതിയിൽ അമലുമായി എനിക്കൊരു കണക്ഷനുണ്ട്. കോളജിൽ പഠിക്കുന്ന സമയത്ത് നമുക്കെല്ലാം ഉറപ്പായും അമലിനെപ്പോലെ ഒരു സുഹൃത്ത് ഉണ്ടാകും. ആ കഥാപാത്രത്തെ അമൽ വളരെ നന്നായി പ്രതിഫലിപ്പിച്ചു.” ‘4 ഇയേഴ്‌സ്’, ‘ലിറ്റിൽ മിസ്സ് റാവുത്തർ’, ‘പത്രോസിന്റെ പടപ്പുകൾ’ എന്നീ സിനിമകളുടെ എഡിറ്ററായും നിരവധി സിനിമകളിൽ സ്പോട് എഡിറ്ററായും പ്രവർത്തിച്ച വ്യക്തിയാണ് സംഗീത് പ്രതാപ്. സംഗീത് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ‘പ്രേമലു‘വിലാണ് എങ്കിലും സംഗീത് ആദ്യമായ് അഭിനയിക്കുന്ന സിനിമ ‘പ്രേമലു’ അല്ല. ഗിരീഷ് എ ഡിയുടെ തന്നെ ‘സൂപ്പർ ശരണ്യ’യിൽ സോനാരെയുടെ കസിനായ് എത്തിയതും സംഗീതാണ്. വിനീത് ശ്രീനിവാസന്റെ ‘ഹൃദയം‘ത്തിലും സുപ്രധാനമായൊരു കഥാപാത്രത്തെ സംഗീത് പ്രതാപ് അവതരിപ്പിച്ചിട്ടുണ്ട്.
English Summary:Amal Davis won the audience’s hearts; SS Rajamouli praises Sangeet Pratap
You may also like this video