സംസ്ഥാന സ്കൂൾ കായികമേളയിൽ റെക്കോഡ് തിരുത്തുകയെന്നത് വലിയ സംഭവമാണ്. എന്നാൽ മുഹമ്മദ് അമീൻ എന്ന മലപ്പുറത്തിന്റെ കുട്ടിത്താരത്തിന് റെക്കോഡുകൾ പഴങ്കഥയാക്കുന്നത് ഹോബിയാണ്. എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ രണ്ട് റെക്കോഡുകളാണ് ഇതുവരെ മുഹമ്മദ്ദ് അമീൻ തിരുത്തി സ്വന്തം പേരിലാക്കി മാറ്റിയത്. ഇന്നലെ സീനിയർ ആൺകുട്ടികളുടെ 1500 മീറ്ററിൽ റെക്കോഡോടെ സ്വർണം നേടിയാണ് മുഹമ്മദ് അമീൻ ഡബിൾ തികച്ചത്. ഇന്നലെ മൂന്ന് മിനിറ്റ് 54.38 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് മുഹമ്മദ് അമീന്റെ സ്വർണനേട്ടം. 2014ൽ പാലക്കാട് പറളി സ്കൂളിന്റെ താരമായിരുന്ന പി മുഹമ്മദ് അഫ്സൽ സ്ഥാപിച്ച മൂന്ന് മിനിറ്റ് 54.92 സെക്കൻഡിന്റെ റെക്കോഡാണ് ഇന്നലെ എം പി മുഹമ്മദ് അമീൻ തിരുത്തിയത്. മലപ്പുറം ചീക്കോട് കെകെഎംഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിയാണ് അമീൻ.
കഴിഞ്ഞ ദിവസം 3000 മീറ്ററിലും മുഹമ്മദ് അമീൻ റെക്കോഡോടെ സ്വർണം നേടിയിരുന്നു. ഈ രണ്ട് ഇനങ്ങളിലും വെള്ളിനേടിയ ഇതേ സ്‌കൂളിലെ തന്നെ കെസി മുഹമ്മദ് ജസീലും റെക്കോഡ് മറികടന്നു. മൂന്ന് മിനിറ്റ് 54.88 സെക്കൻഡിലാണ് മുഹമ്മദ് ജസീൽ ഫിനിഷ് ചെയ്തത്. പാലക്കാട് പുതുനഗരം എംഎച്ച്എസ്എസിലെ എസ് ശ്രിധിൻ (4.07.28 മിനിറ്റ്) വെങ്കലം കരസ്ഥമാക്കി. അമീനും ജസീലും ഒരുമിച്ച് കായികാധ്യാപകൻ മുനീറിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്. കഴിഞ്ഞ വർഷം ജൂനിയർ തലത്തിൽ മത്സരിച്ച് അമീൻ സ്വർണവും ജസീൽ വെള്ളിയും നേടി. ഇന്ന് നടക്കുന്ന ക്രോസ് കൺട്രിയിലും ഇരുവരും പോരാട്ടത്തിനിറങ്ങും. ഒരേ ദിവസം ജനിച്ച ഇവർക്ക് ഒരുമിച്ച് പരിശീലിച്ച് ഒരേ ഇനങ്ങളിൽ മത്സരത്തിനിറങ്ങുന്ന ഒരേ സ്കൂളുകാർ എന്ന പ്രത്യേകതയുമുണ്ട്. മലപ്പുറം കിഴിശ്ശേരി കടുങ്ങല്ലൂർ വാച്ചാപ്പുറം വീട്ടിൽ ബിസിനസുകാരനായ അബ്ദുൾ റഹ്‌മാമെന്റയും മുനീറയുടെയും മകനാണ് പ്ലസ് ടു സയൻസ് വിദ്യാർത്ഥിയായ അമീൻ. ചീക്കോട് കളത്തിങ്ങൽ ചിറ്റാർപറ്റ വീട്ടിൽ ബിസിനസുകാരനായ ജമാൽകുട്ടി-സഫറീന ദമ്പതികളുടെ മകനാണ് പ്ലസ് ടു കൊമേഴ്‌സ് വിദ്യാർത്ഥിയായ മുഹമ്മദ് ജസിൻ.