Site iconSite icon Janayugom Online

പദവി മറന്ന് വീണ്ടും അമിത് ഷാ

ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായിരിക്കേ അമിത് ഷാ നടത്തിയ പല പ്രസംഗങ്ങളും അക്കാലത്തെ സംസ്ഥാന രാഷ്ട്രീയത്തെ സംഘര്‍ഷഭരിതമാക്കുന്നതില്‍ വഹിച്ച പങ്ക് കുപ്രസിദ്ധമാണ്. ഒരു സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രിപദത്തിന്റെ മഹത്വമോ പ്രാധാന്യമോ ഉള്‍ക്കൊള്ളാതെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വിവാദവുമായിരുന്നു. നരേന്ദ്രമോഡി മുഖ്യമന്ത്രിയായി ഗുജറാത്ത് ഭരിക്കുമ്പോള്‍ വിവിധ കാലയളവുകളിലായി ആഭ്യന്തരത്തിനു പുറമെ നിയമം, ജയില്‍, അതിര്‍ത്തി സുരക്ഷ, എക്സൈസ്, ഗതാഗതം, ഗ്രാമ രക്ഷാദള്‍, നിയമനിര്‍മ്മാണം, പാര്‍ലമെന്ററികാര്യം എന്നീ സുപ്രധാന വകുപ്പുകളാണ് അമിത് ഷാ കൈകാര്യം ചെയ്തിരുന്നത്. 2004ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പോട്ട (പ്രിവന്‍ഷന്‍ ഓഫ് ‍ടെററിസം ആക്ട്) റദ്ദാക്കുന്നതിനുള്ള തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ ഗുജറാത്തിനു മാത്രമായി സംഘടിത കുറ്റകൃത്യം തടയല്‍ എന്ന പേരില്‍ നിയമമുണ്ടാക്കി പോട്ടയെ അതേ രീതിയില്‍ നിലനിര്‍ത്തുന്നതിന് ശ്രമിച്ച മന്ത്രിയായിരുന്നു അദ്ദേഹം. മതപരിവര്‍ത്തനം തടയുന്നതിന് ആദ്യമായി ഗുജറാത്ത് മതസ്വാതന്ത്ര്യ ബില്‍ കൊണ്ടുവന്നതും അദ്ദേഹമായിരുന്നു. അങ്ങനെ വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും ഭരണ നടപടികള്‍ സ്വീകരിക്കുകയും പ്രസംഗങ്ങളില്‍ വെറുപ്പ് പടര്‍ത്തുന്നതിന് ശ്രമിക്കുകയും ചെയ്ത പൂര്‍വകാല അനുഭവങ്ങളുമായാണ് രണ്ടാം മോഡി സര്‍ക്കാരില്‍ അമിത് ഷാ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയാകുന്നത്.

ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയില്‍ നിന്ന് കേന്ദ്രത്തിലേക്കുള്ള മാറ്റം അമിത് ഷായില്‍ എന്തെങ്കിലും വ്യത്യാസമുണ്ടാക്കിയെന്ന് ആര്‍ക്കെങ്കിലും പറയുവാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. സംഘ്പരിവാര്‍ മുന്നോട്ടുവയ്ക്കുന്നതും ബിജെപി നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നതുമായ സവര്‍ണ — ആക്രമണോത്സുക രാഷ്ട്രീയത്തിന്റെ നിയമപരമായ കാര്‍മ്മികനായി മാറുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് കലാപകാലത്ത് പൊലീസിനെ തീര്‍ത്തും പക്ഷപാതപരമായി ഉപയോഗിച്ചതില്‍ നിന്ന് അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയായതിനുശേഷം കേന്ദ്ര പൊലീസ് സേനയെ അതിനു പകരംവച്ചുവെന്ന വ്യത്യാസം മാത്രം. കശ്മീരിന് പ്രത്യേകാധികാരം നല്കിയിരുന്ന ഭരണഘടനയുടെ അനുച്ഛേദം റദ്ദാക്കുന്ന നിയമം ഭേദഗതി ചെയ്തും ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പൊലീസ് സംവിധാനത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതിന് നടത്തിയ ശ്രമങ്ങളും വ്യക്തമാക്കുന്ന നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടുവാനുണ്ട്. ഒടുവിലത്തേതായി ബില്‍ക്കീസ് ബാനു കേസ് പരിഗണിക്കാവുന്നതാണ്. തങ്ങള്‍ക്ക് അപ്രാപ്യമായ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയമായി നേട്ടമുണ്ടാക്കുന്നതിന് സാധിക്കില്ലെന്നുവരുന്ന ഘട്ടത്തില്‍ അവിടങ്ങളില്‍ വിദ്വേഷം വിതറിയും വര്‍ഗീയത പ്രചരിപ്പിച്ചും സംഘര്‍ഷ സാധ്യത സൃഷ്ടിക്കുന്നതിന് അമിത്ഷായ്ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. പശ്ചിമ ബംഗാളില്‍ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ അദ്ദേഹത്തില്‍ നിന്ന് പ്രസ്താവനകളുണ്ടായത് നാം ഓര്‍ക്കണം. 2020 ഫെബ്രുവരിയില്‍ ഡല്‍ഹിയിലുണ്ടായ കലാപവേളയില്‍ അമിത്ഷായുടെ അധികാരത്തിനു കീഴിലുണ്ടായിരുന്ന പൊലീസ് കാട്ടിയ നിസംഗതയും പക്ഷപാതിത്വവും രണ്ടുഡസനിലധികം തവണയെങ്കിലും വിവിധ കോടതികളുടെ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: ഗാന്ധിക്കു പകരം മോഡിയോ?


പരാതിക്കാരനെ പ്രതിയാക്കിയും പ്രതികളെ നീതിപീഠത്തിനു മുന്നിലെത്തിക്കാതെ വെറുതെവിട്ടും ന്യൂനപക്ഷവേട്ടയുടെ പുതിയ നീതിശാസ്ത്രം തന്നെ ഡല്‍ഹിയില്‍ അമിത്ഷായുടെ പൊലീസ് അവതരിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ കാട്ടുന്ന പക്ഷപാതിത്വം അതിനെക്കാള്‍ തീവ്രതയോടെയാണ് ഡല്‍ഹിയിലെ പൊലീസ് സ്വീകരിച്ചത്. ഈ വിധത്തില്‍ താനിരിക്കുന്ന പദവിയുടെ ഔന്നത്യം മറന്നുകൊണ്ടാണ് ഇപ്പോഴും അമിത് ഷാ പ്രവര്‍ത്തിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ നടത്തിയ പ്രസംഗവും തെലങ്കാനയെ കുറിച്ച് നടത്തുവാന്‍ പോകുന്ന പുതിയ ആഘോഷപ്രഖ്യാപനങ്ങളും വ്യക്തമാക്കുന്നത്. ബിജെപി സംഘടിപ്പിച്ച പട്ടികജാതി മോർച്ച സംഗമത്തിലായിരുന്നു അമിത് ഷായുടെ കലാപാഹ്വാനമുണ്ടായത്. മറ്റു സംസ്ഥാനങ്ങളില്‍ രാഷ്ട്ര ഭക്തിയിലൂടെയാണ് ബിജെപി വളരുന്നതെങ്കില്‍ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ബലിദാനിയാകുക കൂടി വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ കാതല്‍. യഥാര്‍ത്ഥത്തില്‍ സ്വന്തം അണികളോട് ബലിദാനികളാകുവാന്‍ ആഹ്വാനം നല്കുക വഴി കേരളത്തില്‍ കലാപാന്തരീക്ഷം സൃഷ്ടിക്കുകയാണ് ഷാ ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തമാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ബിജെപിയും ആര്‍എസ്എസും സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ അമിത്ഷായുടെ ആഹ്വാനം നേരത്തെ തന്നെ അണികള്‍ സ്വീകരിച്ചിരിക്കുന്നുവെന്നതിന്റെ സൂചനയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി സന്ദര്‍ശനത്തിനെത്തുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിലാണ് തലസ്ഥാന ജില്ലയില്‍ ബിജെപി അക്രമം അഴിച്ചുവിട്ടത്. കഴിഞ്ഞ ആറുമാസത്തിനിടെ ആലപ്പുഴയിലും പാലക്കാടും ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ കലാപ നീക്കമുണ്ടായി. കര്‍ണാടകയിലും യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ബിജെപി അധികാരം നേടിയതും നിലനിര്‍ത്തുന്നതും കലാപങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്തി നിര്‍ത്തുന്നതിലൂടെയായിരുന്നു.

കേരളത്തില്‍ കലാപ ശ്രമങ്ങളിലൂടെ നേട്ടമുണ്ടാക്കുന്നതിന് സാധിക്കുമോയെന്ന നീക്കത്തിനാണ് അമിത് ഷാ ഈ ആഹ്വാനത്തിലൂടെ ഉന്നം വയ്ക്കുന്നതെന്ന് മനസിലാക്കാവുന്നതാണ്. സ്വാതന്ത്ര്യസമര ചരിത്രത്തെ വക്രീകരിച്ച് തങ്ങള്‍ക്ക് ഇല്ലാതിരുന്ന പങ്ക് എഴുതിച്ചേര്‍ക്കുന്നതിന് ശ്രമിച്ചതുപോലെ ഹൈദരാബാദിന്റെ ചരിത്രത്തെ വളച്ചൊടിക്കുന്നതിനും അതുവഴി പ്രാദേശിക വികാരമുണ്ടാക്കിയും വര്‍ഗീയത സൃഷ്ടിച്ചും നേട്ടമുണ്ടാക്കുന്നതിനുമുള്ള ശ്രമമാണ് തെലങ്കാനയില്‍ നടത്തുവാന്‍ ശ്രമിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കാത്ത പരിപാടിയില്‍ നേരിട്ടെത്തി അമിത് ഷാ പങ്കെടുക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നതിന് സംസ്ഥാന മുഖ്യമന്ത്രിക്ക് കേന്ദ്രം കത്തെഴുതുകയെന്ന അപൂര്‍വതയ്ക്കും ഇവിടെ നാം സാക്ഷിയാകുകയാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തന്നെയാണ് ഇവിടെയും അമിത് ഷാ ലക്ഷ്യം വയ്ക്കുന്നത്. തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കും അധികാരം നേടുന്നതിനും എന്തുവേഷവുമണിയുവന്‍ തയാറാണെന്നാണ് ഇതിലൂടെ അമിത് ഷാ ബോധ്യപ്പെടുത്തുന്നത്. അതിന് രാജ്യത്തിന്റെ ആഭ്യന്തര വകുപ്പ് മന്ത്രിയെന്ന പദവിയുടെ മഹത്വം പോലും അദ്ദേഹം കളഞ്ഞു കുളിക്കുകയാണ്.

Exit mobile version