പെരിയാറിൽ രാസമാലിന്യമില്ലെന്ന് റിപ്പോർട്ട് നൽകിയ മലിനീകരണ നിയന്ത്രണ ബോർഡിനെ പ്രതിക്കൂട്ടിലാക്കി കുഫോസ് (കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവകലാശാല). ജലത്തിൽ അമോണിയയും സൾഫൈഡും അപകടകരമായ അളവിൽ ഉണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് കുഫോസ് സംസ്ഥാന ഫിഷറീസ് വകുപ്പിന് സമർപ്പിച്ചു. ജലത്തിൽ ഓക്സിജന്റെ അളവ് കുറവാണെന്നും കുഫോസിന്റെ റിപ്പോർട്ടിൽ പറയുന്നു. വെള്ളത്തിൽ എങ്ങനെയാണ് അമോണിയയും സൾഫൈഡും അപകടകരമായ അളവിൽ എത്തിയത് എന്നറിയാൻ വിശദമായ രാസപരിശോധന ആവശ്യമാണെന്നും കുഫോസ് റിപ്പോർട്ടിൽ പറയുന്നു. മത്സ്യങ്ങളിൽ നടത്തിയ പരിശോധനയുടെ ഫലം ലഭിച്ചാൽ മാത്രമേ ജലത്തിൽ എങ്ങനെ രാസമാലിന്യം കലർന്നു എന്നതിൽ വ്യക്തത വരുത്താൻ കഴിയൂ. ഇതിന് ഒരാഴ്ചയെങ്കിലും സമയമെടുക്കും. ചത്ത മത്സ്യങ്ങളിൽനിന്ന് പുറത്തുവന്നതാകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ടെന്ന് കുഫോസ് വൃത്തങ്ങൾ വ്യക്തമാക്കി.
നേരത്തെ, മലിനീകരണ നിയന്ത്രണ ബോർഡ് സമർപ്പിച്ച റിപ്പോർട്ടിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചില്ലെന്നും വെള്ളത്തിലെ ഓക്സിജൻ കുറഞ്ഞതാണ് മത്സ്യങ്ങൾ ചത്തു പൊങ്ങാൻ കാരണമായതെന്നുമാണ് പറഞ്ഞിരുന്നത്. ഇതിനു കാരണമായി പറഞ്ഞത് പാതാളം ബണ്ട് അപ്രതീക്ഷിതമായി തുറന്നു എന്നതായിരുന്നു. ‘പാതാളം ബണ്ടിന്റെ ഷട്ടർ തുറന്നു വിട്ടത് ബണ്ടിനു താഴേക്കുള്ള ഭാഗങ്ങളിൽ പെട്ടെന്ന് ഡിസോൾവ്‍ഡ് ഓക്സിജൻ’ കുറയാൻ കാരണമായതായി കാണുന്നു’ എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇതിനെ തള്ളിക്കളയുന്ന വിവരങ്ങളാണ് കുഫോസ് പുറത്തുവിട്ടിരിക്കുന്നത്. വെള്ളത്തിൽ എങ്ങനെയാണ് ഈ രാസവസ്തുക്കൾ കലർന്നത് എന്ന അന്വേഷണത്തിനും ഇതോടെ പ്രസക്തിയേറി. നിലവിൽ നാലു വകുപ്പുകളാണ് പെരിയാറിലെ മത്സ്യക്കുരുതിയെക്കുറിച്ച് അന്വേഷിക്കുന്നത്. ദുരന്തത്തിനിടയാക്കിയ കാരണങ്ങളും മത്സ്യക്കർഷകർക്കുണ്ടായ നാശനഷ്ടങ്ങളും വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഫോർട്ട് കൊച്ചി സബ് കലക്ടറോടു നിർദേശിച്ചിരുന്നു. അഞ്ചുകോടി രൂപയോളം മത്സ്യ കർഷകർക്കു നഷ്ടമായിട്ടുണ്ടെന്നാണു കണക്ക്.
കൂടുമത്സ്യകൃഷി ചെയ്തവരെയാണ് ഇത് ഏറ്റവും ബാധിച്ചിരിക്കുന്നത്. കരിമീൻ, കാളാഞ്ചി, തിലാപ്പിയ മീനുകളാണ് മിക്ക കർഷകരും വളർത്തിയിരുന്നത്. ഒരു കൂട്ടിൽ 2500 മത്സ്യ കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു. ഒരു കൂടിന് കുറഞ്ഞത് ഒന്നര–രണ്ടു ലക്ഷം രൂപ വരെ ഓരോ കൂടിനും ചെലവഴിച്ച 450ഓളം കർഷകരാണ് ഇത്തവണ ദുരന്തത്തിന് ഇരയായാത്. ഇവർക്ക് 15–20 ലക്ഷം രൂപ വരെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഫിഷറീസ് വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും കുഫോസുമാണു ദുരന്തത്തിന്റെ കാരണങ്ങൾ അന്വേഷിക്കുന്ന മറ്റു വകുപ്പുകൾ. ഫിഷറീസ് വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് ഇതിനകം സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ് ആകട്ടെ, ജലത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതാണ് ദുരന്തത്തിനു കാരണമെന്ന നിലപാട് ആവർത്തിക്കുകയാണ്.
English Summary:Ammonia and sulphide in Periyar; Kufos rejects Pollution Control Board
You may also like this video