സംസ്ഥാന സ്കൂള്‍ കായികമേള തന്റെതാക്കി മാറ്റുകയാണ് പാലക്കാടിന്റെ എം അമൃത്. ഇന്ന് ജൂനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ പൊന്‍തിളക്കം സ്വന്തമാക്കിയതോടെ ട്രിപ്പിള്‍ സ്വര്‍ണമെന്ന നേട്ടത്തിലേക്കാണ് അമൃത് ലാന്‍ഡ് ചെയ്തിരിക്കുന്നത്. പാലക്കാട് കുമരംപുത്തൂര്‍ കെഎച്ച് എസ്എസിലെ വിദ്യാര്‍ത്ഥിയാണ് അമൃത്. 400 മീറ്റര്‍, 800 മീറ്റര്‍ ഇനങ്ങളില്‍ അമൃത് സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. മേളയിലെ ആദ്യ ട്രിപ്പിള്‍ സ്വര്‍ണജേതാവാണ് ഈ മിടുക്കന്‍.
ഇന്ന് നാല് മിനിറ്റ് 14.36 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അമൃതിന്റെ പൊന്‍നേട്ടം. സായി കൊല്ലത്തിന്റെ മെല്‍ബിന്‍ ബെന്നി നാല് മിനിറ്റ് 14.94 സെക്കന്‍ഡില്‍ വെള്ളിയും പാലക്കാട് മുണ്ടൂര്‍ എച്ച്എസിലെ എസ് ജഗന്നാഥന്‍ നാല് മിനിറ്റ് 16.65 സെക്കന്‍ഡില്‍ വെങ്കലവും നേടി. കഴിഞ്ഞ വര്‍ഷം കുന്നംകുളത്ത് നടന്ന സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ 1500 മീറ്റര്‍, 800 മീറ്റര്‍ എന്നിവയിലും അമൃത് സ്വര്‍ണം നേടിയിരുന്നു. പാലക്കാട് നെന്മാറ ചേരാമംഗലം പഴതറ വീട്ടില്‍ ലോറി ഡ്രൈവറായ മോഹനന്റെയും പുഷ്പലതയുടെയും മകനാണ് അമൃത്. സായി കോച്ച് നവാസിന്റെ കീവിലാണ് പരിശീലനം നടത്തുന്നത്.