Site iconSite icon Janayugom Online

പ്രവാസി മലയാളികളുടെ ചലച്ചിത്രാഷ്‌കാരങ്ങൾക്കായ് ഒരു അന്താരാഷ്ട്ര വേദി ! ജോയ് കെ മാത്യുവിന്റെ നേതൃത്വത്തിൽ ‘ഐഎംഎഫ്എഫ്എ

cinemacinema
പി ആർ സുമേരൻ
കൊച്ചി: സിനിമയുടെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളി കലാകാരന്മാർക്കായ് ലോകത്തിലാദ്യമായ് ആഗോള തലത്തിൽ ഹ്രസ്വ‑ദീർഘ ചലച്ചിത്രങ്ങളുടെ ഒരു ഇന്റർനാഷനൽ മലയാളം ഫിലിം ഫെസ്റ്റിവൽ എല്ലാ വർഷവും ഓസ്‌ട്രേലിയയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. നടൻ, എഴുത്തുകാരൻ, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ കഴിവ് തെളിയിച്ച ജോയ് കെ മാത്യുവിന്റെ നേതൃത്വത്തിലാണ് പരിപാടി ഒരുങ്ങുന്നത്.
കേരളത്തിന് പുറത്ത് കഴിയുന്ന മലയാളികളായ കലാകാരന്മാരുടെ ഹ്രസ്വ‑ദീര്‍ഘ ചിത്രങ്ങള്‍ ഓസ്‌ട്രേലിയയില്‍ മലയാളം ചലച്ചിത്ര മേളകളിൽ ഉൾപ്പെടുത്തുക, കേരളത്തിന് പുറത്ത് കഴിയുന്ന മലയാളികൾ സിനിമയുടെ ചിത്രീകരണവുമായ് ബന്ധപ്പെട്ട് ഓസ്‌ട്രേലിയയിലേക്ക് എത്തുന്നുവെങ്കിൽ ചിത്രീകണത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും നൽകുക, കേരളത്തിൽ പുതുമുഖങ്ങൾക്കും പ്രവാസി കലാകാരന്മാർക്കും അവസരം നൽകി ചെറിയ ബഡ്ജറ്റിൽ നിർമ്മിക്കുന്ന കുടുംബചിത്രങ്ങൾ ഓസ്‌ട്രേലിയയിൽ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുക എന്നിവയാണ് ഇന്റർനാഷനൽ മലയാളം ഫിലിം ഫെസ്റ്റിവൽ ഓഫ് ഓസ്‌ട്രേലിയ (ഐ.എം.എഫ്.എഫ്.എ) ലക്ഷ്യമിടുന്നത്. കൂടുതൽ വിവരങ്ങൾക്കും ചിത്രങ്ങൾ അയയ്‌ക്കേണ്ടതുമായ ഇമെയിൽ  ausmalfilmindustry@gmail.com ചിത്രങ്ങൾ 2024 ജൂലൈ 30ന് മുൻപായ് അയക്കണം.
ഐ.എം.എഫ്.എഫ്.എ. സ്ഥാപകനും ഫെസ്റ്റിവൽ ഡയറക്ടറുമായ ജോയ് കെ മാത്യുവിന്റെ വാക്കുകൾ, “2024 മാർച്ച് 31ന് ഉള്ളിൽ ഓസ്‌ട്രേലിയയിൽ ചിത്രീകരിച്ച ഹ്രസ്വ‑ദീർഘ മലയാള സിനിമകളാണ് ആദ്യ ഫെസ്റ്റിവലിൽ ഉൾപ്പെടുത്തുന്നത്. മികച്ച ചിത്രത്തിന് മാത്രമാണ് ആദ്യ വർഷങ്ങളിൽ പുരസ്‌കാരം നൽകുക. മലയാള സിനിമരംഗത്തെ പ്രശസ്തർ അടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.   മികച്ച ചിത്രത്തിന്റെ സംവിധായകന് അല്ലെങ്കിൽ നിർമാതാവിന് പ്രത്യേകം രൂപകല്പന ചെയ്ത ശിൽപ്പവും ഫെസ്റ്റിവൽ വേദിയിലെത്താനുള്ള വിമാന ടിക്കറ്റും ഭക്ഷണ‑താമസ സൗകര്യങ്ങളും ഐ.എം.എഫ്.എഫ്.എ. നൽകും.”
മലയാളചലച്ചിത്ര രംഗത്തെ പ്രമുഖ നിർമ്മാതാവും മരിക്കാർ ഫിലിംസിന്റെ ഉടമയുമായ ഷാഹുൽ ഹമീദ് ഐ.എം.എഫ്.എഫ്.എ.യുടെ ലോഗോ പ്രകാശനം ചെയ്തു. ഗോൾഡ് കോസ്റ്റിൽ പ്രത്യേകം സംഘടിപ്പിച്ച ചടങ്ങിലെ അദ്ധ്യക്ഷതസ്ഥാനം ജോയ് കെ മാത്യു വഹിച്ചു. മാർഷൽ ജോസഫ്, മജീഷ്, വിപിൻ, റിജോ, ആഷ, ശരൺ, ഇന്ദു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Exit mobile version