അഞ്ചൽ ബൈപാസിന്റെ നിർമ്മാണ പ്രവൃത്തികൾ അവസാനഘട്ടത്തിലേക്ക്. ബൈപ്പാസിന്റെ ടാറിങ് പ്രവർത്തികൾ ആരംഭിച്ചു. ഇടമുളക്കൽ കുരിശുംമുക്ക് മുതൽ ഗണപതി അമ്പലം വരെയുള്ള ഭാഗത്താണ് ടാറിങ് ജോലികൾ ആരംഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് ആദ്യവാരത്തോടെ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അഞ്ചൽ ‑ആയൂർ- പുനലൂർ സംസ്ഥാന പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കൊപ്പമാണ് ബൈപ്പാസ് നിർമ്മാണവും പുരോഗമിക്കുന്നത്. അഞ്ചൽ ആയൂർ റോഡിൽ കുരിശുംമുക്കിൽ നിന്നും ആരംഭിച്ചു പടിഞ്ഞാറ്റിൻകര ഗണപതി അമ്പലം വഴി അഞ്ചൽ പുനലൂർ റോഡിൽ സെന്റ് ജോർജ് സ്കൂൾ വരെയാണ് ബൈപാസ്. 2.11 കിലോമീറ്റർ നീളത്തിലും, 14 മീറ്റർ വീതിയിലുമാണ് നിർമ്മാണം. ബൈപ്പാസ് റോഡിനോട് ചേർന്ന് ഇരുവശത്തും ഓട നിർമ്മിച്ചു അതിനുമുകളിൽ നടപ്പാതയും, കൈവരി, വഴിവിളക്ക്, റോഡ് സുരക്ഷാ ഉപകരണങ്ങൾ എന്നിവയിടെയും നിർമ്മാണവും നടക്കുകയാണ്.