തോട്ടം തൊഴിലാളികളുടെ വിരമിക്കല്‍ പ്രായം 58ല്‍ നിന്നും അറുപതാക്കി ഉയര്‍ത്തണമെന്ന ആവശ്യത്തിന് നിരവധി വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പല തോട്ടങ്ങളിലും വിരമിച്ച ഉദ്യോഗസ്ഥന്മാര്‍ക്ക് തുടര്‍ന്നും ജോലി നല്‍കുന്നു. പരിചയസമ്പന്നരായവര്‍ തോട്ടത്തില്‍ വേണമെന്നാണ് ഉടമകളുടെ ന്യായവാദം. എങ്കില്‍ മാത്രമേ ഉല്പാദനം വര്‍ധിപ്പിക്കാന്‍ കഴിയുവെന്ന് ഉടമകള്‍ പറയുന്നു. അറുപതും അറുപത്തിയഞ്ചും വയസായ ജീവനക്കാര്‍ മൂന്നാര്‍ മേഖലയില്‍ത്തന്നെ ധാരാളം ജോലി ചെയ്യുന്നു. തോട്ടം രംഗത്ത് പ്രവര്‍ത്തിക്കുന്ന യൂണിയനുകളുടെ നിരന്തര ആവശ്യം മാനിച്ച് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തോട്ടം നയത്തിന് രൂപം നല്കിയിരുന്നു. തോട്ടം തൊഴിലാളി പ്രതിനിധികളും തൊഴിലുടമ പ്രതിനിധികളും പങ്കെടുത്ത യോഗം ചേര്‍ത്താണ് നയത്തിന് രൂപം നല്കിയത്. തോട്ടം നയത്തിന്റെ അന്തിമ രൂപത്തിന് അംഗീകാരം നല്കി 2021 ജനുവരി 22ന് അന്തിമ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഈ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് നിദാനമായ കാരണങ്ങള്‍ കേരള സര്‍ക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പ് പ്രസിദ്ധീകരിച്ച പ്ലാന്റേഷന്‍ പോളിസി എന്ന പുസ്തകത്തില്‍ ഏഴാം പേജില്‍ ഇങ്ങനെ പറയുന്നു. “ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് പല തോട്ടങ്ങളിലും ജോലി നടക്കുന്നത്. തോട്ടം തൊഴിലാളികളുടെ പെൻഷന്‍ പ്രായം 60 വയസാക്കി ഉയര്‍ത്തിയാല്‍ അനുഭവസമ്പത്തുള്ള തൊഴിലാളികളുടെ സേവനം രണ്ടു വര്‍ഷം കൂടി ലഭ്യമാവുമെന്ന ശക്തമായ അഭിപ്രായമാണ് തൊഴിലാളി സംഘടനകള്‍ നല്കുന്നത്”. ഇതിനെതിരെ ഒരു വിരല്‍പോലും അനക്കാന്‍ കേരളത്തിലെ തോട്ടം ഉടമ സംഘടനയായ അസോസിയേഷന്‍ ഓഫ് പ്ലാന്റേഴ്സ് ഓഫ് കേരള അന്ന് തയാറായില്ല. മൗനം സമ്മതലക്ഷണമാണല്ലോ. ഇതേ പോളിസിക്ക് കേരള സര്‍ക്കാര്‍ അംഗീകാരവും നല്കി. “പ്രായോഗിക പരിജ്ഞാനമുള്ള തൊഴിലാളികളാണ് തോട്ടം മേഖലയുടെ ശക്തി. പ്രതിസന്ധി കാലഘട്ടത്തില്‍പ്പോലും ഇവരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തിയാണ് തോട്ടം മേഖല പിടിച്ചുനില്ക്കുന്നത്. ഈ സാഹചര്യത്തില്‍ കഴിവിനോടൊപ്പം പ്രായോഗികതയും ഉപയോഗപ്പെടുത്തി മേഖലയ്ക്ക് കരുത്തുപകരുന്നതിനായി തോട്ടം തൊഴിലാളികളുടെ പ്രായം 60 ആയി നിജപ്പെടുത്തും”. ഇതനുസരിച്ച് 2021 ഫെബ്രുവരി 18ന് സംസ്ഥാന തൊഴിലും നൈപുണ്യവും (ഡി) വകുപ്പ് 2021 ഫെബ്രുവരി 18ന് തോട്ടം തൊഴിലാളികളുടെ പെന്‍ഷന്‍ പ്രായം 58ല്‍ നിന്നും 60 ആക്കി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതിനെതിരെ തോട്ടമുടമകളുടെ സംഘടന കേരള ഹൈക്കോടതിയില്‍ നിന്നും സ്റ്റേ ഉത്തരവ് സമ്പാദിച്ചു എന്നതിന്റെ പേരില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് ശരിയല്ല. ഈ പ്രശ്നത്തെപ്പറ്റി ആദ്യമായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ആറിന് ത്രികക്ഷി സമ്മേളനം വിളിച്ചിരുന്നു. വീണ്ടും പല ത്രികക്ഷി സമ്മേളനങ്ങള്‍ വിളിച്ചെങ്കിലും നടന്നില്ല. പല യോഗങ്ങള്‍ മാറ്റിവച്ചശേഷം കഴിഞ്ഞ ഡിസംബര്‍ 30ന് തൊഴില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം നടന്നു. 15 ദിവസം കഴിഞ്ഞ് വീണ്ടും ഒരു യോഗം ചേര്‍ന്ന് ഈ വിഷയം ചര്‍ച്ച ചെയ്ത് തീരുമാനത്തില്‍ എത്തിച്ചേരാമെന്ന് അധ്യക്ഷനായിരുന്ന തൊഴില്‍ മന്ത്രി അറിയിച്ച് യോഗം പിരിഞ്ഞു. അതിനുശേഷം യോഗം നടത്തിയില്ല എന്നു മാത്രമല്ല പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് യോഗത്തിന്റെ മിനിറ്റ്സ്, തീയതി വയ്ക്കാതെ കെ-2 3611–2021 ആയി ഫെബ്രുവരി മാസത്തില്‍ അയയ്ക്കുകയും ചെയ്തു. കേരളത്തില്‍ പീരുമേട്, ദേവികുളം, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഉടുമ്പന്‍ചോല, വയനാട് എന്നീ മേഖലകളില്‍ റബ്ബര്‍, ഏലം, തേയില, കാപ്പി തോട്ടങ്ങളില്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നു. ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ ഈ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് ശരിയല്ല. തൊഴില്‍ വകുപ്പ് തികച്ചും മന്ദമായി പോകന്ന ഈ സമീപനം ശരിയല്ല എന്ന അഭിപ്രായമാണ് തോട്ടം തൊഴിലാളികള്‍ക്കുള്ളത്. മാത്രമല്ല കേരളത്തിലെ ഏറ്റവും കുറഞ്ഞ ശമ്പളക്കാരാണ് തോട്ടം തൊഴിലാളികള്‍ എന്നതും ഓര്‍ക്കുക.
എം വൈ ഔസേഫ്
ജനറല്‍ സെക്രട്ടറി
ഡിഇഡബ്ല്യു യൂണിയന്‍ (എഐടിയുസി), മൂന്നാര്‍