Site iconSite icon Janayugom Online

ഓൺലൈൻ തട്ടിപ്പിന്റെ കഥ പറയുന്ന ‘അഞ്ചിൽ ഒരാൾ തസ്കരൻ’ ചർച്ചയാകുന്നു

cinemacinema

ഓൺലൈനിലൂടെ ആളുകളെ കബളിപ്പിച്ച് വൻ തുകകൾ ബാങ്ക് അകൗണ്ടിൽ നിന്നും തട്ടിയെടുക്കുന്ന സംഭവം പശ്ചാത്തലമാക്കി ഹിറ്റ് സിനിമകളുടെ സംവിധായകൻ സോമൻ അമ്പാട്ട് സംവിധാനം ചെയ്ത അഞ്ചിൽ ഒരാൾ തസ്കരൻ എന്ന സിനിമ സജീവ ചർച്ചയാകുന്നു. സമാനമായ രീതിയിൽ കേരളം കേന്ദ്രീകരിച്ച് നടന്ന കോടിക്കണക്കിന് രൂപയുടെ ഓൺലൈൻ തട്ടിപ്പിലെ പ്രധാനിയെ കഴിഞ്ഞ ദിവസം തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് സംഘം ഝാര്‍ഖണ്ഡില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് 29ന് റിലീസായ സിനിമയും ചർച്ചയാകുന്നത്. സിനിമാക്കഥ പോലെയാണ് തട്ടിപ്പും നടന്നിട്ടുള്ളത്. ഓൺലൈൻ തട്ടിപ്പ് സമൂഹം ഗൗരവമായി തിരിച്ചറിയണമെന്ന ലക്ഷ്യമാണ് സിനിമക്ക് പിന്നിലുള്ളതെന്നും സംവിധായകൻ സോമൻ അമ്പാട്ട് ജനയുഗത്തോട് പറഞ്ഞു. ഝാര്‍ഖണ്ഡ് സ്വദേശിയായ അജിത് കുമാര്‍ മണ്ഡലാണ് (22) പിടിയിലായത്. 2021 ഒക്ടോബര്‍ എട്ടിന് ഇരിങ്ങാലക്കുട സ്വദേശിയുടെ 40,000 രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. എസ്ബിഐ അക്കൗണ്ട് ബ്ലോക്ക് ആയെന്നും കെവൈസി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ലിങ്ക് എന്ന വ്യാജേന മൊബൈലിലേക്ക് എസ്.എം.എസ് അയച്ചാണ് തട്ടിപ്പിന്റ തുടക്കം.
വ്യാജ സന്ദേശമാണെന്ന് അറിയാതെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ബാങ്കിന്റേതെന്ന് തോന്നിപ്പിക്കുന്ന വെബ്സൈറ്റില്‍ ബാങ്ക് വിവരങ്ങളും ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും നൽകി. തുടര്‍ന്ന് മൊബൈൽ ഫോണുകളിലേക്ക് വന്ന ഒടിപി നൽകിയതോടെയാണ് പണം നഷ്ടമായത്. ഇതിനെത്തുടർന്നാണ് ഇവർ പൊലീസിൽ നൽകിയത്.ഇത്തരത്തിൽ സമ്മാനം അടിച്ചുവെന്നും, ഏറ്റവും മികച്ച കസ്റ്റമർ എന്ന നിലയിൽ തിരഞ്ഞെടുത്തുവെന്നും ഉൾപ്പെടെയുള്ള പലതരം കബളിപ്പിക്കലിലൂടയാണ് ഫിഷിങ് എന്ന പേരിൽ തട്ടിപ്പ് നടക്കുന്നത്. ഇതിനെതിരെയുള്ള ബോധവത്കരണവും കൂടിയാണ് സിനിമ. ഇതോടൊപ്പം പുതിയ കാലഘട്ടത്തിൽ കുടുംബ ബന്ധങ്ങളിൽ സംഭവിക്കുന്ന ഒറ്റപ്പെടലും സ്വന്തം മാതാപിതാക്കളെ തള്ളിപ്പറയുന്ന പുതിയ തലമുറയേയും തിരിച്ചറിവിന്റെ തലത്തിലേക്ക് എത്തിക്കുന്നതാണ് സിനിമയുടെ പ്രമേയം. ജയശ്രീ സിനിമാസിന്റെ ബാനറിൽ സോമൻ അമ്പാട്ട് കഥയും സംവിധാനവും നിർവ്വഹിച്ച അഞ്ചിൽ ഒരാൾ തസ്കരൻ പ്രതാപൻ വെങ്കടാചലം, ഉദയശങ്കർ എന്നിവർ ചേർന്നാണ്‌ നിർമ്മിച്ചിട്ടുള്ളത്. ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള എസ് വെങ്കട്ടരാമൻ എക്സിക്യൂട്ടീവ് നിർമ്മാതാവുമാണ്. ഇന്ദ്രൻസ്, രൺജി പണിക്കർ,കലാഭവൻ ഷാജോൺ, പുതുമുഖം സിദ്ധാർത്ഥ് രാജൻ, ഹരീഷ് പേരടി, ഹരീഷ് കണാരൻ, ശിവജി ഗുരുവായൂർ, പാഷാണം ഷാജി, സുബ്രഹ്മണ്യൻ ബോൾഗാട്ടി, അരിസ്റ്റോ സുരേഷ്, ശ്രവണ, അംബിക, നീന കുറുപ്പ്, കുളപ്പുള്ളി ലീല, മീനാക്ഷി മഹേഷ് തുടങ്ങിയവർ അഭിനയിക്കുന്നു.

You may also like this video

Exit mobile version