Site iconSite icon Janayugom Online

അരിക്കൊമ്പൻ വിഷയം ; ചീഫ് ജസ്റ്റിസിന് കർഷക സംഘടനകളുടെ പരാതി

അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കർഷക സംഘടനകൾ പരാതി നൽകും. അറുപതോളം സംഘടനകളാണ് പരാതി നൽകുക. കേസ് വേഗത്തിൽ പരിഗണിക്കാനുണ്ടായ സാഹചര്യം അന്വേഷിക്കണം. അടിയന്തരമായി രാത്രിയിൽ പരിഗണിച്ചതിൽ നിയമ വിരുദ്ധത ഉണ്ടെങ്കിൽ നടപടി വേണം. കേസിൽ ചീഫ് ജസ്റ്റിസ് വാദം കേൾക്കണം എന്നുമാണ് സംഘടനകളുടെ ആവശ്യം. അഞ്ചാം തിയതി രാവിലെ ചീഫ് ജസ്റ്റിസിന് നേരിട്ട് പരാതി നൽകും. അതിനിടെ മൃഗങ്ങൾക്കും മനുഷ്യർക്കു തുല്യമായ നിയമപരമായ അവകാശങ്ങൾ അംഗീകരിച്ചു നൽകാനാകില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി.

കരയിലും വെള്ളത്തിലും കഴിയുന്ന സകല ജീവികൾക്കും മനുഷ്യർക്കു തുല്യമായ നിയമാവകാശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് ജസ്റ്റീസുമാരായ ബി ആർ ഗവായ്, വിക്രം നാഥ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. 2020 മേയ് 27 ന് കേരളത്തിൽ സൈലന്റ് വാലിയിൽ ഗർഭിണിയായ ആന പടക്കം വെച്ച പൈനാപ്പിൾ കടിച്ചു കൊല്ലപ്പെട്ട സംഭവം അടക്കം ചൂണ്ടിക്കാട്ടി കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളെ കക്ഷി ചേർത്താണ് സുപ്രീംകോടതിയിൽ പൊതു താല്പര്യ ഹർജി എത്തിയത്.

ഇടുക്കി ചിന്നക്കനാലിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ മയക്കു വെടി വെച്ചു പിടി കൂടുന്നത് തടഞ്ഞ കേരള ഹൈക്കോടതി മൃഗങ്ങൾക്കും ചില അവകാശങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, സമാന ആവശ്യം ഉന്നയിച്ചു നൽകിയ ഹർജിയിൽ ഭരണഘടനപരമായി പരിശോധിക്കുമ്പോൾ ഇത്തരമൊരാവശ്യം കോടതിക്കു അനുവദിച്ചു നൽകാനാകില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.

Eng­lish Sum­ma­ry: Arikom­ban case; Com­plaint by farm­ers to the Chief Justice
You may also like this video

Exit mobile version