ഏകീകൃത സിവില്‍കോഡ് ഉള്‍പ്പെടെയുള്ള വിഷയത്തില്‍ ബോധവല്‍ക്കരണം നടത്തുന്നതിനായി സൈന്യത്തെ ഉപയോഗിക്കാന്‍ മോഡി സര്‍ക്കാര്‍. സിവില്‍കോഡ് സംബന്ധിച്ച് ജമ്മു കശ്മീരില്‍ കരസേനയുടെ പേരില്‍ സംഘടിപ്പിച്ച സെമിനാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കി. കഴിഞ്ഞദിവസം വൈകുന്നേരമാണ് മാധ്യമങ്ങളെ പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ട് സൈന്യം അറിയിപ്പ് നല്‍കിയത്. ചൊവ്വാഴ്ച കശ്മീര്‍ യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.
എന്നാല്‍ സൈന്യത്തെ രാഷ്ട്രീയവിഷയങ്ങള്‍ക്കു വേണ്ടി ഭരണകൂടം ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു. മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റുമായ ഒമര്‍ അബ്ദുള്ള നടപടിയെ ചോദ്യം ചെയ്തു. ഏകീകൃത സിവില്‍ നിയമം പോലുള്ള തര്‍ക്കത്തിലിരിക്കുന്ന വിഷയം കശ്മീര്‍ പോലുള്ള വൈകാരികമായ പ്രദേശത്ത് അവതരിപ്പിക്കുമ്പോള്‍ സൈന്യം കൂടുതല്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാതൃകാ പെരുമാറ്റച്ചട്ടം നിലവിലിരിക്കെ ഇത്തരം നീക്കങ്ങള്‍ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് എന്‍ സി വക്താവ് തന്‍വീര്‍ സാദിഖ് പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ കോണുകളില്‍ നിന്ന് തുടര്‍ച്ചയായ എതിര്‍പ്പുകള്‍ വന്നതിനെ തുടര്‍ന്ന് സൈന്യം സെമിനാര്‍ റദ്ദാക്കുകയായിരുന്നു.