തന്നെ സംരക്ഷിക്കേണ്ട പിതാവ് കടത്തിൽ മുങ്ങി പൊറുതിമുട്ടിയിരിക്കുന്നു. വിദ്യാഭ്യാസമാണെങ്കിൽ കാര്യമായിട്ടില്ല. വിശപ്പകറ്റാൻ ഒരു പണികിട്ടണം. അതിനുവേണ്ടിയുളള യാത്രയും അലച്ചിലും ഒരു ചെറിയ തൊഴിലിൽ ചെന്നെത്തിച്ചു. കുപ്പികൾക്ക് ലേബലൊട്ടിക്കുന്ന പണി. ആ കൊച്ചുമുറി മുഴുവൻ എലികൾ. പിന്നെയും ചില പണികളിൽ ഏർപ്പെട്ടു. നന്നേ ചെറുപ്പത്തിൽ തന്നെ ജീവിതം ഏല്പിച്ച അനുഭവങ്ങളുടെ ആഘാതം ചിലതൊക്കെ ആ ചെറുക്കനിൽ എഴുതാൻ പ്രേരണയായി. പ്രചോദനം കത്തിക്കയറി എഴുതുകയും അവ പത്രമാഫീസുകളിലേക്ക് അയയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. അയച്ചതുപോലെ അവ തിരിച്ചുവരികയും ചെയ്തു. ആ നിരാശതയിൽ മുങ്ങിപ്പൊങ്ങുമ്പോൾ അതാ ഒരു കൃതി പ്രസിദ്ധീകരിച്ചതോടെ ആ എഴുത്തുകാരൻ ആനന്ദാതിരേകത്താൽ തെരുവിൽക്കിടന്നു നൃത്തമാടി. ജനം ആ കാഴ്ചകണ്ട് അവരും ആ മനുഷ്യനോട് ചേർന്ന് ആടിപ്പാടിത്തുടങ്ങി. അങ്ങനെ എഴുതിയെഴുതി വിശ്വസാഹിത്യത്തിന്റെ ഉയരങ്ങളിലേക്ക് കയറിക്കൂടി. അയാളുടെ മുഴുവൻ പേര് ചാൾസ് ജേൺഹഫ്നാം ഡിക്കൻസ്. സാഹിത്യലോകത്ത് അയാൾ ചാൾസ് ഡിക്കൻസായി. നെഞ്ചുകീറി നേര് കാണിക്കുന്നതുപോലെ തന്റെ അനുഭവങ്ങൾ എഴുത്തുകളിൽ സംക്രമിച്ചു തുടങ്ങി. ഭൂമിയെയും കടലിനെയും ആകാശത്തെയും കൈക്കുടന്നയിലാക്കിയ ആ സാഹിത്യകാരൻ വിക്ടോറിയൻ കാലഘട്ടത്തിന്റെ പ്രധാന വ്യക്തിത്വമായി മാറി. ഒലിവർട്വിസ്റ്റും നിക്കോളാസ് നിക്കൽബിയും പിക്വിക് പേപ്പേഴ്സും അങ്ങനെ എത്രയോ കൃതികൾ വേദനയും കണ്ണീരും പുരണ്ട് സാഹിത്യ ചക്രവാളത്തിൽ മാരിവില്ലാവുകയും മെല്ലെ ചാൾസ് ഡിക്കൻസ് രണ്ടാം ഷേക്സ്പിയറായി അവരോധിക്കുകയും ചെയ്തു. ശ്രദ്ധിക്കപ്പെടാതെപോയ തന്റെ തൂലികാനാമമായിരുന്നു ‘ബോസ്.’
ഇടയ്ക്ക് ഒരു പ്രണയകോലാഹലവും താമസിയാതെ അതിന്റെ ദയനീയമായ തകർച്ചാനിമഗ്നതയും. ആ നിരാശതയിൽ നിന്നും ആശ്വാസമെന്നവണ്ണം നേരേ ചൊവ്വേ നടന്ന വിവാഹം ചാൾസിനെ ഉൽസാഹഭരിതനാക്കി. കാതറിൻ എന്ന സുന്ദരിപ്പെണ്ണിനോടൊപ്പമുള്ള ദാമ്പത്യം എഴുത്തിലും പുരോഗതിയുണ്ടാക്കി. ആ കുടുംബജീവിതത്തിൽ പത്തോളം മക്കൾ. പക്ഷേ, നാല്പത്തിയാറിന്റെ മധ്യവയസിൽ ആ എഴുത്തുകാരൻ കാതറിനുമായി തെറ്റിപ്പിരിഞ്ഞു.
പിന്നീട് എലൻടെനാൽ എന്നൊരു ചെറുപ്പക്കാരിയുമായി ചാൾസ് അടുത്തു. ആ പ്രണയലോലുപതയിലും എഴുത്തിനു യാതൊരു മുടക്കവും തട്ടിയില്ല. ഭാഷയുടെയും ഭാവനയുടെയും അനുഭവങ്ങളുടെയും നീക്കുപോക്കുകൾ ഒരു ഭൂതാവേശംപോലെ ആ എഴുത്തുകാരനിൽ നിറഞ്ഞുനിന്നിരുന്നു.
ലോകം മുഴുവൻ വായനക്കാർക്കിടയിൽ പേരുകേട്ട ഒലിവർ ട്വിസ്റ്റ്, ക്രിസ്മസ് കരോൾ, ക്രിസ്മസ് ട്രീ, ഡേവിഡ് കോപ്പർ ഫീൽഡ് തുടങ്ങിയ കൃതികൾ ചലച്ചിത്രമാവുകയും ചെയ്തു. തന്റെ ആത്മകഥാപരമായ നോവലാണ് കോപ്പർഫീൽഡ്. ദി മിസ്റ്ററി ഓഫ് എഡ്വിൻ ഡ്രൂൺ (The mystery of Edwin Drune) എന്ന നോവൽ എഴുതി പൂർത്തിയാക്കും മുമ്പേ ചാൾസ് ഡിക്കൻസ് ലോകത്തോട് വിടപറഞ്ഞു.
ചാൾസിന്റെ ‘എ ടെയിൽ ഓഫ് ടു സിറ്റീസ്’ ഒരാവർത്തികൂടി വായിക്കുമ്പോഴോ… എന്തൊരു സംത്രാസം… എന്തൊരു നാടകീയത… എന്തൊരു ദാർശനികമാനത… കുറ്റം ചെയ്യാതെ തെറ്റിദ്ധരിക്കപ്പെട്ട ചാൾസ്ഡാർനെ എന്ന ഒരു തടവുകാരന്റെ കഥ ഇങ്ങനെ: ആ മനുഷ്യന്റെ ജീവിതം ഏതാണ്ട് തീർന്നുകൊണ്ടിരിക്കുകയാണ്. ഫ്രഞ്ചുവിപ്ലവത്തിന്റെ പശ്ചാത്തലത്തിലാണ് നോവൽ രചന. നിയമം ഉടൻ ആ മനുഷ്യനെ ഗില്ലറ്റിന്റെ അതീവ മൂർച്ചയിലൂടെ ശിക്ഷിക്കും. രക്ഷപ്പെടാനുള്ള ഒരു വഴിയും ഇല്ല. അയാളെപ്പോലെ തന്നെ അന്ന് ഗില്ലറ്റിനിലൂടെ വധശിക്ഷ കാത്ത് ചിലർ കൂടിയുണ്ട്. ചാൾസ് ഡാർനെയെപ്പോലെ തന്നെ സിസ്നികാർട്ടർ എന്ന ബ്രിട്ടീഷുകാരനായ അഭിഭാഷകനും നോവലിലെ മറക്കാനാവാത്ത കഥാപാത്രമാണ്. ഇവർ ലൂസിമാനറ്റ് എന്ന പെൺകുട്ടിയെ സ്നേഹിച്ചിരുന്നു. ഡാർനെയുടെ ദുർവിധിയിൽ ലൂസിമാനറ്റ് ഏറെ ദുഃഖിതയാണെന്ന് സിഡ്നി കാർട്ടർ അറിയുന്നതോടെ അയാളുടെ മനസിൽ എന്തൊക്കെയോ പരിവർത്തനങ്ങൾ കുറെ നാളായി ആർക്കും വേണ്ടാത്ത, ഏവരാലും പരിത്യജിക്കപ്പെട്ട വ്യക്തിയായിട്ടാണ് കാർട്ടർ കഴിഞ്ഞുകൂടിയിരുന്നത്. ഇരുവരും രൂപസാദൃശ്യമുള്ളവരും.
ഡാർനെയെ എങ്ങനെയെങ്കിലും തടവറയിൽ നിന്ന് രക്ഷിക്കണം എന്നു പറഞ്ഞുകൊണ്ട് ലൂസിമാനറ്റ് കാർട്ടറോട് യാചിക്കുകയാണ്. ആർക്കും വേണ്ടാത്ത തന്റെ ജീവിതം ഒരാൾക്കെങ്കിലും തുണയായാലോ എന്ന ചിന്താഗതിയിൽ കാർട്ടർ മനസുടക്കി.
ഡാർനെയുടെ മുന്നിൽ തന്റെ അവസാനത്തെ രാത്രി വന്നെത്തി. ഭീതിദമായ ആ ഇരുണ്ട രാത്രിയുടെ നിശ്ശബ്ദതയിൽ പുറത്ത് ഒരു പദവിന്യാസം. ജയിലിനു പുറത്ത് അവ്യക്തമായ ഒരു സംസാരം. തന്റെ നെഞ്ചിടിപ്പ് ഏറുമ്പോൾ ജയിലിന്റെ വാതിൽ തുറക്കപ്പെടുന്നു.
ആഗതൻ പറഞ്ഞു- ഞാൻ വന്നിരിക്കുന്നത് ഡാർനെയുടെ ലൂസി മാനറ്റിന്റെ കത്തുമായിട്ടാണ്. താങ്കളെ രക്ഷിക്കാൻ. മറ്റൊന്നും ആലോചിക്കാൻ നേരമില്ല. താങ്കള്‍ അണിഞ്ഞിരിക്കുന്ന വസ്ത്രം ഇങ്ങുതരിക. ഇനി കുറ്റവാളി ഞാനാണ്. ഗില്ലറ്റിനിൽ തല മാറ്റപ്പെടുമ്പോഴെങ്കിലും ഞാൻ, ഞാനല്ലാതാകുമല്ലോ. ഈ ജീവിതം ഒരാൾക്കെങ്കിലും രക്ഷയായാൽ.…
തടവുകാരൻ ‘നോ’ പറഞ്ഞപ്പോഴേക്കും കാർട്ടർ അയാളെ എന്തോ മണപ്പിച്ചു. ബോധംപോയ ഡാർനെയുടെ ജയിൽ വസ്ത്രം മാറ്റിയിട്ട് കാർട്ടർ അതണിഞ്ഞുകൊണ്ട് അയാളെ പുറത്താക്കി ജയിലധികാരികളെ കബളിപ്പിച്ചു. മരണവും ജീവിതവും, ജീവിതവും മരണവുമായി എന്തൊരു വച്ചുമാറ്റം. സ്തോഭജനകവും നാടകീയവുമായ ഒരു രാത്രി.
മരണത്തിന്റെ ഗില്ലറ്റിൻ പ്രയാണത്തിലൂടെ കൊള്ളരുതാത്തവനായ കാർട്ടർ സ്നേഹകാരുണ്യാദികളുടെ ഒരു ദീപ്ത കഥാപാത്രമായി പരിണമിക്കുകയായിരുന്നു. വല്ലാത്തൊരു ധന്യമായ കഥാവിശേഷമാണ് ബൈബിളിന്റെ പ്രേരണയില്‍ ചാൾസ് ഡിക്കൻസ് വരച്ചുതീർത്തത്. തികച്ചും ഒരു ബലിയർപ്പണം.