Site iconSite icon Janayugom Online

കമ്മ്യൂണിസ്റ്റ് പടയാളിയും അനുപമ കാവ്യപ്രതിഭയും

Thirunalloor karunakaranThirunalloor karunakaran

“വിശ്വസംസ്കാരത്തിന്റെ
ദീർഘമാമിതിഹാസ -
മുജ്വലം മനുഷ്യാധ്വാ
നത്തിന്റെ സങ്കീർത്തനം
കാണുമീ സമ്പത്തുക -
ളൊക്കെയും പ്രകൃതിതൻ
ദാനങ്ങളെന്നാലു-
മവയെപ്പിഴയന്യേ
സ്വീകരിച്ചവിശ്രമം
ജീവിതത്തിനു വേണ്ടി -
പ്പാകമാക്കിയതെന്നും
നമ്മുടെ നൊന്ത കൈകൾ.”
വിദ്യാർത്ഥി ജീവിതകാലം മുതൽ തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്ര­സ്ഥാന പോരാട്ടവീഥികളുടെയും നിത്യ സഹചാരിയായിരുന്ന കവിയും അധ്യാപക ശ്രേഷ്ഠനുമാണ് തിരുനല്ലൂർ കരുണാകരൻ. നൊന്ത കൈകൾക്കുവേണ്ടി ജീവിതത്തിൽ അവിശ്രമം പൊരുതുകയും എഴുതുകയും ചെയ്ത വിപ്ലവ ബോധമുള്ള, അടിസ്ഥാനവർഗത്തെ മാറോടുചേർത്തുപിടിച്ച കാവ്യപ്രതിഭ. ലോകസംസ്കാരത്തിന്റെ അതിദീർഘമായ ഐതിഹാസികവും അത്യുജ്വലവുമായ മനുഷ്യാധ്വാന സങ്കീർത്തനങ്ങൾ കവിതകളിലൂടെ തിരുനല്ലൂർ അവതരിപ്പിച്ചു. സമ്പത്തുകളൊക്കെയും പ്രകൃതിയുടെ ദാനങ്ങളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സോഷ്യലിസ്റ്റ് ദർശനങ്ങളെ കൈവിടാതിരുന്ന തിരുനല്ലൂർ മലയാള കാവ്യലോകത്തിന് നവ്യാനുഭൂതി പകർന്നു. ചങ്ങമ്പുഴയും, ഇടപ്പള്ളി രാഘവൻപിള്ളയും, ബാലകൃഷ്ണപണിക്കരും തുടങ്ങിവച്ച നവകാവ്യ സംസ്കൃതിയെ പുതിയ മാനങ്ങളിലേക്കുനയിച്ചത് വയലാർ രാമവർമ്മയും പി ഭാസ്കരനും ഒഎൻവിയും, തിരുനല്ലൂർ കരുണാകരനുമടങ്ങുന്ന വിപ്ലവബോധത്തിന്റെയും ഭാരതീയ പൈതൃകത്തിന്റെയും കേരള സാംസ്കാരിക ചൈതന്യത്തിന്റെയും ചരിത്രഗാഥകളെ മാറോടുചേർത്തുപിടിച്ച കവികളായിരുന്നു. 

‘ഇതിനൊക്കെ പ്രതികാരം
ചെയ്യാതടങ്ങുമോ പതിതരേ
നിങ്ങൾ തൻ പിൻമുറക്കാർ’- എന്ന് ചങ്ങമ്പുഴ കൃഷ്ണപിള്ള ‘വാഴക്കുല’യിൽ എഴുതി. ജന്മിത്വത്തിനും ഫ്യൂഡലിസത്തിനും സാമ്രാജ്യത്വ വാഴ്ചയ്ക്കമെതിരായ ചങ്ങമ്പുഴയുടെ ഉജ്വല പ്രതിരോധ പ്രതിഷേധ ശബ്ദമായിരുന്നു അത്. കേരളത്തിൽ നവകാഹളത്തിന്റെ ശബ്ദം ഉദ്ഘോഷിക്കുകയായിരുന്നു ചങ്ങമ്പുഴ വാഴക്കുലയിലൂടെ. അതേ നവോത്ഥാനത്തിന്റെ ശബ്ദമുയർത്തുകയായിരുന്നു തിരുനല്ലൂരും വയലാറും പി ഭാസ്കരനും, ഒഎൻവിയും.
‘കൊയ്ത്തൊഴിഞ്ഞ നിലങ്ങളിൽ വീണ്ടും
പെയ്തു വീഴുന്നൂ കർഷകോത്സാഹം.
.….….….….….….….….….….….….….….…
മണ്ണിൽ വീഴുമുഴവുചാൽ തീർക്കു-
ന്നെണ്ണമറ്റ വിശാലവൃത്തങ്ങൾ’ — ഈ വരികളിലുണ്ട് കർഷക സമൂഹത്തോടുള്ള, അവരുടെ വിഷാദഹർഷങ്ങളോടുള്ള, നിരാലംബരായവരുടെ വക്കുടഞ്ഞുപോയ മൊഴികളുടെ ആലംബഗീതികൾ. ‘ഇന്നിലങ്ങളിലെത്രയോവട്ടം, വന്നിറങ്ങിപ്പണിഞ്ഞ വേലക്കാരെ’ കുറിച്ച് പാടിയ കവി ‘ഒക്കെ മണ്ണടിഞ്ഞാകിലും പാടം, മിക്കവാറുമിതേപടി നിൽക്കും, എങ്ങുനിന്നോ പുതിയ സംഘങ്ങൾ വന്നു കൊണ്ടേയിരിക്കുമിങ്ങെന്നും’ എന്ന് ഓർമ്മപ്പെടുത്തിയ ശേഷമെഴുതുന്നു;
‘നിത്യരമ്യം തുടരുമീ സർഗാ-
വർത്തനം, പരിവർത്തനശീലം
.….….….….….….….….….….….….….…
മണ്ണിൽ വീണ വിയർപ്പിന്റെ വീര്യം’
വിയർപ്പിന്റെ വീര്യം തിരിച്ചറിയുന്ന കവിയായിരുന്നു കയർത്തൊഴിലാളികളുടെയും കർഷകത്തൊഴിലാളികളുടെയും പൊരുതി മുന്നേറിയ, ചരിത്രഗാഥകളെ ആഴത്തിലറിഞ്ഞ തിരുനല്ലൂർ. ‘റാണി‘യുടെ ആമുഖക്കുറിപ്പിൽ എഴുതി- “പുലർകാലമെത്തും മുമ്പേ കായലോരങ്ങൾ ഉണർന്നു കഴിയും. അഴുകിയ തൊണ്ടിൽനിന്ന് പൊൻമാല നിർമ്മിക്കുന്ന മനുഷ്യാധ്വാനത്തിന്റെ മന്ദ്രസംഗീതം ഉയരുകയും ചെയ്യും. വേദനാപൂർണമായ ഹൃദയസ്പന്ദനങ്ങൾ ആ ശബ്ദപ്രവാഹത്തിൽ മുങ്ങിപ്പോകുന്നു. കായൽ ഞങ്ങളുടെ ജീവിതത്തെ ശരിക്കും പ്രതിഫലിപ്പിക്കുന്നത് കരക്കാറ്റടിക്കുമ്പോഴും കാലവർഷം പെയ്യുമ്പോഴുമാണ്. ഞങ്ങളുടെ ഹൃദയം പോലെ പ്രക്ഷുബ്ധമാണ് അപ്പോൾ ജലാശയം. തിരമാലകൾ ആർത്തിരമ്പുകയും തകർന്നടിയുകയും പിടഞ്ഞെഴുന്നേൽക്കുകയും ചെയ്യും, ഞങ്ങളുടെ ജീവിതം പോലെ”.
‘വാർമഴവില്ലുകളൊക്കെയും മാഞ്ഞുപോയ്
കാർമുകിൽ മാത്രമായ് വിണ്ണിൽ
ക്രൂരമാം കാറ്റുമത്യുഗ്രമാം കായലും
യുദ്ധമാണെപ്പോഴും തമ്മിൽ
റാണിക്കുറക്കമില്ലൂണുമി,ല്ലോമലാൾ

വേദന തിന്നുകയല്ലേ! ’ — കയർത്തൊഴിലാളിയായ നാണുവിന്റെയും റാണിയുടെയും പ്രണയകഥയും ദുരന്തപര്യവസാനവും ഹൃദയസ്പർശിയായ, ലളിതമായ ഭാഷയിൽ മലയാള മാനസങ്ങളിലേക്ക് തിരുനല്ലൂർ പകർന്നു.
പ്രിയകാമുകനെ കായൽ കവർന്നെടുക്കുമ്പോൾ ‘ഏറ്റം തളർന്നൊരു ജീവനും മൃത്യു­വും ഏറ്റുമുട്ടുന്ന രംഗത്തിൽ വൃദ്ധൻ പറഞ്ഞതുമുഴുവൻ കേൾക്കുവാൻ റാണിക്കായില്ല. അപ്പോഴും നാണുവിന്റെ ശബ്ദം റാണിയുടെ കാതുകളിൽ മുഴങ്ങി-
“സ്വന്തമായിത്തിരി മണ്ണു വാങ്ങിച്ചതിൽ
കൊച്ചൊരു കുരയും കെട്ടി
മാനമായ് നിന്നെ ഞാൻ കൊണ്ടുപോവില്ലയോ
താലിയും മാലയും ചാർത്തി”. പ്രണയത്തിന്റെ സൗരഭ്യവും വിയോഗത്തിന്റെ വ്യഥയും തിരുനല്ലൂർ മലയാളികൾക്ക് പകർന്നു നൽകി.
‘ആലപിക്കുക നമ്മൾ
മാനവത്വത്തിൽ ഗാനം
ആർദ്രതയുടെ ശക്തി-
തീവ്രതയുടെ ഗാനം!’

വർഗീയ ഫാസിസത്തിന്റെ ഇരുണ്ട ഇടനാഴികളിലേക്ക് രാജ്യം വലിച്ചിഴയ്ക്കപ്പെടുന്ന വർത്തമാനകാലത്തിനും എത്രയോ ദശാബ്ദങ്ങൾക്കുമുമ്പേ വരാനിരിക്കുന്ന വിപത്തിനെ ദീർഘദർശനം ചെയ്തിരുന്ന കവിവര്യനും ഭാഷാപണ്ഡിതനുമാണ് തിരുനല്ലൂർ. ഭാരതീയ സാംസ്കാരിക പൈതൃകത്തിലും ഇതിഹാസ – പുരാണങ്ങളിലും വേദോപനിഷത്തുകളിലും അതുല്യജ്ഞാനമുണ്ടായിരുന്ന ആ മഹാനുഭാവന്റെ പഠനക്ലാസുകളിൽ വിദ്യാർത്ഥിയായിരിക്കുവാൻ ഈ ലേഖകന് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. ഭാരതീയ പൈതൃകത്തിന്റെ അവിഭാജ്യ ഭാഗമായ ഷഡ്ദർശനങ്ങളെക്കുറിച്ചും ഭാരതീയ ചൈതന്യപാരമ്പര്യത്തിലെ ഭൗതിക ശാസ്ത്രീയ ചിന്തകളെക്കുറിച്ചുമുള്ള അറിവുകള്‍ ലളിതവും സരസവും പ്രൗഢഗംഭീരവുമായി അദ്ദേഹം പകർന്നു നൽകി. കപിലനും കണാദനും പതഞ്ജലിയും വ്യാസനും വാത്മീകിയും കാളിദാസനുമൊക്കെ ദിവസം മുഴുവൻ നീണ്ട പഠനക്ലാസുകളിൽ നിറഞ്ഞുനിന്നു.
ബിസി മൂവായിരാമാണ്ടിൽ ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന മഹാകവി കാളിദാസന്റെ ‘മേഘസന്ദേശ’ത്തിന് മലയാളത്തിൽ അനവധി വിവർത്തനങ്ങളുണ്ടായി. അതിൽ ഏറ്റവും സുന്ദര സുരഭിലമായ വിവർത്തനം തിരുനല്ലൂരിന്റേതാണെന്ന് മലയാള നിരൂപകർ വിലയിരുത്തിയിട്ടുണ്ട്. 

‘കാവകങ്ങളിൽക്കാനനമങ്കമാർ
കാമകേളികളാടിയോരദ്രിയിൽ
ഒന്നിരുന്നിട്ടുപെയ്കയാൽ വേഗമാർ -
ന്നൊട്ടുദൂരം കടക്കവേ കണ്ടിടാം
കല്ലുപൊന്തിയ വിന്ധ്യപാദങ്ങളിൽ
തല്ലിവീണു ചിതറുന്ന ‘രേഖ’യെ
ങ്ങാനതൻമെയ്യിൽ വെണ്ണീർവരകളാ-
ലാചരിച്ചോരലങ്കാരമെന്നപോൽ
ഞാവലിൻ കാവുതോറും തടഞ്ഞു,കാ-
ട്ടാനതൻ മദനീരാല്‍ സുരഭിയായ്
മന്ദമോലുന്ന രേവതൻ വെള്ളമുൾ-
ക്കൊണ്ടുപോകണം പെയ്തിട്ടു നീ സഖേ;
ഏറ്റമുൾക്കനം താവുന്ന താങ്കളെ
കാറ്റിനാവില്ല പൊക്കിപ്പറത്തുവാൻ’
ജലത്തിൽ നിന്ന് അംശം ഉൾക്കൊണ്ടാണ് മേഘം മഴയായി വർഷിക്കുന്നതെന്ന ശാസ്ത്രീയ സത്യം ബിസി മൂവായിരാമാണ്ടിൽ കാളിദാസൻ ലോകത്തോട് ഉച്ചൈസ്തരം ഉദ്ഘോഷിച്ചത് മലയാളികൾക്ക് ലളിതവും സുന്ദരവുമായ വിവർത്തനങ്ങളിലൂടെ പകർന്നു നൽകുകയായിരുന്നു തിരുനല്ലൂർ. 

1959ൽ മേഘസന്ദേശ വിവർത്തനത്തിന്റെ ആമുഖമായി തിരുനല്ലൂർ ഇങ്ങനെ കുറിച്ചു; ‘കുട്ടിക്കാലത്ത് മേഘസന്ദേശം പഠിച്ചുതുടങ്ങിയ നാ­ൾമുതൽ ആ വാർമുകിലിന്റെ ചിറകുകളിൽത്തൂങ്ങി അലംഭാവമില്ലാതെ അലഞ്ഞുതിരിയുകയാണ് എന്റെ കവിതാകൗതുകം. കാളിദാസ കാവ്യങ്ങളിൽ വച്ച് ഒന്നാമത്തേതായി മേഘസന്ദേശത്തെ കണക്കാക്കത്തക്കവണ്ണം അതിനാൽ അത്രകണ്ടപഹൃഷ്ടമാണ് എന്റെ ഹൃദയം. അന്ധമെന്ന് ഒരുപക്ഷേ വിശേഷിപ്പിക്കാവുന്ന ആ ആ­രാധനാമനോഭാവത്തിന്റെ പരിണാമം മാത്രമാണ് ഈ വിവർത്തനം. മഴക്കാലം അതിന്റെ ആദ്യത്തെ കാർമേഘത്തെയും തെളിച്ചുകൊണ്ട് ആ വഴി വന്നു. മേഘം കുളിർമേനിയാൽ കുന്നുകളെ തഴുകിനീങ്ങുമ്പോൾ താഴ്‌വരയിലെ കുടകപ്പാലകളെല്ലാം പൂത്തു മണം ചൊരിഞ്ഞു. പ്രകാശനോപായം കാണാതെ ഹൃദയത്തിൽ ഉദ്ദാമമായുയർന്ന വികാരങ്ങൾ കവിയെ ഉന്മാദത്തോളം എത്തിച്ചു. ഗത്യന്തരമില്ലാതായപ്പോൾ അദ്ദേഹം ആ മേഘത്തോട് ഒരാത്മനിവേദനം നടത്തി. ആ ആത്മാവിഷ്കാരം വിശ്വോത്തരമായ ഒരു പ്രേമകാവ്യമായി. അതിൽ ലോകത്തെങ്ങുമുള്ള കാമുകീകാമുകന്മാരുടെ വിരഹവേദനകളും പ്രത്യാശകളുമുണ്ട്; അതിൽ ഇന്ത്യയുടെ ജീവിതവും സൗന്ദര്യവുമുണ്ട്. ആ കാവ്യമാണ് മേഘസന്ദേശം; ആ കവിയാണ് കാളിദാസൻ. മേഘസന്ദേശം ആദ്യമായി വായിച്ചത് ഒരുവേള ആ രാജകുമാരിയായിരിക്കാം. ഒറ്റ വാചകത്തിൽ പറഞ്ഞാൽ, ഇന്ത്യയുടെ പ്രകൃതിസൗന്ദര്യം കാളിദാസന്റെ ഹൃദയത്തിൽ നിന്നേറ്റുവാങ്ങിയ പ്രേമസന്തപ്തമായൊരു ജീവിതാനുഭവമാണ് മേഘസന്ദേശം.
വിശ്വസാഹിത്യത്തിലെ ഏറ്റവും മികച്ച സങ്കല്പസുന്ദരമായ ഒരു പ്രതീകമാണ് മേഘസന്ദേശത്തിലെ യക്ഷൻ. കലാ സൗന്ദര്യത്തിന്റെയും മധുരമായ പ്രേമജീവിതത്തിന്റെയും കല്പനാ ദേവതകളാണ് യക്ഷന്മാർ. പ്രേമവിവശനായ ഒരു വിശ്വ മഹാകവി വിരഹിയായ ഒരു യക്ഷകാമുകനായി പ്രത്യക്ഷപ്പെടുക എന്ന സങ്കല്പവൈഭവം അനന്യ സുലഭമാണ്.’

‘പ്രേമം മധുരമാണ് ധീരവുമാണ്’ എന്ന് അനുപമ കാവ്യശകലങ്ങളിലൂടെ പാടി പഠിപ്പിച്ച കവി ‘സൗന്ദര്യത്തിന്റെ പടയാളികൾ’, ‘റാണി’, ‘മേഘസന്ദേശം’, ‘അന്തിമയങ്ങുമ്പോൾ’, ‘രാത്രി’, ‘താഷ്കെന്റ്’, ‘അഭിജ്ഞാന ശാകുന്തളം’, ‘വയലാർ’, ‘ജിപ്സികൾ’, ‘ഗ്രീഷ്മ സന്ധ്യകൾ’, ‘തിരുനല്ലൂർ കരുണാകരന്റെ കവിതകൾ’ എന്നീ കാവ്യസമാഹരങ്ങളിലൂടെ മലയാള കാവ്യലോകത്തെ സമ്പന്നവും ഉൽഫുല്ലവുമാക്കി.
പദ്യലോകത്തു മാത്രമല്ല ഗദ്യ സാഹിത്യത്തിലും പ്രതിഭാശാലിയായിരുന്നൂ തിരുനല്ലൂർ. ‘ഒരു മഹായുദ്ധത്തിന്റെ പര്യവസാനം’ എന്ന ഗ്രന്ഥം യുദ്ധങ്ങളാൽ സംഘർഷഭരിതമാകുന്ന കാലത്ത് കൂടുതൽ പ്രസക്തമാണ്. ‘അനുസ്മരണങ്ങൾ’ എന്ന പുസ്തകത്തിൽ അദ്ദേഹം ജനയുഗം പത്രാധിപരായിരിക്കെ എഴുതിയതുള്‍പ്പെടെ ഹൃദയസ്പർശിയായ അനുസ്മരണക്കുറിപ്പുകളിൽ തന്റെ ഗുരുനാഥനായ പ്രൊഫ. ഇളംകുളം കുഞ്ഞൻപിള്ളയും, സി കേശവനും, എം എൻ ഗോവിന്ദൻ നായരും, സി അച്യുതമേനോനും, പി കൃഷ്ണപിള്ളയും, കെ ദാമോദരനും, കേശവദേവും, തകഴിയും, പത്മരാജനും, അരവിന്ദനും, കലാമണ്ഡലം കൃഷ്ണൻനായരുമുൾപ്പെടെയുള്ളവരുടെ അനശ്വര സ്മരണകൾ തിളങ്ങി നിൽക്കുന്നു. 

നിരൂപണ സാഹിത്യത്തിലും തിരുനല്ലൂർ തന്റെ പ്രാഗത്ഭ്യം തെളിയിച്ചു. ‘മലയാള ഭാഷാ പരിണാമം സിദ്ധാന്തങ്ങളും വസ്തുതകളും’ എന്ന പ്രൗഢോജ്വല നിരുപണ പുസ്തകത്തിന്റെ ആമുഖത്തിൽ തിരുനല്ലൂർ ഈ വിധം കുറിക്കുന്നു: ‘പൂർവാഭിപ്രായങ്ങളിൽ ചിലതിനെ നിശിതമായി തന്നെ നിരൂപണം ചെയ്യേണ്ടിവന്നിട്ടുണ്ട്. അഭിപ്രായങ്ങളെയല്ലാതെ അവയുടെ വക്താക്കളെ ഈ നിരൂപണം ബാധിക്കുന്നില്ല. എന്നല്ല, ആ ഭാഷാചിന്തകൻമാരോട് അന്നിലയിൽത്തന്നെ എനിക്ക് ബഹുമാനം ഉണ്ടുതാനും’. ദ്രാവിഡഭാഷകളും ലീലാ തിലകവും പഴയ മലയാളവും രാമചരിതവും പഴയ പാട്ടുകളും പഴഞ്ചൊല്ലുകളും സ്വരസംവരണവും കാല്‍ഡ്വലും ഗുണ്ടർട്ടും എ ആർ രാജരാജവർമ്മയും ഷ്യൂൾബ്ലോഖും, എൻ വി രാമസ്വാമി അയ്യരും ഡോ. എ സി ശേഖറുമുൾപ്പെടെയുള്ളവരുടെ നിലപാടുകളെ വസ്തുനിഷ്ഠമായി തിരുനല്ലൂർ നിരൂപണം ചെയ്യുന്നുണ്ട്.
‘വേനലെത്രമേൽ തീ ചൊരിഞ്ഞാലും
ഗ്ലാനിയെന്യേ തഴച്ചു നിൽക്കുന്നു
നാടുലയവേ കാറ്റടിച്ചാലും
ചോടിളകാതുറച്ചു നിൽക്കുന്നൂ’- ഇതായിരുന്നൂ കവി തിരുനല്ലൂരിന്റെ വിപ്ലവബോധം. കൊല്ലം ശ്രീനാരായണ കോളജിൽ എഐഎസ്എഫ് പ്രവർത്തനത്തിലൂടെ, വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങളിലൂടെ വളർന്ന തിരുനല്ലൂർ അധ്യാപകശ്രേഷ്ഠനും ജനയുഗം പത്രാധിപരുമായി വൈഭവം തെളിയിച്ചു. 

“ജയിക്കുമോ നമ്മൾ?
നിലാവിലഗ്നിയായ്
ജ്വലിക്കുമച്ചോദ്യം
മുഴങ്ങിയെമ്പാടും
ജയിക്കുമെന്നു ഞാൻ
പറഞ്ഞുവോ? ശബ്ദം
വിറയ്ക്കും തൊണ്ടയിൽ
ക്കുരുങ്ങി നിന്നുവോ?” — തിരുനല്ലൂർ ‘വയലാർ’ എന്ന കവിതയിൽ എഴുതിയ വരികളാണിത്. നമ്മൾ ജയിക്കുക തന്നെ ചെയ്തു. ജന്മശതാബ്ദി വർഷത്തിലും മരണമില്ലാത്ത കാവ്യശകലങ്ങളും ഗദ്യങ്ങളുമായി, അനശ്വര പോരാട്ട സ്മരണങ്ങളുമായി മലയാള മാനസങ്ങളിൽ തിരുനല്ലൂർ ജീവിക്കുന്നു. 

Exit mobile version