ഒരു ശബ്ദം നമ്മളെ കീഴ്പെടുത്തിയിട്ട് ആറ് പതിറ്റാണ്ടുകൾ കഴിയുന്നു. മലയാളികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് യേശുദാസിന്റെ സംഗീതം. 84ാം പിറന്നാളിന്റെ നിറവിൽ നിൽക്കുമ്പോൾ എത്ര എഴുതിയാലും പറഞ്ഞാലും തീരാത്തത്ര വിശേഷങ്ങളുടെയും വിശേഷണങ്ങളുടെയും മനുഷ്യരൂപമാണ് കെ ജെ യേശുദാസ്. അദ്ദേഹം പാടിയ പാട്ടുകളിൽ ഏതാണ് പ്രിയപ്പെട്ടത് എന്ന തിരഞ്ഞെടുക്കൽ പോലും അസാധ്യമാണ് നമുക്ക്.പല ഗായകരുടെയും പുതുമയുള്ള ശബ്ദങ്ങളും വ്യത്യസ്ത ഈണങ്ങളും അസദൃശ്യങ്ങളായ ചേരുവകളും ചേർത്ത ബഹുവിധമായ ഗാനങ്ങൾ കേൾക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഈ കാലത്തും യേശുദാസിന്റെ ശബ്ദത്തിൽ നിന്ന് ഒരു മോചനം ഇല്ലാത്ത വിധം കെട്ടു പിണഞ്ഞിരിക്കുന്നുണ്ട് നമ്മളും കാലവും.
നമ്മുടെ കാതുകളെ അടിമപ്പെടുത്താൻ തക്കവണ്ണം വളർന്നു പന്തലിച്ചു നിൽക്കുന്ന ആ സംഗീതം ഉണ്ടായതിനു പുറകിൽ നിരാശപ്പെടാത്ത പരിശ്രമങ്ങളുടെ ചരിത്രമുണ്ട്,തോൽവികളുടെയും തഴയപ്പെടലുകളുടെയും ചരിത്രമുണ്ട്.
യേശുദാസിന്റെ സംഗീത പഠനം കഴിഞ്ഞ ഉടൻ ‘നല്ല തങ്ക’ എന്ന ചിത്രത്തിൽ പാടാൻ അദ്ദേഹത്തെ പരിഗണിച്ചിരുന്നു. നിലവാരമില്ലെന്ന് കാരണം പറഞ്ഞ് അന്ന് അദ്ദേഹത്തെ തഴഞ്ഞത് നമുക്കിന്ന് വിശ്വസിക്കാനാകുമോ. ഗാനഭൂഷണം പാസായ ശേഷം ആകാശവാണിയുടെ ശബ്ദ പരിശോധനയിൽ അദ്ദേഹം പരാജയപ്പെട്ടിട്ടുണ്ട്. പതറാതെ പരിശ്രമിച്ചു കൊണ്ടേയിരുന്നപ്പോൾ 1961 നവംബർ 14ന് അദ്ദേഹത്തിന്റെ ആദ്യ ഗാനം റെക്കോർഡ് ചെയ്യപ്പെട്ടു. കെ എസ് ആന്റണി സംവിധാനം ചെയ്ത ‘കാൽപാടുകൾ’ എന്ന ചിത്രത്തിലെ ‘ജാതിഭേദം മതദ്വേഷം’ എന്ന ഗുരുദേവ കീർത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഒരു സ്വര പ്രപഞ്ചത്തിന്റെ തറക്കല്ലിടുകയായിരുന്നു. പത്മഭൂഷൻ, പത്മവിഭൂഷൻ, എട്ട് തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയപുരസ്കാരം, ഇങ്ങനെ അംഗീകാരങ്ങൾ അനവധിയാണ്. 25 തവണ കേരളവും എട്ടുതവണ തമിഴ്നാടും ആറ് തവണ ആന്ധ്രപ്രദേശും അഞ്ചുതവണ കർണാടകയും ഒരിക്കൽ ബംഗാളും അദ്ദേഹത്തിന് മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന പുരസ്കാരം നൽകി.ലഭിച്ച അംഗീകാരങ്ങൾ എണ്ണിയെണ്ണി പറയുമ്പോൾ പോലും ആ ശബ്ദം ഉണ്ടാക്കിയ മാസ്മരിക ലോകത്തിന്റെ ഏതോ ഒരു കോണിലെ ഒരു ചെറിയ ചെപ്പിനകത്ത് സൂക്ഷിക്കാൻ മാത്രമേ അവയൊക്കെയുള്ളൂ എന്നൊരു തോന്നലാണ്.
പ്രഗദ്ഭരടക്കം അദ്ദേഹത്തിന് ആശംസകൾ അർപ്പിക്കാത്ത മലയാളികളില്ല. ആദ്യകാലം മുതൽക്കുള്ള അദ്ദേഹത്തിന്റെ പാട്ടുകൾ മധുരമായി ഓർമിക്കപ്പെടുന്നു,അദ്ദേഹത്തിന്റെ പാട്ടുകൾ ഉണ്ടാക്കിയ അനുഭൂതിക്ക് അടിമപ്പെട്ടത് വിവരിക്കപ്പെടുന്നു,ചിലർ ചില ഇഷ്ടക്കേടുകൾ പറയുന്നു,ഇതുപോലെ മറ്റാർക്കും പാടാൻ കഴിയില്ല എന്ന് ചിലർ ആത്മഗതം പറയുന്നു.എത്രയെത്ര ആശംസകളാണ്. ഒക്കെയും അത്ഭുതം തന്നെ.
ഏതൊക്കെ ജോണറുകളിൽ ഇവിടെ സംഗീതം ഉണ്ടായിക്കൊണ്ടിരുന്നാലും,അതിനെയൊക്കെ നമ്മൾ സ്നേഹിച്ചാലും ഏകാന്തമായി ഇരിക്കുമ്പോൾ നമ്മുടെ പലവിധ വികാരങ്ങൾക്കും ഭാവമുണ്ടാക്കുന്നത് യേശുദാസ് എന്ന മനുഷ്യന്റെ ശബ്ദം തന്നെയാണ്. ആ ശബ്ദത്തിലൂടെ നമ്മൾ പ്രണയിച്ചിട്ടുണ്ട്, വേദനകളെ മറന്നിട്ടുണ്ട്, പ്രതിസന്ധികളെ പൂവ് പോലെ മൃദുവാക്കിയിട്ടുണ്ട്. ഇങ്ങനെയോർക്കുമ്പോൾ കലയോളവും കലാകാരനോളവും പുണ്യം ചെയ്യുന്നവർ മറ്റാരുണ്ട്.
” നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ നിശ്ചലം ശൂന്യമീ ലോകം” ഇതിനുമപ്പുറത്തേക്കുള്ള ആശംസകളൊന്നും അദ്ദേഹത്തിന് നൽകാനില്ല.
You may also like this video