Site iconSite icon Janayugom Online

ഏഷ്യാ കപ്പ് യുഎഇയില്‍

ഇന്ത്യ വേദിയാകേണ്ടിയിരുന്ന ഈ വര്‍ഷം നടക്കുന്ന ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് യുഎഇയില്‍ നടക്കും. ഇന്നലെ ധാക്കയില്‍ നടന്ന എസിസി യോഗത്തിന് ശേഷമാണ് തീരുമാനം. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വിർച്വലായി പങ്കെടുത്തു. സെപ്റ്റംബര്‍ അഞ്ച് മുതല്‍ 21 വരെയായിരിക്കും ടൂര്‍ണമെന്റ്. ഇന്ത്യയുള്‍പ്പെടെ എട്ട് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. പാകിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, യുഎഇ, ഒമാന്‍ ഹോങ്കോങ് തുടങ്ങിയ ടീമുകളാണ് ഏഷ്യാ കപ്പിനെത്തുക. ദുബായ്, അബുദാബി എന്നിവയാകും വേദികൾ. ഇതോടെ വീണ്ടുമൊരു ഇന്ത്യ‑പാക് മത്സരം നടക്കാന്‍ സാധ്യതയേറുകയാണ്. 

പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ഏഷ്യാ കപ്പിന്റെ വിധി അനിശ്ചിതത്വത്തിലായിരുന്നു. പാകിസ്ഥാനുമായി മത്സരിക്കരുതെന്ന് ആവശ്യമുയരുകയും ഇന്ത്യയില്‍ കളിക്കാനില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കുകയും ചെയ്തതോടെ ടൂര്‍ണമെന്റിന്റെ നടത്തിപ്പ് പ്രതിസന്ധിയിലായി. ഏറ്റവുമൊടുവില്‍ ധാക്കയില്‍ നടന്ന എസിസി യോഗത്തിന് ഇന്ത്യ പങ്കെടുക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇന്നലെ നടന്ന എസിസി യോഗത്തോടെ അനിശ്ചിതത്വത്തിന് വിരാമമായി.

Exit mobile version