Site iconSite icon Janayugom Online

കിരീടമില്ലാത്ത രാജാക്കന്മാരായി ഇന്ത്യ; സമ്മാനത്തുക വലിച്ചെറിഞ്ഞ് പാക് ക്യാപ്റ്റൻ

ഴിഞ്ഞ ദിവസം ദുബായ് സാക്ഷ്യം വഹിച്ചത് ക്രിക്കറ്റ് യുദ്ധമായിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മറുപടി പാകിസ്ഥാന് ക്രിക്കറ്റ് കളത്തിലും ഇന്ത്യ നല്‍കുന്നത് കാണാന്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങളായിരുന്നു. ഇത്തണത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ രണ്ട് തവണയും പാകിസ്ഥാനെ തോല്പിച്ചെത്തിയ ഇന്ത്യ ഫൈനലിലും അവരെ പരാജയപ്പെടുത്തിയാണ് ഒമ്പതാം തവണയും ചാമ്പ്യന്മാരായത്. എന്നാല്‍ ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ജേതാക്കളായ ടീം കിരീടമില്ലാതെ വിജയമാഘോഷിക്കുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്.

പാകിസ്ഥാന്‍കാരനായ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വിയില്‍നിന്ന് കിരീടം ഏറ്റുവാങ്ങാന്‍ ഇന്ത്യ തയ്യാറല്ലായിരുന്നു. സ്പോണ്‍സര്‍മാര്‍ നല്‍കുന്ന വ്യക്തിഗത പുരസ്കാരങ്ങള്‍ വാങ്ങാതിരിക്കാനാവില്ലെന്നതിനാല്‍ അത് മാത്രമായിരുന്നു ഇന്ത്യൻ താരങ്ങള്‍ സ്വീകരിച്ചത്. എന്നാല്‍ അത് നഖ്‌വിയായിരുന്നില്ല വിതരണം ചെയ്തത്. പിന്നീട് ഏഷ്യാ കപ്പ് ട്രോഫി കൊണ്ട് നഖ്‌വി തന്റെ മുറിയിലേക്ക് ഓടിപോയെന്നും റിപ്പോർട്ടുകൾ പറയുന്നു. മൊഹ്‌സിന്‍ നഖ്‌വിയുടെ പെരുമാറ്റത്തെ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വിമര്‍ശിച്ചു. ഇന്ത്യന്‍ ടീം ട്രോഫി സ്വീകരിക്കാന്‍ വിസമ്മതിച്ചതിന്റെ കാരണം വിശദീകരിക്കുകയും ചെയ്തു. സംഭവത്തില്‍ ബിസിസിഐ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ ടീം ട്രോഫിയില്ലാതെയാണ് മത്സരശേഷം ആഘോഷിച്ചത്. ‘നഖ്‌വി തന്നെ കിരീടം നല്‍കുമെന്ന് പറഞ്ഞതുകൊണ്ടാണ് സമ്മാനദാനച്ചടങ്ങില്‍ നിന്ന് താരങ്ങള്‍ അകലം പാലിച്ചത്.

കിരീടവുമായി പോയ നഖ്‌വിയുടെ നടപടി ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രോട്ടോക്കോള്‍ ലംഘനമാണെന്നും’ സൈക്കിയ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ നിന്നും വിട്ടുനിന്ന നടപടി വിശദീകരിച്ച ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് യഥാര്‍ത്ഥ ട്രോഫി സഹതാരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും ആണെന്നായിരുന്നു പ്രതികരിച്ചത്. മാച്ച് ഫീ ഇന്ത്യന്‍ സേനയ്ക്ക് നല്‍കുമെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി. ട്രോഫി സമ്മാനിക്കുന്ന ചടങ്ങ് തുടങ്ങാൻ ഒരു മണിക്കൂർ വൈകിയിരുന്നു. മത്സരശേഷം പാക് താരങ്ങള്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങിയശേഷം തിരികെ വരാന്‍ വൈകിയതാണ് സമ്മാനദാനചടങ്ങ് വൈകാന്‍ കാരണം. പിന്നീട് താരങ്ങള്‍ തിരിച്ചെത്തിയതോടെ ഗ്യാലറിയില്‍ ആരാധകര്‍ കൂകി വിളിയും ആരംഭിച്ചു. നഖ്‌വിയില്‍ നിന്ന് മെഡലുകള്‍ വാങ്ങാനെത്തിയെങ്കിലും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അമിനുള്‍ ഇസ്ലാമാണ് മെഡലുകള്‍ നല്‍കിയത്. റണ്ണേഴ്സ് അപ്പ് സമ്മാനം 75,000 യുഎസ് ഡോളറിന്റെ (ഏകദേശം 66,56,685 ലക്ഷം ഇന്ത്യൻ രൂപ) ചെക്കാണ് പാക് ക്യാപ്റ്റന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നൽകിയത്. ചെക്കിന്റെ മാതൃക സ്വീകരിച്ച സൽമാൻ ആഗ അത് ഒരു ഭാഗത്തേക്കു വലിച്ചെറിഞ്ഞ ശേഷം നടന്നുപോകുകയായിരുന്നു.

ആവേശകരമായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനെ 147 റൺസിന് എറിഞ്ഞൊതുക്കിയ ഇന്ത്യ രണ്ട് പന്തുകൾ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. പുറത്താകാതെ 53 പന്തിൽ 69 റൺസെടുത്ത തിലക് വർമ്മയാണ് ഇന്ത്യയുടെ വിജയശില്പി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തകര്‍ച്ച നേരിട്ടു. 20 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. അഭിഷേക് ശര്‍മ്മ (അഞ്ച്), സൂര്യകുമാര്‍ (ഒന്ന്), ശുഭ്മാന്‍ ഗില്‍ (12) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. എന്നാല്‍ ടീമിന്റെവിജയത്തിന് കാരണമായത് മലയാളി താരം സഞ്ജു സാംസണ്‍-തിലക് വര്‍മ്മ കൂട്ടുകെട്ടായിരുന്നു.

സഞ്ജുവിന് വലിയ സ്കോര്‍ നേടാനായില്ലെങ്കിലും തിലകിനൊപ്പം 57 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടില്‍ പങ്കാളിയായി. ഇതിനിടെ 21 പന്തിൽ 24 റൺസെടുത്ത സഞ്ജുവിനെ അബ്രാർ അഹമ്മദ് പുറത്താക്കിയതോടെ ഇന്ത്യക്ക് വീണ്ടും സമ്മര്‍ദ്ദം നല്‍കാന്‍ പാകിസ്ഥാനായി. എന്നാല്‍ ക്രീസില്‍ ഉറച്ച് നിന്ന തിലകിന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ പാക് ബൗളര്‍മാര്‍ നിഷ്‌പ്രഭരാകുകയായിരുന്നു. ദുബെ ക്രീസിലെത്തിയതോടെ കളി മാറി. വേഗത്തില്‍ റണ്‍സ് കണ്ടെത്തിയ താരം തിലകിനൊപ്പം ചേര്‍ന്ന് ഇന്ത്യയെ വിജയത്തിനരികെയെത്തിച്ചു. 22 പന്തില്‍ 33 റണ്‍സുമായി ദുബെ മടങ്ങി. ഏറ്റവുമൊടുവില്‍ തിലകിന്റെ സിക്സറും റിങ്കു സിങ്ങിന്റെ ഫിനിഷിങ്ങുമായതോടെ ഇന്ത്യ വിജയകിരീടം ചൂടുകയായിരുന്നു.

Exit mobile version