Site iconSite icon Janayugom Online

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; ഗുല്‍വീറിനും പൂജയ്ക്കും സ്വര്‍ണം

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഗുല്‍വീറിന് രണ്ടാം സ്വര്‍ണം. ഇന്നലെ പുരുഷ വിഭാഗം 5000 മീറ്ററിലാണ് താരം സ്വര്‍ണമണിഞ്ഞത്. പുതിയ ചാമ്പ്യന്‍ഷിപ്പ് റെക്കോഡോടെ 13:24.78 സെക്കന്‍ഡിലാണ് ഗുല്‍വീര്‍ ഫിനിഷ് ചെയ്തത്. 2015ല്‍ മൊറോക്ക താരം മുഹമ്മദ് അലി ഗര്‍നിയുടെ (13:34.47) റെക്കോഡാണ് ഗുല്‍വീര്‍ മറികടന്നത്. കഴിഞ്ഞ ദിവസം 10,000 മീറ്ററിലും ഗുല്‍വീര്‍ സ്വര്‍ണം നേടിയിരുന്നു. പുരുഷ വിഭാഗം 5000 മീറ്റര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ഗുല്‍വീര്‍. 1981ല്‍ ഗോപാല്‍ സൈനി, 2017ല്‍ ജി ലക്ഷ്മണന്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. ബാങ്കോക്കില്‍ നടന്ന കഴിഞ്ഞ സീസണില്‍ ഗുല്‍വീര്‍ വെങ്കലം നേടിയിരുന്നു. 

വനിതാ വിഭാഗം ഹൈജംപില്‍ ഇന്ത്യയുടെ പൂജ സ്വര്‍ണം ചാടിയെടുത്തു. ഫൈനലിൽ 1.89 മീറ്റര്‍ ചാടിയാണ് പൂജ സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. ബോബി അലോഷ്യസിനുശേഷം ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് വനിതാ വിഭാഗത്തില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ താരമാണ് പൂജ. വനിതാ വിഭാഗം 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ പരുള്‍ ചൗധരി വെള്ളി നേടി. 9:12.46സെക്കന്‍ഡില്‍ ദേശീയ റെക്കോഡോടെയാണ് പരുള്‍ മെഡലണിഞ്ഞത്. ദോഹ ഡയമണ്ട് ലീഗില്‍ 9:13.39 സെക്കന്‍ഡില്‍ പരുള്‍ കുറിച്ച റെക്കോഡ് തന്നെയാണ് വീണ്ടും തിരുത്തിക്കുറിച്ചത്. കസാക്കിസ്ഥാന്റെ നോറ ജെറൂട്ടൊ സ്വര്‍ണവും ഡെയ്സി ജെപ്കെമി വെങ്കലവും നേടി. 

Exit mobile version