Site iconSite icon Janayugom Online

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; ഗുല്‍വീര്‍ സിങ്ങിന് സ്വര്‍ണം

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ച് ഗുല്‍വീര്‍ സിങ്. പുരുഷന്മാരുടെ 10,000 മീറ്ററിലാണ് താരം സ്വര്‍ണമണിഞ്ഞത്. ഇന്ത്യയുടെ മറ്റൊരു താരമായ സാവന്‍ ബര്‍വാള്‍ 28:50.53 സമയത്തില്‍ നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്തു. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നേരത്തെയും ഗുല്‍വീര്‍ മെഡല്‍ നേടിയിട്ടുണ്ട്. 2023ല്‍ 5,000 മീറ്ററിലാണ് താരം വെങ്കലം നേടിയത്. 1:21:13.60 സമയത്തിലാണ് താരം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 

പുരുഷ വിഭാഗം 20 കിലോമീറ്റര്‍ നടത്തത്തില്‍ സെര്‍വിന്‍ സെബാസ്റ്റ്യന്‍ വെങ്കലം നേടി. ഇന്നലെ ആരംഭിച്ച 26-ാമത് ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ എട്ട് മലയാളികൾ ഉൾപ്പെടെ 59 ഇന്ത്യൻ അത്‌ലറ്റകളാണ് പങ്കെടുക്കുന്നത്. ജാവലിന്‍ ത്രോയിലെ ഒളിമ്പിക് ഇരട്ട മെഡല്‍ ജേതാവ് നീരജ് ചോപ്ര ഒഴികെയുള്ള മിക്ക പ്രമുഖ താരങ്ങളും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്. പുരുഷ ട്രിപ്പിൾ ജംപിൽ അബ്ദുല്ല അബൂബക്കർ, വനിതാ ലോങ്ജംപിൽ ആൻസി സോജൻ, 400 മീറ്റർ ഹർഡിൽസിൽ ആർ അനു എന്നിവരാണ് വ്യക്തിഗത ഇനങ്ങളിൽ മത്സരിക്കുന്ന മലയാളികൾ.

Exit mobile version