Site icon Janayugom Online

481 മത്സരങ്ങൾ, 655 ഇന്ത്യൻ താരങ്ങള്‍; ഏഷ്യന്‍ ഗെയിംസ് ഇന്ന് മുതല്‍

ലോകത്തെ വിറകൊള്ളിച്ച് കോവിഡ് മഹാമാരിയുടെ ആശങ്കകളും അനിശ്ചിതത്വങ്ങളും തീര്‍ത്ത വലിയൊരിടവേളയ്ക്കുശേഷം ഏഷ്യയുടെ കായിക കരുത്ത് മികവിന്റെ പുതിയ അടയാളങ്ങള്‍ തീര്‍ക്കാന്‍ ചൈനയിലെ ഹാങ്ചൗയില്‍ സമ്മേളിക്കുന്നു. രണ്ടാഴ്ചക്കാലത്തെ കായിക ബലപരീക്ഷണത്തില്‍ ഏഷ്യയിലെ 46 രാജ്യങ്ങളില്‍ നിന്നായി 12,000 ത്തിലധികം താരങ്ങളാണ് 19 -ാം ഏഷ്യാഡില്‍ പങ്കെടുക്കുന്നത്. 2022 ഏഷ്യന്‍ ഗെയിംസ് എന്നറിയപ്പെടുന്ന കായിക മഹാമേളയുടെ ഔ­ദ്യോ­ഗിക മുദ്രാവാക്യം, ‘ഹാര്‍ട്ട് ടു ഹാര്‍ട്ട്, @ഫ്യൂച്ചര്‍’ എന്നതാണ്. ഏഷ്യന്‍ ഗെയിംസ് ഏഷ്യയിലെ രാജ്യങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന ബന്ധത്തിന്റെ പ്രതീകമാണ് ഈ മുദ്രാവാക്യം. ഇന്ന് വൈകുന്നേരം ഹാങ്ഷൂവിലെ ഹാങ്ചൗ സ്പോര്‍ട്സ് പാര്‍ക്ക് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. ബീജിങ്ങില്‍ 2022ലെ വിന്റര്‍ ഒളിമ്പിക്സിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകളുടെ അസിസ്റ്റന്റ് ഡയറക്ടര്‍മാരില്‍ ഒരാളായ ഷാ സിയാവോളനാണ് ചടങ്ങ് സംവിധാനം ചെയ്തിരിക്കുന്നത്.

ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയില്‍ മെഡല്‍ പ്രതീക്ഷയുണ്ട് ഇന്ത്യക്ക്. ഏറ്റവും ഒടുവില്‍ യൂജീനില്‍ നടന്ന ഡയമണ്ട് ലീഗില്‍ നേരിയ വ്യത്യാസത്തിലാണ് നീരജ് വെള്ളി മെഡലിലൊതുങ്ങിയത്. ഏറ്റവും മികച്ച പ്രകടനം തന്നെയാണ് ജാവലിന്‍ ത്രോയില്‍ നീരജ് ലക്ഷ്യംവയ്ക്കുന്നതും. ജാവലിനില്‍ കിഷോര്‍ ജെനയുമുണ്ട് . അവിനാഷ് സാബ്ലെ (3000 സ്റ്റീപ്പിള്‍ ചേസ്), ജിന്‍സണ്‍ ജോണ്‍സണ്‍, അജയ് കുമാര്‍ (1500 മീറ്റര്‍), എം ശ്രീശങ്കര്‍, ജെസ്വിന്‍ ആല്‍ഡ്രിന്‍, പ്രവീണ്‍ ചിത്രവേല്‍, അബ്ദുള്ള അബൂബക്കര്‍, തേജീന്ദര്‍ പാല്‍ സിങ് ടൂര്‍, ജ്യോതി യരാജി (100 മീറ്റര്‍ ഹര്‍ഡില്‍സ്), പാറുല്‍ ചൗധരി (3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ്) കൃഷ്ണന്‍ കുമാര്‍ (800 മീറ്റര്‍), അംലാന്‍ ബൊര്‍ഗോഹെയ്ന്‍, പ്രാചി, പ്രീതി എന്നിവരുള്‍പ്പെട്ട ശക്തമായ നിരയാണ് ഇന്ത്യക്ക് ഇത്തവണയുള്ളത്. ഇതിനകം ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങളാണ് കഴിഞ്ഞത്.

പുരുഷ ഫുട്ബോളിൽ ആദ്യ കളി ആതിഥേയരായ ചൈനയോട് 5–1നു വീണെങ്കിലും അടുത്ത കളി ബംഗ്ലാദേശിനെ കീഴടക്കാൻ ഇന്ത്യക്ക് സാധിച്ചു. വനിതാ ക്രിക്കറ്റ് ടീം 21ന് ആദ്യ കളി കളിച്ചെങ്കിലും മലേഷ്യക്കെതിരായ ആ മത്സരം മഴ മുടക്കി. പുതുതായി നിര്‍മ്മിച്ച 12 സ്റ്റേഡിയങ്ങളടക്കം 56 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. റീസൈക്കിള്‍ ചെയ്ത പാഴ് വസ്തുക്കള്‍ ഉപയോഗപ്പെടുത്തിയാണ് സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണത്തിനായി കൂടുതലായി ഉപയോഗപ്പെടുത്തിയിരിക്കുന്നതെന്നത് ചൈന ഏഷ്യന്‍ ഗെയിംസിന്റെ സവിശേഷതയാണ്.

സോളാര്‍ വൈദ്യുതിയാണ് ഗെയിംസ് വില്ലേജില്‍ ഉപയോഗിക്കുന്നതെന്നതും പ്രകൃതി വിഭവങ്ങളുടെ ഉപയോഗം വളരെ കൃത്യതയോടെയാണെന്നതും പ്രത്യേകതയാണ്. ഗെയിംസിലെ ആകര്‍ഷക ഇനമായ വാട്ടര്‍ സ്പോര്‍ട്സില്‍ പോലും വെള്ളത്തിന്റെ ഉപയോഗം ഗണ്യമായി കുറയ്ക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹരിതാഭ നിറഞ്ഞു തുളുമ്പന്നതരത്തില്‍ ഗെയിംസ് നഗരത്തെ സുന്ദരമാക്കാന്‍ സംഘാടകരും സര്‍ക്കാരും നടത്തിയ പരിശ്രമങ്ങളുടെ നേര്‍ക്കാഴ്ചകളാണ് ഹാങ്‌ചൗയിലെങ്ങും. ഗെയിംസിനായി ഹാങ്ചൗവിനും ഹാങ്‌ഷൂവിനും ഇടയില്‍ ഒരു പുതിയ അതിവേഗ റെയില്‍ പാത തന്നെ നിര്‍മ്മിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: asian games start today
You may also like this video

Exit mobile version