Site iconSite icon Janayugom Online

ബഹിരാകാശ സഞ്ചാരിക്ക് ആരോഗ്യപ്രശ്നം; ഐഎസ്എസിൽ ആശങ്ക, ക്രൂ-11 ദൗത്യ സംഘത്തിന്‍റെ മടക്ക തീയതി പ്രഖ്യാപിച്ച് നാസ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഒരു സഞ്ചാരിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ക്രൂ-11 ദൗത്യസംഘത്തെ നാസ അടിയന്തരമായി ഭൂമിയിലേക്ക് മടക്കിയെത്തിക്കുന്നു. ജനുവരി 14ന് അമേരിക്കൻ സമയം വൈകുന്നേരം 5 മണിക്ക് സ്പേസ് എക്‌സിന്റെ ഡ്രാഗൺ പേടകം നാലംഗ സംഘവുമായി നിലയത്തിൽ നിന്ന് പുറപ്പെടും. ഇന്ത്യൻ സമയം ജനുവരി 15 പുലർച്ചെ 3.30ഓടെ പേടകം ഭൂമിയിൽ ഇറങ്ങുമെന്നാണ് നാസയുടെ ഔദ്യോഗിക അറിയിപ്പ്. ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ദൗത്യം വെട്ടിച്ചുരുക്കി സഞ്ചാരികളെ മടക്കിക്കൊണ്ടുവരുന്നത്.

കഴിഞ്ഞ ദിവസമാണ് നിലയത്തിലുള്ള ഒരു സഞ്ചാരിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് നാസ സ്ഥിരീകരിച്ചത്. എന്നാൽ സ്വകാര്യത കണക്കിലെടുത്ത് ഏത് സഞ്ചാരിക്കാണ് അസുഖമെന്ന് വെളിപ്പെടുത്താൻ ഏജൻസി തയ്യാറായിട്ടില്ല. നാസയുടെ സെന കാർഡ്‌മാൻ, മൈക്ക് ഫിൻകെ, ജാക്‌സയുടെ കിമിയ യുവി, റഷ്യയുടെ ഒലെഗ് പ്ലാറ്റോണോവ് എന്നിവരടങ്ങുന്നതാണ് ക്രൂ-11 സംഘം. ജനുവരി എട്ടിന് സെനയും മൈക്കും നടത്താനിരുന്ന ബഹിരാകാശ നടത്തം ആരോഗ്യപ്രശ്നം മൂലം അവസാന നിമിഷം റദ്ദാക്കിയിരുന്നു. സാധാരണയായി ആറ് മാസം നീളുന്നതാണ് ഇത്തരം ദൗത്യങ്ങൾ. അടുത്ത സംഘമായ ക്രൂ-12 ഫെബ്രുവരിയിൽ എത്തിയതിന് ശേഷം മാത്രമേ ക്രൂ-11 മടങ്ങേണ്ടിയിരുന്നുള്ളൂ. എന്നാൽ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സംഘം നേരത്തെ മടങ്ങുന്നതോടെ, നിലയത്തിന്റെ പൂർണ്ണ ചുമതല നിലവിൽ അവിടെയുള്ള മൂന്നംഗ റഷ്യൻ‑നാസ സംഘത്തിന് കൈമാറും. സഞ്ചാരിയുടെ സുരക്ഷ മുൻനിർത്തിയാണ് ദൗത്യം വെട്ടിച്ചുരുക്കാൻ നാസ തീരുമാനമെടുത്തത്.

Exit mobile version