Site iconSite icon Janayugom Online

പ്രേക്ഷക പ്രതീക്ഷക്ക് നിരാശ നൽകി അറ്റ്ലി

പഠാന്റെ വൻ വിജയത്തിന് ശേഷം വലിയ പ്രതീക്ഷകൾക്കിടം നൽകിയ ഷാരൂഖ് ഖാൻ ചിത്രം ജവാൻ പ്രേക്ഷകർക്ക് പുത്തൻ അനുഭവങ്ങളൊന്നും സമ്മാനിച്ചില്ലെന്ന് വേണം പറയാൻ. നാളിതുവരെ നമ്മൾ കണ്ടതും കേട്ടതുമായ രംഗങ്ങൾ, ശക്തമായ കഥാ സന്ദർഭങ്ങളോ മറ്റ് പുതമകളൊന്നും സംവിധായകൻ അറ്റ്ലിക്ക് ജവാനിലൂടെ പ്രേക്ഷകരിലേക്കെത്തിക്കാൻ കഴിഞ്ഞില്ല. നിരവധി ചിത്രങ്ങളിൽ കണ്ട് പോന്ന സ്നേഹമുള്ള ഒരു കുടുംബം ആ കുടുംബത്തെ തകർത്ത പ്രതിനായകനോട് അച്ഛനും മകനും നടത്തുന്ന പ്രതികാരം ഈ ഒരു പ്രമേയത്തെ മുൻ നിർത്തിയാണ് ചിത്രത്തിന്റെ ഒഴുക്ക്.

എങ്കിലും തുടക്കം മുതൽ ഒടുക്കം വരെ മാസ് നിലനിർത്താനും, നിലവിലെ സാഹചര്യത്തില്‍ നാം നേരിട്ട് കൊണ്ടിരിക്കുന്ന സമൂഹത്തിലെ പ്രശ്നങ്ങൾ ചിത്രത്തിൽ തുറന്ന് കാണിക്കാന്‍ സംവിധായകന്റെ ശ്രമം വിജയിച്ചു എന്ന് പറയാം. ഓക്സിജൻ ലഭിക്കാതെ കുട്ടികൾ മരിക്കുക, കർഷക സമരം, കർഷക ആത്മഹത്യ, തെരഞ്ഞെടുപ്പ് അഴിമിതി, ആരോഗ്യ രംഗത്തെ അഴിമതികൾ ഇവയെല്ലാം കേന്ദ്രസർക്കാരിനെതിരെയുള്ള വിമർശനങ്ങളായി ജവാനിൽ കാണാൻ സാധിക്കും. ആസാദ് എന്ന മകനായും, വിക്രം റാത്തോഡ് അച്ഛനായും ഷാറൂഖ് തന്നെയാണ് സ്ക്രീനിലെത്തുന്നത്. ഷാരൂഖ് ഫാൻസിന് ആഘോഷിക്കാനുള്ള രംഗങ്ങൾ ചിത്രത്തിലുണ്ട്. ഒരുപക്ഷെ ചിലർക്കെങ്കിലും പലയിടങ്ങളിലും ബോളിവുഡ് ചിത്രത്തിലേക്ക് തമിഴ് സ്റ്റെൽ കയറിവന്നൊരു ഫീലുണ്ടാകുമെന്നത് തീർച്ച. വ്യത്യസ്തമായ ലുക്കിൽ നിരവധി രംഗങ്ങളിൽ ഷാരൂഖ് ചിത്രത്തിലെത്തുന്നത് ഫാന്‍സിനെ ആകർഷിക്കാൻ കഴിയുമെന്നതിനപ്പുറം സിനിമാ പ്രേമികള്‍ക്ക് എത്രത്തോളം അവ സ്വീകാര്യമാണെന്നത് സംശയമാണ്.

സ്ക്രീനിലെത്തുന്നവരിൽ മിക്ക കഥാപാത്രങ്ങളും ഇമോഷണലിന്റെ അളവ് കുറച്ച് കൂടിപോയതായി പല രംഗങ്ങളിലും തോന്നിയേക്കാം, നായിക അടക്കമുള്ളവര്‍ ആവശ്യമല്ലാത്തിടത്ത് പോലും കണ്ണീർ വീഴ്ത്തുന്ന കാഴ്ചയായിരുന്നു ചിത്രത്തിൽ. ഇമോഷണൽ രംഗങ്ങളുടെ ആവർത്തനം കൂടിയാണ് ചിത്രം. അനിരുധിന്റെ ബിജിഎം മാസ് രംഗങ്ങൾക്ക് ജീവൻ നൽകാൻ ഏറെ സഹായകമാകുന്നുണ്ട്. കാളിയ എന്ന കഥാപാത്രത്തിൽ പ്രതിനായകനായെത്തിയ വിജയ് സേതുപതി തന്റെ പ്രകടനം ഗംഭീരമാക്കുന്നുണ്ട്.

നർമ്മദ എന്ന പൊലീസ് ഓഫീസറുടെ വേഷത്തിൽ നയൻതാരയെത്തുമ്പോൾ നായകനൊപ്പം ചേർന്ന് നിൽക്കുന്ന പെൺപടയായി പ്രിയാമണി, അമൃത അയ്യർ, സുനിൽ ഗ്രോവർ, സാന്യ മൽഹോത്ര, റിദ്ധി ദോഗ്ര, ലെഹർ ഖാൻ, സഞ്ചീത ഭട്ടാചാര്യ എന്നിവർ ആക്ഷൻ രംഗങ്ങളിൽ തകർത്താടി. ഇവരുടെ സംഘങ്ങള്‍ തന്നെയാണ് നായകനൊപ്പം ചിത്രത്തില്‍ രക്ഷകരായി വിവിധ രംഗങ്ങളിലെത്തുന്നത്. 30 വർഷങ്ങൾക്ക് മുമ്പ് പട്ടാളക്കാരന്റെ ഭാര്യയായി വൈകാരികമായ ഒരു റോളിൽ ദീപിക പദുകോൺ പ്രേക്ഷകരിലേക്കത്തുന്നു. നിങ്ങൾ മാസ് മസാല ചിത്രം ഇഷ്ടപ്പെടുന്ന ഒരാളാണെങ്കില്‍ ഉറപ്പായും 169 മിനിറ്റ് ദൈർഘ്യമുള്ള ജവാൻ ഇഷ്ടപ്പെടും എന്നകാര്യത്തിൽ തർക്കമില്ല.

Eng­lish Summary:Atlee dis­ap­point­ed the audi­ence’s expec­ta­tions; Jawaan with a styl­ish per­for­mance by King Khan

You may also like this video

Exit mobile version