Site iconSite icon Janayugom Online

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്സ് അന്തരിച്ചു

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്സ് കാര്‍ അപകടത്തില്‍ അന്തരിച്ചു. ശനിയാഴ്ച രാത്രി ടൗണ്‍സ്വില്ലിന് പുറത്തായിരുന്നു അപകടം. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ സൈമണ്ട്സിന് 46 വയസ്സായിരുന്നു. സൈമണ്ട്സ് താമസിച്ചിരുന്ന ടൗണ്‍സ്വില്ലെയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഹെര്‍വി റേഞ്ചിലായരുന്നു അപകടം. ദാരുണമായ ഈ അപകടത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. രാത്രി 11 മണിക്ക് ശേഷം ഹെര്‍വി റേഞ്ച് റോഡില്‍ കാര്‍ ഓടിക്കുന്നതിനിടയില്‍ ആലീസ് റിവര്‍ ബ്രിഡ്ജിന് സമീപം കാര്‍ മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ എമര്‍ജന്‍സി സര്‍വീസുകള്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. സൈമണ്ട്‌സിന്റെ മരണത്തിന് പിന്നാലെ കുടുംബം പ്രസ്താവന പുറപ്പെടുവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അദ്ദേഹത്തിന്റെ വിയോഗം സ്ഥിരീകരിച്ചതായും, അനുശോചനങ്ങള്‍ക്കൊപ്പം ആദരാഞ്ജലികള്‍ക്കുമൊപ്പം കുടുംബത്തിന്റെ സ്വകാര്യതയെ കൂടി മാനിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഓസ്ട്രേലിയയ്ക്കായി 198 ഏകദിനങ്ങള്‍ കളിച്ച സൈമണ്ട്സ് 2003ലും 2007ലും തുടര്‍ച്ചയായി ലോകകപ്പുകള്‍ നേടിയ ഓസ്‌ട്രേലിയന്‍ ടീമിലെ പ്രധാന അംഗമായിരുന്നു. രണ്ട് ലോകകപ്പിലും ഒരു മത്സരം പോലും സൈമണ്ട്‌സ് മാറി നിന്നിരുന്നില്ല. 2003 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മാച്ച് വിന്നിംഗ് സെഞ്ച്വറിയുമായി നിറഞ്ഞു നിന്നു.

എതിരാളികള്‍ പേടിച്ചിരുന്ന അപകടകാരിയായ വലംകൈയ്യന്‍ ബാറ്റ്‌സമാനായ അദ്ദേഹം 26 ടെസ്റ്റുകളും കളിച്ചു, ഇംഗ്ലണ്ടിനും ഇന്ത്യക്കുമെതിരെ സെഞ്ച്വറി നേടി. തന്ത്രപരമായ ഓഫ് ബ്രേക്ക് ബൗളറായ ആന്‍ഡ്രൂ സൈമണ്ട്സ് 24 ടെസ്റ്റ് വിക്കറ്റുകള്‍ നേടി. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായിരുന്നു സൈമണ്ട്‌സ്. മിന്നുന്ന റിഫ്‌ലക്ഷനും കൃത്യതയാര്‍ന്ന ലക്ഷ്യബോധവും ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്ണൗട്ടുകള്‍ നേടുന്ന അഞ്ചാമത്തെ ഫീല്‍ഡ്‌സ്മാന്‍ എന്ന നേട്ടത്തിലേക്കും അദ്ദേഹത്തെ എത്തിച്ചു.

Eng­lish sum­ma­ry; Aus­tralian crick­et leg­end Andrew Symonds has died

You may also like this video;

Exit mobile version