Site iconSite icon Janayugom Online

റേഷൻ സാധനങ്ങൾ ഇനി ഓട്ടോ തൊഴിലാളികൾ വീട്ടിലെത്തിക്കും; ഒപ്പം പദ്ധതിക്ക് ഇന്ന് തുടക്കമാകും

autoauto

റേഷൻ കടകളിലെത്തി സാധനങ്ങൾ വാങ്ങാൻ കഴിയാത്തവർക്ക് പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ വീടുകളിൽ റേഷൻ നേരിട്ടെത്തിക്കുന്ന ‘ഒപ്പം’ പദ്ധതിയുമായി പൊതുവിതരണ വകുപ്പ്. അതിദാരിദ്ര്യം നിർമ്മാർജനം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
എല്ലാമാസവും പത്താം തീയതിക്കുള്ളിൽ റേഷൻ വിഹിതം ഗുണഭോക്താക്കളുടെ വീട്ടിലെത്തിക്കും. അർഹരായ കുടുംബങ്ങളെ കണ്ടെത്തി അവർക്ക് കൃത്യമായ റേഷൻ എത്തുന്നുവെന്ന കാര്യം പദ്ധതിയിലൂടെ ഉറപ്പുവരുത്തും. ഗുണഭോക്താക്കൾക്ക് പദ്ധതിയിലൂടെ യാതൊരു സാമ്പത്തികബാധ്യത ഉണ്ടാകില്ലെന്നതും പ്രത്യേകതയാണ്.

ആദിവാസി ഊരുകളിൽ റേഷൻസാധനങ്ങൾ നേരിട്ടെത്തിക്കുന്ന മാതൃകയിലാണ് ഇതും നടപ്പാക്കുന്നത്. പദ്ധതി കുറ്റമറ്റ രീതിയിൽ പ്രവർത്തിപ്പിക്കുന്നതിന് മാനുവൽ ട്രാൻസാക്ഷൻ മുഖേന റേഷൻ കാർഡുടമകളുടെ കൈപ്പറ്റ് രസീത് മാനുവൽ രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷമാണ് സാധനങ്ങൾ നൽകുക. ഈ വിവരങ്ങൾ റേഷനിങ് ഇൻസ്പെക്ടറുടെ മേൽനോട്ടത്തിൽ ഇ പോസ് മെഷീനിൽ രേഖപ്പെടുത്തും.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ പൂച്ചട്ടി മാധവമന്ദിരം ഓഡിറ്റോറിയത്തിൽ ഇന്ന് ഉച്ചയ്ക്ക് 2.30ന് ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആർ അനിൽ നിർവഹിക്കും. റവന്യു-ഭവന നിർമ്മാണ മന്ത്രി കെ രാജൻ, ജില്ലാ കളക്ടർ ഹരിത വി കുമാർ, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഡോ. സജിത്ത് ബാബു ഐഎഎസ്, റേഷനിങ് കൺട്രോളർ മനോജ് കുമാർ കെ, തൃശൂർ അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് റെജി പി ജോസഫ്, ഉത്തരമേഖല റേഷനിങ് ഡെപ്യൂട്ടി കൺട്രോളർ അജിത്കുമാർ കെ, തൃശൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിഡ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുക്കും.

Eng­lish Sum­ma­ry: auto work­ers will the ration items to the-home
You may also like this video

Exit mobile version