അയോധ്യയിൽ എന്നല്ല ഭൂഗോളത്തിൽ ഏതൊരു സ്ഥലത്തും ശ്രീരാമന് ഒരു ക്ഷേത്രം ഉണ്ടാവുന്നതിൽ ആഹ്ലാദം തോന്നുന്നവരും തോന്നാത്തവരും ഉണ്ടാവാമെങ്കിലും എതിർപ്പുള്ളവർ ഭാരതദേശത്ത് ഒരു മതത്തിലും ഉണ്ടാവില്ല. കാരണം സിനിമാനടി ഖുശ്ബുവിനു വരെ ക്ഷേത്രമുണ്ടായ ഭാരതത്തിൽ, ക്ഷേത്ര നിർമ്മാണ കലയോട് ആവശ്യമായ സഹിഷ്ണുതയൊക്കെ ജാതി-മത, രാഷ്ട്രീയ ഭേദമന്യേ പരക്കെ മനുഷ്യരിൽ നിലവിലുണ്ട്. എന്നിട്ടും, നാരായണഗുരു അരുവിപ്പുറത്തു നടത്തിയ ശിവപ്രതിഷ്ഠയെ അനുമോദിക്കുന്ന ഈ ലേഖകനുൾപ്പെടെയുളള നിരവധി ഭക്തമാനവരും ജനാധിപത്യ പൗരമാനവരുമെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്ന ആര്‍എസ്എസുകാരൻ അയോധ്യയിൽ നടത്താൻ പോകുന്ന ശ്രീരാമ പ്രാണപ്രതിഷ്ഠയെ എന്തുകൊണ്ട് അപഗ്രഥിക്കാനും ആവുന്നത്ര ശക്തിയിൽ അപലപിക്കാനും തയ്യാറാകുന്നു? ഇന്ത്യയിലെ ഇസ്ലാംമത വിശ്വാസികളായ പൗരന്മാരുടെ നെഞ്ചകത്ത് ആശങ്കയ്ക്ക് തീ കൊളുത്തിക്കൊണ്ടും ബാബറി മസ്ജിദ് തകർത്തുമാണ് സംഘപരിവാര ഹിന്ദുരാഷ്ട്രവാദികൾ അയോധ്യയിൽ രാമക്ഷേത്രം പണിതിരിക്കുന്നത് എന്നതിലാണ് പ്രതിഷേധം. മറ്റുള്ളവരുടെ വീട് അതിക്രമിച്ചു തകർത്ത് തൽസ്ഥാനത്തു പടുത്തുയർത്തിയ കൊട്ടാരത്തിൽ സാമാന്യമര്യാദയും നീതിബോധവുമുള്ള ഒരു മനുഷ്യനും പാർക്കാൻ തയ്യാറാവില്ല. ഈ സാമാന്യയുക്തിയില്‍ ചിന്തിച്ചാൽത്തന്നെ വാത്മീകിയുടെ മര്യാദാപുരുഷോത്തമനായ ശ്രീരാമൻ, അള്ളാഹുവിന്റെ ഭവനം എന്നു മുസ്ലിങ്ങൾ വിശ്വസിക്കുന്ന മസ്ജിദ് ആക്രമിച്ചു തകർത്തിടത്ത് പണിയുന്ന അമ്പലത്തിൽ കുടിപാർക്കും എന്നു കരുതുന്നത് ശ്രീരാമനെ അപമാനിക്കലാവും.
രാമനെ അപമാനിക്കുന്ന അമ്പലനിർമ്മാണമാണ്, പള്ളിപൊളിച്ച് അയോധ്യയിൽ നടക്കുന്നത് എന്നതിനാലാണ് ശ്രീരാമന്റെ മര്യാദാവ്യക്തിത്വത്തെ മാനിക്കുന്ന ഭാരതീയർ ജനുവരി 22ലെ പ്രാണപ്രതിഷ്ഠയെ അക്ഷതം ഏറ്റു വാങ്ങാതെയും വിളക്കു കത്തിക്കാതെയും അപലപിക്കുന്നതും പ്രതിഷേധിക്കുന്നതും. വാത്മീകി മുതൽ എഴുത്തച്ഛൻ വരെയും കമ്പർ മുതൽ തുളസീദാസ് വരെയും എഴുതിയ രാമകഥാചരിതം വായിച്ചു നോക്കിയിട്ടുള്ളവർക്കറിയാം ശത്രുക്കളുടെയോ മിത്രങ്ങളുടെയോ ഇരിപ്പിടമോ കിടപ്പിടമോ ബലാൽക്കാരമായോ തന്ത്രപരമായോ സ്വന്തമാക്കുന്ന താന്തോന്നിത്തമോ തെമ്മാടിത്തമോ ശ്രീരാമൻ ജീവിതത്തിൽ ഒരേടത്തും കാണിച്ചിട്ടില്ല എന്ന്. നിഷാദ രാജാവായ ഗുഹന്റെ സിംഹാസനത്തിലോ, കിഷ്കിന്ധയിലെ സുഗ്രീവന്റെ സിംഹാസനത്തിലോ ലങ്കാ ചക്രവർത്തിയായ രാവണന്റെ സിംഹാസനത്തിലോ ഞൊടിയിട പോലും ശ്രീരാമൻ ഇരുന്നിട്ടില്ല. ഇങ്ങനെയുള്ള ശ്രീരാമൻ മസ്ജിദെന്ന അള്ളാഹുവിന്റെ ഇരിപ്പിടം തകർത്ത്, തൽസ്ഥാനത്തു പണിതീർപ്പിച്ച അമ്പലത്തിൽ വസിക്കുമെന്നു ചിന്തിക്കാന്‍ ഏതെങ്കിലും രാമായണം വായിച്ചിട്ടുളള ഒരു രാമഭക്തനും കഴിയില്ല. ആര്‍എസ്എസുകാർ പൊതുവേ രാമായണം വായിക്കുന്നവരല്ല; വായിച്ചാൽത്തന്നെ ചിന്തിക്കുന്നവരുമല്ല. അതുകൊണ്ടു തന്നെ അവർക്ക് വാത്മീകി മഹർഷിയുടെ കവിപ്രതിഭ ആവിഷ്കരിച്ച മര്യാദാപുരുഷോത്തമനായ രാമനെ പ്രതിഷ്ഠിക്കാനാവില്ല. അവർക്ക് മുസ്ലിം വിദ്വേഷത്തിന്റെ ഒരു കൽരൂപം പ്രതിഷ്ഠിക്കാനേ അങ്ങേയറ്റം കഴിയൂ. അതാണവർ ചെയ്യുന്നതും. വാത്മീകിയുടെ ആദർശ രാമനെ ആദരിക്കാൻ അയോധ്യയിൽ പ്രതിഷ്ഠിക്കുന്ന കൽരൂപം ആവശ്യമില്ല. രാമായണം വായിച്ചു തന്നെ ആദരിക്കാനാവും. ശ്രീരാമഭക്തനായ ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ ഹിന്ദുരാഷ്ട്രവാദത്തിൽ ദേശസ്നേഹം കണ്ടെത്തുന്ന നരേന്ദ്ര മോഡി, ശ്രീരാമന്റെ ആദർശ സ്വഭാവത്തെ അപമാനിച്ചുകൊണ്ട് പള്ളി പൊളിച്ചിടത്ത് അമ്പലം പണിഞ്ഞാൽ, അതിൽ കുടിയിരിക്കാൻ രാമചൈതന്യമോ രാമഭക്തദാസനായ ഹനുമൽ ചൈതന്യമോ പോലും ഉണ്ടാവില്ല‑കാക്കക്കൂട്ടിൽ മുട്ടയിടുന്ന കാർവർണമുള്ള കുയിലല്ലല്ലോ ശ്രീരാമൻ! ബാബറി മസ്ജിദ് തകർത്ത് തൽസ്ഥാനത്ത് രാമക്ഷേത്രം പണിയുവാൻ ഭക്തജനങ്ങൾ നൂറ്റാണ്ടുകളായി പ്രക്ഷോഭം നടത്തി വന്നിരുന്നതായാണ് ആര്‍എസ്എസുകാരും പരിവാരവും പ്രചരിപ്പിക്കുന്നത്.
ഇതുകൂടി വായിക്കൂ:നാരായണഗുരുവും രാമപ്രതിഷ്ഠയും
ആവർത്തിച്ചുപറയുന്ന ഈ നുണ പലരും സത്യമാണെന്നു വിശ്വസിച്ചിട്ടുമുണ്ട്. എന്നാൽ രാമജന്മഭൂമിക്കു വേണ്ടി നടന്നുവരുന്ന അത്തരമൊരു ഭക്തജന പ്രക്ഷോഭത്തെപ്പറ്റി ഇന്ത്യയിലെമ്പാടും സഞ്ചരിച്ച സ്വാമി വിവേകാനന്ദൻ യാതൊന്നും സൂചിപ്പിച്ചിട്ടില്ല. അതിനർത്ഥം പള്ളി പൊളിച്ച് അമ്പലം പണിയാനുള്ള പ്രക്ഷോഭമൊന്നും വിവേകാനന്ദൻ ജീവിച്ചിരുന്ന കാലത്ത് അയോധ്യയിൽ പോലും നടന്നിരുന്നില്ല എന്നാണ്. ചരിത്രം പഠിച്ചാലറിയാം, ബാബറി മസ്ജിദ് വിരുദ്ധ രാമജന്മഭൂമി പ്രക്ഷോഭം ഹിന്ദുത്വവാദികൾ ആസൂത്രിതമായി വളർത്തിക്കൊണ്ടു വന്നത് മഹാത്മാഗാന്ധിയുടെ വധത്തിനു ശേഷമാണെന്ന്. രാമഭക്തനായ ഗാന്ധിയെ കൊന്നവർ എന്ന തങ്ങൾക്കുമേലുള്ള കളങ്കം മായ്ച്ചുകളയാൻ ബാബറി മസ്ജിദ് തകർത്തതിന്റെ പൊടിമണ്ണ് ഉപയോഗപ്പെടുത്താനുള്ള കർസേവയാണ് നരസിംഹറാവു മന്ത്രിസഭയുടെ ഒത്താശയോടെ നടത്തിയത്. അയോധ്യയിലെ രാമക്ഷേത്രം ഭക്തരുടെ ആത്മീയാവശ്യമല്ല ആര്‍എസ് എസിന്റെ അധികാര രാഷ്ട്രീയാവശ്യമാണ്. ആ രാഷ്ട്രീയാവശ്യത്തെ ആശീർവദിക്കാതെ മാറിനിൽക്കാൻ പുരി ശങ്കരാചാര്യരെപ്പോലുളള ആത്മീയപീഠപതികളും അംബേദ്ക്കറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ജനാധിപത്യ മതേതര ഭരണഘടനയിൽ വിശ്വസിക്കുന്ന നവഭാരത പൗരരും തയ്യാറായി രംഗത്തുവന്നത് ശ്ലാഘനീയവും ആശാവഹവുമാണ്. നരേന്ദ്ര മോഡി പ്രാണപ്രതിഷ്ഠ നടത്തുന്നിടത്താണ് ശ്രീരാമൻ ജനിച്ച അയോധ്യ നിലനിന്നിരുന്നത് എന്നതിനു യാതൊരു നിർണായകമായ തെളിവുമില്ല.
ഇന്ത്യയുടെ ആദ്യത്തെ ഐസിഎച്ച്ആർ ഡയറക്ടർ ആയിരുന്ന ചരിത്രകാരൻ ആർ എസ് ശർമ്മ തന്നെ ഇക്കാര്യം വ്യക്തമാക്കി എഴുതുന്നു; ”പുരാണങ്ങളിൽ നൽകിയിരിക്കുന്ന നീണ്ട വംശാവലികളെക്കാൾ പ്രാധാന്യം പുരാഖനന തെളിവുകൾക്ക് നൽകേണ്ടതുണ്ട്. പൗരാണിക പാരമ്പര്യ പ്രകാരം അയോധ്യയിലെ രാമന്റെ കാലം 2000 ബിസി യോടടുത്തെന്നു ഗണിക്കാൻ കഴിയും. എന്നാൽ അക്കാലത്തിനോടടുത്ത് എന്തെങ്കിലും തരത്തിൽ ജനവാസം അവിടെയുളളതായി അയോധ്യയിലെ ഖനനങ്ങളോ വ്യാപകമായ അന്വേഷണങ്ങളോ കാണിച്ചു തരുന്നില്ല”(ഏന്‍ഷ്യന്റ് ഇന്ത്യ; പേജ് 14). തെളിവില്ലാത്തിടത്തെ രാമജന്മഭൂമി എന്നു വിളിച്ച് അവിടെയുണ്ടായിരുന്ന മസ്ജിദ് തകർത്ത കർസേവാ രാഷ്ട്രീയത്തിന്റെ സ്വഭാവത്തിന് രാമായണത്തിലെ രാവണ രാഷ്ട്രീയത്തിന്റെ രാക്ഷസീയതയോളം പോലും നന്മയോ മേന്മയോ ഇല്ല. മൂലസ്ഥാനത്തു തന്നെ അമ്പലം പണിയണമെന്ന യാതൊരു നീക്കുപോക്കുമില്ലാത്ത നിയമ വ്യവസ്ഥയൊന്നും തന്ത്ര ശാസ്ത്രങ്ങളിലില്ല. മൂലസ്ഥാനത്തു നിന്ന് ചൈതന്യം ആവാഹിച്ച് നാടിനും നാട്ടാർക്കും സ്വാസ്ഥ്യവും ഐശ്വര്യവും ഉണ്ടാക്കുംവിധം ഏതുസ്ഥലത്തും പ്രാണപ്രതിഷ്ഠ നടത്താം. ചോറ്റാനിക്കര ഭഗവതി ആദ്യം ഇരുന്നേടത്തല്ല ഇപ്പോൾ ചോറ്റാനിക്കര ക്ഷേത്രം നിലനിൽക്കുന്നത്.
ഇതുകൂടി വായിക്കൂ:സാര്‍വത്രിക മതസഹിഷ്ണുതയെ അട്ടിമറിക്കുന്ന പ്രാണപ്രതിഷ്ഠ
മൂലസ്ഥാനവും ആവാസസ്ഥാനവും തമ്മിലുള്ള ദൂരഭേദം തന്ത്രശാസ്ത്രപരമായി അനുവദനീയമാണെന്നതിനു സാക്ഷ്യമാണ് ചോറ്റാനിക്കര ക്ഷേത്രം. ഇതു പ്രകാരം ബാബറി മസ്ജിദ് തകർത്തിടത്തു തന്നെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചെയ്യേണ്ടതില്ല എന്നു മനസിലാക്കാം. എന്നിട്ടും മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിർമ്മിച്ചു പ്രാണപ്രതിഷ്ഠ നടത്താനൊരുമ്പെടുന്നത് മതദ്വേഷവും രാഷ്ട്രീയ ധാർഷ്ട്യവും അധികാര പ്രമത്തതയുമാണ്. ഇതിനെല്ലാം പിന്തുണ നൽകുന്നത് ജനാധിപത്യത്തെ ബലാത്സംഗം ചെയ്യുന്നതിന് ഒത്താശ ചെയ്യലാണ്. രാമനാമത്തിലോ അല്ലാഹുവിന്റെ നാമത്തിലോ ജനാധിപത്യത്തെ ആൾക്കൂട്ടബലാത്സംഗത്തിന് ആരെയും അനുവദിക്കാത്ത നിലപാടെടുക്കുക എന്നതാണ് അംബേദ്കറുടെ ജനാധിപത്യ ഭാരതത്തിൽ അനുശീലിക്കാവുന്ന രാഷ്ട്രഭക്തി. ഈ രാഷ്ട്രഭക്തിയുള്ളവരാണ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയിലെ രാക്ഷസ രാഷ്ട്രീയം തുറന്നുകാട്ടുന്നത്. ജനാധിപത്യ ഇന്ത്യയുടെ കാവൽസൈന്യമായി നിൽക്കുന്ന രാഷ്ട്രഭക്തരെ, രാമഭക്തനായ ഗാന്ധിജിയെ അരുംകൊല ചെയ്ത ഗോഡ്സേയിൽ രാഷ്ട്രഭക്തി കാണുന്ന ഹിന്ദുരാഷ്ട്രവാദികളാണ് രാജ്യദ്രോഹികളായി മുദ്രകുത്തുന്നതെന്ന് തിരിച്ചറിയണം. ഗോഡ്സേയുടെ ഹിന്ദുരാഷ്ട്ര ഭക്തിയാണോ അതോ ഗാന്ധിജിയോട് ആശയപരമായി വിയോജിക്കുമ്പോഴും അദ്ദേഹത്തെ ആദരിച്ചു ജീവിച്ച അംബേദ്കറുടെ ജനാധിപത്യ ഭാരതരാഷ്ട്ര ഭക്തിയാണോ നാടുഭരിക്കേണ്ടതും നയിക്കേണ്ടതും എന്നു ജനങ്ങൾ തീരുമാനിക്കണം. ജനാധിപത്യ ഭക്തർക്ക് നാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയെ ബഹുമാനിക്കാനാവും, പക്ഷേ നരേന്ദ്ര മോഡിയുടെ അയോധ്യാ പ്രതിഷ്ഠയെ ബഹുമാനിക്കാനാവില്ല.