കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ സ്വകാര്യ ആശുപത്രികൾക്ക് പണം കീശയിലാക്കുന്നതിനുള്ള ഉപാധിയായെന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുറത്തുവന്ന കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു. അതിന് അനുബന്ധമായൊരു വാർത്ത കഴിഞ്ഞ ദിവസം ഗുജറാത്തിൽ നിന്ന് പുറത്തുവന്നിരിക്കുകയാണ്. സ്വകാര്യ ആശുപത്രിയിൽ ഹൃദയധമനിയിലെ തടസങ്ങൾ നീക്കുന്നതിന് ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയ രണ്ട് രോഗികൾ മരിച്ചതാണ് വാർത്ത. ധമനികളിലെ തടസം തീരെ നേർത്തതും സ്റ്റെന്റ് ഘടിപ്പിക്കേണ്ട ആവശ്യമില്ലാത്തുതുമായിരുന്നു. എന്നിട്ടും ശസ്ത്രക്രിയ നിർദേശിച്ചുവെന്നാണ് ആരോപണം. രണ്ട് രോഗികളും ആയുഷ്മാൻ പദ്ധതിയുടെ ഗുണഭോക്താക്കളായതിനാൽ ഇൻഷുറൻസ് തുക നേടിയെടുക്കുന്നതിന് ആവശ്യമില്ലാത്ത ശസ്ത്രക്രിയ നിർദേശിച്ചെന്നാണ് കണ്ടെത്തിയത്. മരിച്ചവരുടെ ബന്ധുക്കളുടെ പരാതിയുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ ഖ്യാതി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ സിഇഒ, രണ്ട് ഡോക്ടർമാർ എന്നിവർക്കെതിരെ കേസെടുത്തിരിക്കുകയാണ്. ഗുരുതരമായ ക്രമക്കേടുകളാണ് പ്രാഥമികാന്വേഷണത്തിൽ വെളിപ്പെട്ടിരിക്കുന്നത്. ഒരു രോഗിയുടെ രക്തധമനിയിൽ 30–40 ശതമാനം തടസമേ ഉള്ളൂ എന്നാണ് ആൻജിയോഗ്രാം ദൃശ്യങ്ങളിലുള്ളതെങ്കിലും ഡോക്ടർമാർ 90 ശതമാനം തടസമുണ്ടെന്ന റിപ്പോർട്ട് തയ്യാറാക്കിയാണ് ആൻജിയോപ്ലാസ്റ്റി നിർദേശിച്ചത്. രണ്ടാമത്തെയാളുടെ കാര്യത്തിലും ഏകദേശം സമാനരീതിയിലാണ് ആൻജിയോഗ്രാം ദൃശ്യങ്ങളും ഡോക്ടർമാർ തയ്യാറാക്കിയ റിപ്പോർട്ടും. അതേസമയം രോഗികൾ മരിച്ചതോടെ സംഭവം വിവാദമാകുകയും പരാതി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് വലിയ തട്ടിപ്പ് ഇതിന്റെ പേരിൽ നടക്കുന്നതെന്ന വിവരം പുറത്തായത്. ഈ രണ്ട് രോഗികളെ കൂടാതെ, സമാനരീതിയിൽ മറ്റ് അഞ്ച് പേർ ആൻജിയോപ്ലാസ്റ്റിക്ക് വിധേയരായതായി പൊലീസ് കണ്ടെത്തി. ശസ്ത്രക്രിയാനന്തര പരിചരണത്തിനായി ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞവർഷം പുറത്തുവന്ന കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിലുള്ളത് ഇതിനെക്കാൾ വലിയ കൊള്ള നടക്കുന്നുവെന്നാണ്. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായ പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന സ്വകാര്യ ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രീമിയം നൽകുന്ന പദ്ധതിയാണ്. പദ്ധതിയുടെ ധനവിഹിതം 60:40 എന്ന അനുപാതത്തിൽ സംസ്ഥാന സർക്കാരുകളും യൂണിയനും തമ്മിൽ പങ്കിടുന്നതാണ്. കേന്ദ്രത്തിൽ, നാഷണൽ ഹെൽത്ത് അതോറിട്ടി (എൻഎച്ച്എ) യും സംസ്ഥാനങ്ങളിൽ, സംസ്ഥാന ആരോഗ്യ അതോറിട്ടികളും (എസ്എച്ച്എ) ജില്ലാ നിർവഹണ യൂണിറ്റുകളുമാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത്. പദ്ധതിയിൽ നിർവചിച്ചിരിക്കുന്ന കർശനമായ മാനദണ്ഡങ്ങൾക്കനുസൃതമായി ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വരെ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. എൻഎച്ച്എയുടെ കണക്കനുസരിച്ച് 2023ൽ 24.42 കോടി ഗുണഭോക്താക്കളാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരുന്നത്. അതുവരെ ആശുപത്രി ചികിത്സയ്ക്കായി 67,456.21 കോടി രൂപ ചെലവഴിക്കുകയും ചെയ്തു. ഈ വർഷം നവംബർ ഒന്ന് വരെയുള്ള കണക്കുകൾ പ്രകാരം 8.20 കോടിയോളം പേർക്കാണ് പദ്ധതിക്കുകീഴിൽ ആശുപത്രി ചികിത്സ ലഭ്യമാക്കിയത്. നിലവിൽ പദ്ധതിയുടെ ഗുണഭോക്താക്കളായുള്ളത് 35.68 കോടിയാണ്. 2021 മാർച്ച് വരെയുള്ള കാലയളവിലെ കണക്കുകളാണ് ഒരുവർഷം മുമ്പ് പുറത്തുവന്ന സിഎജി റിപ്പോർട്ട് പരിശോധിച്ചിട്ടുള്ളത്. പിഎംജെഎവൈയെക്കുറിച്ചുള്ള ആദ്യത്തെ സിഎജി റിപ്പോർട്ടാണിത്. ഇൻഷുറൻസ് തുക അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ വൻ അഴിമതി നടന്നതായാണ് ഓഡിറ്റർമാർ കണ്ടെത്തിയത്. പദ്ധതിക്കുകീഴിൽ എംപാനൽ ചെയ്ത ആശുപത്രികളിലേക്കുള്ള ക്ലെയിമുകൾ അനുവദിക്കുന്നതിനുമുമ്പ് മതിയായ സാധൂകരണം നടത്തിയില്ല. 2.25 ലക്ഷം കേസുകളിൽ, ‘ശസ്ത്രക്രിയ’ നടത്തിയ തീയതിയും ആശുപത്രിയിൽ നിന്ന് വിട്ടയച്ച തീയതിയും തമ്മിൽ പൊരുത്തക്കേടുണ്ടായി. ഇതിൽ 1.79 ലക്ഷത്തിലധികം മഹാരാഷ്ട്രയിലായിരുന്നു. അനുവദിച്ച തുക 300 കോടിയിലധികം വരും. ആശുപത്രികൾ ക്ലെയിമുകൾ ഉന്നയിക്കുകയും ചികിത്സ ആരംഭിക്കുന്നതിന് മുമ്പുതന്നെ തുക കൈമാറിയതായും 18 വയസിന് മുകളിലുള്ള രോഗികൾക്ക് കുട്ടികളുടെ വിഭാഗത്തിലെ (പീഡിയാട്രിക് സ്പെഷ്യാലിറ്റി) പാക്കേജുകൾ പ്രകാരം ചികിത്സ നൽകിയതായും കണ്ടെത്തി. 45,846 ക്ലെയിമുകളിൽ, പ്രവേശിപ്പിച്ചതിനെക്കാൾ മുമ്പായിരുന്നു ആശുപത്രിവിട്ട തീയതി. ഒരു രോഗിയെ ഒരേ സമയം ഒന്നിലധികം ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി കാണിക്കുന്ന നിരവധി കേസുകളും സിഎജി കണ്ടെത്തുകയുണ്ടായി. വിവരപ്പട്ടികയിൽ മരിച്ചവരായി കാണിച്ച ചിലർക്കും ലക്ഷക്കണക്കിന് രൂപയുടെ ഇൻഷുറൻസ് അവകാശം ഉന്നയിക്കപ്പെടുകയും ചെയ്തു. ചികിത്സയ്ക്കിടെ 88,760 രോഗികൾ മരിച്ചതായി കാണിക്കുന്നു. എന്നിട്ടും, 2.15 ലക്ഷം ക്ലെയിമുകളിൽ ഈ മരിച്ച ‘രോഗികൾക്ക്’ ‘പുതിയ ചികിത്സ’യുമായി ബന്ധപ്പെട്ട് പണം നൽകി. 24 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ ക്ലെയിമുകൾ തീർപ്പാക്കുന്നതിനായി ഏകദേശം ഏഴ് കോടി രൂപ ചെലവഴിച്ചു. ഗുജറാത്ത്, മധ്യപ്രദേശ്, മേഘാലയ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ തട്ടിപ്പ് പരാതികൾ ഉയർന്നത്. പദ്ധതി നടത്തിപ്പിലെ ഏറ്റവും വലിയ ക്രമക്കേട് കണ്ടെത്തിയത് രജിസ്ട്രേഷനിലും ഗുണഭോക്താക്കളുടെ തിരിച്ചറിയലിലുമായിരുന്നു. പരിശോധന പൂർത്തിയാക്കിയാൽ ഗുണഭോക്താക്കൾക്ക് ഒരു തനത് പിഎംജെഎവൈ തിരിച്ചറിയൽ കാർഡ് നൽകണമെന്ന് പദ്ധതി വ്യവസ്ഥ ചെയ്യുന്നു. വിവരപ്പട്ടികയിൽ 1.57 യുണീക് ഐഡികൾ ഒന്നിലധികം തവണ പ്രത്യക്ഷപ്പെട്ടതായി ഓഡിറ്റ് കണ്ടെത്തി. ഇത് അനർഹരായ ഗുണഭോക്താക്കളുടെ സാന്നിധ്യം തള്ളിക്കളയാനാവില്ലെന്ന് വ്യക്തമാക്കുന്നതാണെന്നാണ് സിഎജി റിപ്പോർട്ടിൽ പറഞ്ഞത്. ആധാർ നമ്പറുകൾ കൂടാതെ, ഗുണഭോക്താക്കളുടെ ഫോൺ നമ്പറുകളും ഉപയോഗിക്കാറുണ്ട്. ഇതിലൂടെയും സംശയാസ്പദമായ രജിസ്ട്രേഷൻ നടന്നതായി കണ്ടെത്തി. അസാധുവായ മൊബൈൽ നമ്പറിൽ രജിസ്റ്റർ ചെയ്ത നിരവധി ഗുണഭോക്താക്കൾ ഉണ്ടെന്ന് ഓഡിറ്റ് കണ്ടെത്തി. ഉദാഹരണത്തിന്, ‘9999999999’ മൊബൈൽ നമ്പറിൽ മാത്രം 7.5 ലക്ഷം ഗുണഭോക്താക്കളും ‘8888888888’ നമ്പറിന് കീഴിൽ മറ്റൊരു 1.4 ലക്ഷം പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരുവർഷം മുമ്പാണ് സിഎജി റിപ്പോർട്ട് പുറത്തുവന്നതെങ്കിലും ഇത്തരം തട്ടിപ്പുകൾ നിയന്ത്രിക്കുന്നതിന് യാതൊരു നടപടിയുമുണ്ടായില്ലെന്നാണ് ഇപ്പോൾ ഗുജറാത്തിൽ നിന്നും പുറത്തുവന്ന വിവരങ്ങൾ തെളിയിക്കുന്നത്. ഹിമാചൽ പ്രദേശിൽ ആയുഷ്മാൻ ഭാരത് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടത്തിയ പരിശോധനയിൽ 21കോടി സംശയാസ്പദമായ ഇടപാടുകൾ നടന്നതായാണ് കണ്ടെത്തിയത്. 2300 രോഗികൾക്ക് ചികിത്സനടത്തി എന്നതിന്റെ പേരിലാണ് തട്ടിപ്പ് നടന്നതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കഴിഞ്ഞ ജൂലൈ 31ന് ഡൽഹി, ചണ്ഡീഗഢ്, ഹിമാചൽപ്രദേശ് (ഷിംല, കംഗ്ര, ഉന, മാണ്ഡി, കുളു) എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയുടമകളുടെയും വസതികളിലുമായി 20 സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. അന്വേഷണത്തിൽ, 373 വ്യാജ ആയുഷ്മാൻ കാർഡുകൾ കണ്ടെത്തി. ഈ വ്യാജകാർഡ് ഉപയോഗിച്ച് ഗുണഭോക്താക്കൾക്ക് നൽകിയ ചികിത്സയുടെ പേരിൽ ഏകദേശം 40.68 ലക്ഷം രൂപ ചില ആശുപത്രികൾ കൈക്കലാക്കി. രോഗിക്ക് ഒരിക്കലുംചെയ്തിട്ടില്ലാത്ത ചികിത്സ, ശസ്ത്രക്രിയ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടാണ് തട്ടിപ്പ് നടത്തിയത്. ഇപ്പോഴാകട്ടെ ആയുഷ്മാൻ ഭാരത് പ്രധാന്‍മന്ത്രി ജൻ ആരോഗ്യ യോജന പദ്ധതി അനുസരിച്ച് മുതിർന്ന പൗരൻമാർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്താനും തീരുമാനിച്ചിരിക്കുകയാണ്. 4.5 കോടി കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യുന്ന വിധമാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പദ്ധതിക്കായി 3437 കോടി രൂപയാണ് കേന്ദ്ര വിഹിതമായി വകയിരുത്തിയത്. 70 വയസിന് മേൽ പ്രായമുള്ള എല്ലാവരെയും പുതിയ ഗുണഭോക്തക്കളാക്കുന്ന പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. നിലവിലുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി, ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി എന്നിവയ്ക്ക് പുറമേ കോവിഡ് കാലത്ത് ആവിഷ്കരിച്ച പ്രധാന്‍മന്ത്രി കെയേഴ്സ് ഫണ്ട് (പിഎം കെയേഴ്സ് ഫണ്ട്) സംബന്ധിച്ചും നിരവധി സംശയങ്ങളും ആരോപണങ്ങളും ഉന്നയിക്കപ്പെട്ടിരുന്നു. അതിന്റെ വസ്തുതകൾ വ്യക്തമാക്കുന്നതിന് കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്ന് മാത്രമല്ല പിഎം കെയേഴ്സിനെ പൂർണമായും രഹസ്യസ്വഭാവത്തിലാക്കി എല്ലാ വിവരങ്ങളും മറച്ചുപിടിക്കുകയാണ് നരേന്ദ്ര മോഡി ചെയ്യുന്നത്. വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് പോലും നിയമപരമായല്ലെങ്കിലും ഇതിനെ ഒഴിവാക്കി നിർത്തുകയാണ്. പിഎം കെയേഴ്സ് ഫണ്ട് സംബന്ധിച്ച് വിവരാവകാശനിയമപ്രകാരം ചോദ്യങ്ങൾ ഉന്നയിച്ചാൽ പല കാരണങ്ങൾ നിരത്തി നൽകാതിരിക്കുകയുംചെയ്യുന്നു. പാവപ്പെട്ട ജനങ്ങളുടെ ആരോഗ്യപരിചരണവും വലിയ ക്രമക്കേടുകൾക്കുള്ള അവസരമാക്കി ബിജെപി ഭരണത്തിൽ മാറിയിരിക്കുന്നുവെന്നാണ് ഇതിൽ നിന്ന് ബോധ്യമാകുന്നത്.