Site iconSite icon Janayugom Online

വിത്ത് ബൂബ്സ് ആന്റ് വിത്തൗട്ട് ബൂബ്സ്; വ്യാജ നിർമിതികൾക്കെതിരെ സിനിമ ഒരു ഉപകരണമാവുമ്പോൾ

പെണ്ണിനും ആണിനും ഇതരജൻഡറുകൾക്കുമെല്ലാം മുലകളുണ്ട്. എന്നിട്ടും ജൻഡറിനെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു ഇളംതലമുറയുടെ പ്രതികരണം ‘വിത്ത് ബൂബ്സ് ആന്റ് വിത്തൌട്ട് ബൂബ്സ്’ എന്നാവുന്നതിന്റെ കാരണം എന്തായിരിക്കും? പെണ്ണിന്റെ മുലകൾക്ക് മാത്രം എന്താണിത്ര സവിശേഷത? കുഞ്ഞിനു പാലൂട്ടുക എന്നൊരു ധർമം കൂടിയുള്ളതിനാൽ അവയ്ക്കൽപം വലുപ്പം കൂടുതലാണ്. എന്നു കരുതി എല്ലാ സ്ത്രീകളുടെയും മുലകൾക്ക് ഒരേ വലിപ്പമാണൊ? ഓരോ സ്ത്രീകളുടെയും ശരീരപ്രകൃതമനുസരിച്ച് അവയും പല വലുപ്പത്തിലാണ്. വലിയ മുലകളുള്ള ആണുങ്ങളുണ്ട്. ചെറിയ മുലകളുള്ള പെണ്ണുങ്ങളുണ്ട്… പക്ഷേ വലിയ മുലകളുള്ള ആണിനില്ലാത്ത പ്രശ്നം ചെറിയ മുലകളുള്ള പെണ്ണിന് അനുഭവിക്കേണ്ടി വരുന്നു! സത്യത്തിൽ എന്താണ് മുലകൾക്കിത്ര പ്രശ്നം? ലൈംഗിക ചോദനയുണർത്തുന്ന ഒരു വൈകാരികബോംബ് മാത്രമായി മുലകളെ ആവിഷ്കരിക്കുന്നതാരാണ്? നമ്മുടെ കലകൾക്കും നാം അഭിമാനിക്കുന്ന നമ്മുടെ സംസ്കാരത്തിനും തന്നെയാണ് അതിന്റെ ഉത്തരവാദിത്വം.

സാഹിത്യങ്ങളിലും സിനിമകളിലും വായ്മൊഴിക്കഥകളിലും പരസ്യങ്ങളിലും നാട്ടുവർത്താനങ്ങളിലും എന്നുവേണ്ട മനുഷ്യരുണ്ടാക്കിയ സകല വ്യവഹാരങ്ങളിലും സ്ത്രീയെ അവതരിപ്പിക്കുമ്പോഴുള്ള മുലയഴക് വർണനകൾ കണ്ടും കേട്ടും വിജ്രംഭിച്ചു പോയ തലമുറകളുടെ ബാക്കിപത്രങ്ങളാണ് ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഭൂരിപക്ഷവും. ഒരു മനുഷ്യന്റെ വ്യക്തിത്വസൌന്ദര്യത്തെ കാണാൻ നമ്മുടെ കണ്ണുകൾ പാകപ്പെട്ടിട്ടില്ല. അതെപ്പോഴും ബാഹ്യരൂപങ്ങളിൽ മാത്രം അഭിരമിപ്പിക്കും വിധം പാകപ്പെടുത്തിയ സംസ്കാരത്തിലാണ് നമ്മൾ ജീവിക്കുന്നത്. അതിന്റെ അനന്തരഫലങ്ങൾ പുരുഷേതര ജൻഡറുകളിൽപ്പെടുന്നവരെല്ലാം അനുഭവിക്കുകയും ചെയ്യുന്നു. കണ്ണിൽ നോക്കി സംസാരിക്കാൻ ശേഷിയുള്ള പുരുഷൻമാർ അപൂർവജീവികളാവുന്നതിന്റെ കാരണം സംസ്കരണപ്രക്രിയയിലെ ഈ തകരാറുകൾ തന്നെയാണ്. അത്തരം തകരാറിനെ പരിഹരിക്കാനുള്ള ശക്തമായ ശ്രമങ്ങൾ പലകാലങ്ങളിൽ പല രൂപങ്ങളിൽ ഉണ്ടാവുന്നുണ്ട്. വ്യവഹാരങ്ങളും ആഖ്യാനങ്ങളും നിർമിതികളും ചോദ്യം ചെയ്യപ്പെടുകയും തിരുത്തപ്പെടുകയും ചെയ്യുന്നു. സമൂഹത്തിന്റെ പുരോഗതിയെ നിർണയിക്കുന്നത് ഇത്തരം തിരുത്തലുകൾ തന്നെയാണ്.

മുലകളെക്കുറിച്ചുള്ള സാംസ്കാരിക തകരാറിനെ പരിഹരിക്കുന്നതിനുള്ള ഉപകരണമായി ശ്രുതി ശരണ്യം തിരഞ്ഞെടുത്തിരിക്കുന്നത് ജനകീയ കലയായ സിനിമ എന്ന രൂപത്തെയാണ്. സിനിമയെന്ന കലാരൂപത്തിന്റെ ചേരുവകൾ കച്ചവടത്തെ മുൻനിർത്തിയാവുമ്പോൾ, വിനോദത്തെ മുൻനിർത്തിയാവുമ്പോൾ സാമൂഹ്യപ്രതിബദ്ധതയും സർഗാത്മകതയും എന്ന ചേരുവകൾ ചേർത്ത് നിർമിക്കുന്ന ഉൽപ്പന്നം ഭൂരിപക്ഷ ആസ്വാദകർ സ്വീകരിക്കുമൊ ഇല്ലയൊ എന്നതാണ് നിർണായകചോദ്യം. കാലങ്ങളായി ശീലിക്കപ്പെട്ട ആസ്വാദനരസതന്ത്രത്തിൽ നിന്ന് മാറി പുതിയ കാഴ്ചകളെ ആഗിരണം ചെയ്യാൻ, മുലയഴക് വർണനകൾ കണ്ടും കേട്ടും വിജ്രംഭിച്ചു പോയ തലമുറകൾക്ക് സാധിക്കുമൊ? ബോക്സോഫീസ് തകർക്കുന്ന സാമ്പത്തിക ലാഭമല്ല ‘ബി 32 മുതൽ 44 വരെ’ എന്ന സിനിമയുടെ മൂല്യത്തെ നിർണയിക്കുന്നത്. ഒരു സമൂഹത്തെ മുന്നോട്ടു നയിക്കുന്ന മൂല്യങ്ങളും കാഴ്ചപ്പാടുകളും നിർമിക്കാൻ ഈ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട് എന്നത് നിസംശയം പറയാം. കലയുടെ അളവുകോൽ വെച്ച് അളന്നാൽ ഈ സിനിമ മുൻപന്തിയിൽ തന്നെയുണ്ടാവും. അതുറപ്പാണ്. പുരുഷാധിപത്യ സമൂഹം ലൈംഗികവൽക്കരിച്ചു നിർത്തിയിരിക്കുന്ന മുലകളെന്ന അവയവത്തെ അതിന്റെ നാനാർഥസാധ്യതകളിലേയ്ക്ക് സ്വതന്ത്രമാക്കുകയാണ് ശ്രുതി ശരണ്യംചെയ്തിരിക്കുന്നത്. അല്ലെങ്കിൽ മുലകൾക്കപ്പുുറമുള്ള മനുഷ്യരുടെ ലോകത്തെ ആവിഷ്കരിക്കുകയാണ് സംവിധായിക.

ആന്തോളജിയെന്ന് തുടക്കത്തിൽ തോന്നുമെങ്കിലും ആ തോന്നലിനെ ഇല്ലാതാക്കുംവിധം കഥാപാത്രങ്ങളെ കൂട്ടിയിണക്കിയിരിക്കുന്ന രീതിയാണ് സംവിധായികയുടെ പ്രതിഭ തെളിയിക്കുന്ന ഒരു ഘടകം. മാലിനി, ജയ, റേച്ചൽ, സിയ, ഇമാൻ, നിധി എന്നിങ്ങനെ 6 സ്ത്രീകളെ കേന്ദ്രമാക്കിയാണ് കഥ വികസിയ്ക്കുന്നതെങ്കിലും സിനിമയിൽ വന്നു പോകുന്ന എല്ലാ മനുഷ്യരും പ്രധാന കഥാപാത്രങ്ങളായി മാറുന്നുണ്ട്. മാലിനിയുടെ കഥ പറയുമ്പോൾ വിവേകും പ്രധാന കഥാപാത്രമാകുന്നു. ജയയുടെ കഥ പറയുമ്പോൾ അവളുടെ ഭർത്താവും കുട്ടികളും അമ്മായിയമ്മയും അയൽക്കാരിയും വരെ മറന്നുപോയിടാത്ത എന്തെങ്കിലും അടയാളപ്പെടുത്തുന്നുണ്ട്. പശ്ചാത്തല കഥകളില്ലാതെത്തന്നെ ഓരോ കഥാപാത്രങ്ങളുടെയും സ്വഭാവസവിശേഷത പ്രേക്ഷകരിൽ കോറിയിടാൻ സാധിക്കുന്നുണ്ടെങ്കിൽ അത് തിരക്കഥയുടെ കെട്ടുറപ്പും എഡിറ്റിംഗിന്റെ മിടുക്കും തന്നെയാണ്. പുരുഷേതരമനുഷ്യർ അഭിമുഖീകരിക്കുന്ന 6 പ്രധാന പ്രശ്നങ്ങളെ ലളിതവും സ്വാഭാവികവുമായി ഒട്ടും കല്ലുുകടിയില്ലാതെ, ബൌദ്ധികഭാരങ്ങളില്ലാതെ ദൃശ്യഭാഷയിൽ ആവിഷ്കരിക്കുക എന്നത് ഭഗീരഥപ്രയത്നം തന്നെയാണ്. ആ പ്രതിസന്ധിയെ ഏറ്റവും മനോഹരമായി മറികടക്കാൻ സംവിധായികയ്ക്കും അണിയറപ്രവർത്തകർക്കും സാധിച്ചിട്ടുണ്ട്. ദാമ്പത്യം, പ്രണയം, രക്ഷാകർതൃത്വം, തൊഴിലിടം, പൊതുയിടം, കുടുംബം തുടങ്ങിയ മേഖലകളിൽ പുരുഷേതര മനുഷ്യർ അനുഭവിക്കുകയും അഭിമുഖീകരിക്കുകയും ചെയ്യുന്ന പ്രശ്നങ്ങളും അവയുടെ ബദലുകളുമടങ്ങിയ മനോഹരമായ ഒരു സിനിമയാണിത്.

ഹോസ്പിറ്റാലിറ്റി മേഖലയിൽ ജോലി ചെയ്യുന്ന ഇമാൻ എന്ന കഥാപാത്രത്തിലൂടെ 1960 കളിൽ വികാസം പ്രാപിച്ച റാഡിക്കൽ ഫെമിനിസമെന്ന ആശയധാരയുടെ സമകാലിക പ്രസക്തി ഓർമിപ്പിക്കുന്നുണ്ട് ഈ സിനിമ. 1960കൾ വരെ സ്ത്രീശരീരത്തിന്റെ അഴകളവുകളെക്കുറിച്ച് നിലവിലുണ്ടായിരുന്ന സങ്കൽപമാണ് 36–24-36 എന്നത്. സ്ത്രീയുടെ മാറിടത്തിന്റെയും അരക്കെട്ടിന്റെയും നിതംബത്തിന്റെയും ആനുപാതിക അളവായിരുന്നു ഇത്. ഈ ആനുപാതിക അളവിലുള്ള സ്ത്രീ ശരീരങ്ങൾ ഉത്തമ മാതൃകകളായി അവതരിപ്പിക്കപ്പെട്ടു. വ്യക്തി എന്നതിനപ്പുറം ശരീരമെന്ന ചട്ടക്കൂടിനുള്ളിൽ സ്ത്രീകൾ കുടുങ്ങിക്കിടന്നു. ശരീര പ്രകൃതി സാമൂഹ്യസങ്കൽപത്തിനനുസരിച്ച് നിലനിർത്തുന്നതിനു വേണ്ടി കോർസെറ്റ് അടക്കമുളള ചട്ടകളും ചെരിപ്പുകളും മറ്റ് സാമഗ്രികളും ഉപയോഗിച്ചിരുന്ന അക്കാലത്ത് റാഡിക്കൽ ഫെമിനിസത്തിന്റെ വികാസത്തോടെ വലിയ മാറ്റമുണ്ടായി. ബ്രാ കത്തിച്ചില്ലെങ്കിലും സൗന്ദര്യ വർധക വസ്തുക്കളും ബ്രായുമെല്ലാം ചവറുകൊട്ടയിലുപേക്ഷിച്ച് അവർ പ്രതീകാത്മക സമരം നടത്തി. നൂറ്റാണ്ടുകൾക്കിപ്പുുറവും അത്തരം ശരീരാധിഷ്ഠിത സങ്കൽപങ്ങളെ താലോലിയ്ക്കുന്ന തൊഴിൽമേഖലകൾ നിലനിൽക്കുന്നുണ്ട്. തൊഴിലിടങ്ങളിൽ തൊഴിൽനൈപുണ്യത്തിനുപരി ശരീരസൌന്ദര്യത്തിന് പ്രസക്തി ലഭിക്കുന്ന അലിഖിത നിയമങ്ങൾ പിന്തുടരുന്ന സ്ഥാപനങ്ങളെ പ്രശ്നവൽക്കരിക്കാൻ ഈ സിനിമയ്ക്കു സാധിച്ചിട്ടുണ്ട്. സ്ത്രീയെന്നത് വലിയ മുലകളും കെട്ടിവെച്ച മുടിയും സൗന്ദര്യ വർധക വസ്തുക്കൾ കൊണ്ടുള്ള മുഖം മൂടിയുമല്ല എന്ന് ഇമാൻ എന്ന കഥാപാത്രത്തിലൂടെ അതീവ ശാന്തമായി സംവദിക്കുന്നുണ്ട് സിനിമ. മാത്രമല്ല സ്വസ്ഥാപനത്തിൽ ഒരു പ്രശ്നം സംഭവിച്ചാൽ അതിനെ പരമാവധി മൂടിവെയ്ക്കാനുള്ള ശ്രമങ്ങളായിരിക്കും സ്ഥാപനമേധാവികളുടെ ഭാഗത്തു നിന്നുണ്ടായിരിക്കുക. ഇത്തരം പ്രവണതകളും സിനിമയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഉച്ചത്തിലുള്ള സംഭാഷണങ്ങളൊ അടിയിടികളൊ ഒന്നുമില്ലാതെത്തന്നെ. നിലനിൽപ്പിനു വേണ്ടി അനീതികൾക്ക് കൂട്ടു നിൽക്കാൻ തയ്യാറാകാത്ത ഇമാന്റെ സൌന്ദര്യം ആ വ്യക്തിത്വം തന്നെയാണ്.

ഇണയുടെ മുലകൾ നഷ്ടമാവുന്നതോടെ ഇണയോട് അകൽച്ച തോന്നുന്ന പുരുഷകഥാപാത്രം പുരുഷന് എന്താണ് സ്ത്രീ എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. അത്രമേൽ സ്നേഹിക്കുകയും കാമിക്കുകയും ചെയ്ത രണ്ടുപേർക്കിടയിൽ മുലകൾക്ക് മാത്രമായി എന്തു പ്രസക്തിയാണുള്ളത്? അഥവാ ആ മുലകളെ മാത്രം ചുറ്റിപ്പറ്റിയാണൊ ആ ബന്ധം നിലനിൽക്കുന്നത്? വൈകാരികവിജ്രംഭനത്തിന്റെ പ്രതീകമായി ആഘോഷിക്കപ്പെടുന്ന മുലകളിൽ നിന്ന് ചോരയിറ്റി വീഴുന്നത് കാണാൻ എത്ര പുരുഷൻമാർക്ക് സാധിക്കും? മാലിനിയുടെയും വിവേകിന്റെയും അനുഭവങ്ങളിലൂടെ, മുലകളെ ലൈംഗികതയിൽ നിന്ന് അടർത്തി കാണാനുള്ള പരിശീലനം കൂടി സിനിമ നൽകുന്നുണ്ട്. സ്ത്രീകളെ ഏറ്റവും നന്നായി മനസിലാക്കുകയും അവരുടെ അതിജീവനത്തിന്റെ ഭാഗമാവുകയും ചെയ്യുന്ന മാലിനിയെന്ന കഥാപാത്രത്തെ രമ്യനമ്പീശൻ ഭംഗിയാക്കിയിട്ടുണ്ട്. രമ്യയുടെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും മാലിനി.

മനുഷ്യരെ സംബന്ധിച്ച് മുലകളെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഓർമ വരേണ്ടത് ഏതെങ്കിലും നീലച്ചിത്രനായികയുടെ മുലകൾ മാത്രമല്ലല്ലൊ. സ്വന്തം അമ്മയുടെ മുലകൾ കൂടി ഓർമ വരണം. അല്ലെങ്കിൽ മുലപ്പാലെന്ന വിശിഷ്ട വസ്തുവിനെക്കുറിച്ച് കൂടി ഓർമയുണ്ടാവണം. എന്നാൽ അമ്മിഞ്ഞപ്പാൽ കുടിച്ചു വളർന്ന പുരുഷതലമുറയ്ക്ക് വളർച്ചയുടെ ഏതോഘട്ടത്തിൽ വെച്ച് ആ ഓർമയ്ക്ക് മാത്രം അൽഷിമേഴ്സ് ബാധിക്കുന്നു! അതെങ്ങനെയാണ്? മുലപ്പാലിനെക്കുറിച്ചുള്ള ഓർമകൾ കൂടി സിനിമ ഉണർത്തുന്നുണ്ട്. മാതൃത്വ വർണനയുടെ ക്ലീഷെ രീതിയിലല്ല മുലപ്പാലിനെ അവതരിപ്പിച്ചിരിക്കുന്നത്. പാൽ നിറഞ്ഞ മുലകൾ സ്ത്രീയുടെ ദൈനം ദിന പ്രവർത്തനങ്ങളെ പ്രശ്നഭരിതമാക്കുന്നതെങ്ങനെയെന്ന അന്വേഷണമാണത്. പാൽ നിറഞ്ഞ മുലയും ആ അവസ്ഥയും സ്ത്രീയ്ക്ക് ഭാരമാവുന്നത് സമൂഹം അത്തരം കാഴ്ചകൾക്ക് പാകപ്പെടാത്തതു കൊണ്ട് കൂടിയാണ്. നിധി എന്ന പ്രായപൂർത്തിയാവാത്ത അമ്മക്കഥാപാത്രത്തെ റെയ്ന രാധാകൃഷ്ണൻ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. നിധിയുടെ പിൻകഥ വ്യക്തമല്ലെങ്കിലും അവളുടെ അമ്മ, അച്ഛൻ, വേലക്കാരി എന്നിവരുടെ സംഘർഷഭരിതമായ മുഖങ്ങളിൽ നിന്ന് അവൾ പ്രതിനിധാനം ചെയ്യുന്ന പ്രശ്നങ്ങൾ പ്രേക്ഷകർക്ക് ഊഹിച്ചെടുക്കാനാവും. ആ നിഗൂഢതയാണ് നിധിയുടെ കഥയെ മനോഹരമായി നില നിർത്തുന്നത്.

അഭിനയവും മോഡലിംഗുമൊക്കെ പ്രൊഫഷനായി തിരഞ്ഞെടുക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളാണ് റേയ്ച്ചൽ, ജയ എന്നീ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നത്. മധ്യവർഗപെൺകുട്ടിയ്ക്കും ദരിദ്രയായ പെണ്ണിനും രണ്ടു തരത്തിലാണ് ഇത്തരം പ്രശ്നങ്ങളെ തരണം ചെയ്യേണ്ടി വരുന്നത്. രണ്ടു സ്ത്രീകളും ആ പ്രശ്നങ്ങളെ രണ്ടു തരത്തിൽ അതിജീവിക്കുന്നുണ്ട്. ഇമാൻ സൌന്ദര്യവർധക വസ്തുക്കളെയും കെട്ടുകാഴ്ചകളെയും തള്ളിക്കളയുമ്പോൾ ജയയ്ക്ക് അതിനെ സ്വീകരിക്കേണ്ടി വരുന്നു. പരസ്യത്തിന്റെ ഭാഗമാവേണ്ടി വരുന്നു. പക്ഷേ ആ വൈരുദ്ധ്യാത്മകതയെ സംവിധായിക മറി കടക്കുന്നത് ശരീരത്തെക്കുറിച്ചുള്ള മറ്റൊരു സ്റ്റീരിയൊടൈപ്പിംഗിനെ തകർക്കുവാനുള്ള മാതൃക സൃഷ്ടിച്ചുകൊണ്ടാണ്. അതാണ് സംവിധായികയുടെ പ്രതിഭ വ്യക്തമാക്കുന്ന മറ്റൊരു ശക്തമായ ഘടകം. ഒരാൾ പ്രൊഫഷനായി മോഡലിംഗ് തിരഞ്ഞെടുക്കുന്നതും നിർബന്ധിതമായി ഒരാൾക്ക് സോകോൾഡ് ശരീരസൌന്ദര്യത്തെ നിലനിർത്തേണ്ടി വരുന്നതും തമ്മിലുള്ള വ്യത്യാസം സിനിമ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്.

റേയ്ച്ചൽ അഭിനയത്തെ സ്നേഹിക്കുന്ന, എന്നാൽ സിനിമാരംഗത്തെ സ്ത്രീവിരുദ്ധപ്രവണതകളെ ചോദ്യം ചെയ്യുകയും ചെയ്യുന്ന മനോഹരമായ വ്യക്തിത്വമുള്ള പെൺകുട്ടിയാണ്. പ്രതീക്ഷയാണ്. റേച്ചലിന്റെ അമ്മയായി അഭിനയിച്ച സജിത മഠത്തിൽ വളരെ സ്വാഭാവികതയോടെ തന്റെ കഥാപാത്രത്തെ ഉജ്വലമാക്കിയിട്ടുണ്ട്. റേച്ചലിന്റെ അച്ഛനും സമൂഹത്തിന്റെ പ്രതീക്ഷയാണ്.

പെൺശരീരത്തിനുള്ളിൽ വീർപ്പുമുട്ടുന്ന ആൺഹൃദയത്തിനുടമയാണ് സിയ. കഥാപാത്രമാവശ്യപ്പെടുന്ന രൂപസാദൃശ്യങ്ങളിലേയ്ക്ക് ഏറ്റവും ഭംഗിയായി പരകായപ്രവേശനം ചെയ്ത് സിനിമയിലുടനീളം പ്രസരിപ്പ് നിലനിർത്താൻ സിയയ്ക്ക് സാധിച്ചിട്ടുണ്ട്. സ്വവർഗാനുരാഗത്തെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് സിയ. ക്യാമറ, സംഗീതം, എഡിറ്റിംഗ് എന്നിവയെല്ലാം തന്നെ സിനിമയുടെ ആസ്വാദനനിലവാരത്തെ മികച്ചതാക്കിയിട്ടുണ്ട്. കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പ് തിരഞ്ഞെടുത്ത സംവിധായിക തന്റെ ദൌത്യം ഏറ്റവും ഭംഗിയായി പൂർത്തിയാക്കിയിട്ടുണ്ടെന്ന് നിസംശയം പറയാം. ഹൈസ്കൂൾ മുതലുള്ള എല്ലാ കുട്ടികളും നിർബന്ധമായി കണ്ടിരിക്കേണ്ട ഒരു സിനിമയാണ് ‘ബി 32 മുതൽ 44 വരെ’.

Eng­lish Sum­ma­ry: B 32 Muthal 44 Vare movie review
You may also like this video

Exit mobile version