Site icon Janayugom Online

ആക്ഷനില്‍ നമുക്കൊരൊറ്റ ആശാനേയുള്ളൂ.…. അന്നുമിന്നുമെന്നും

അന്നുമിന്നുമെന്നും മലയാള സിനിമയ്ക്ക് ആശാന്‍ ഒന്നേയുള്ളൂ … മലയാളിക്കും. സ്ക്രീൻ പ്രെസൻസിന്റെ തന്നെ വലിയ ആശാനായ സാക്ഷാൽ ബാബു ആന്റണി. പലപ്പോഴും നമ്മള്‍ ആഗ്രഹിക്കുന്നപോലെ ചില മനുഷ്യരെ സ്ക്രീനില്‍ കാണുമ്പോള്‍ തോന്നുന്ന ഒരു സന്തോഷമില്ലേ… അതാണ് മലയാളത്തിന്റെ പവര്‍ സ്റ്റാറും ആശാനുമൊക്കെയായ ബാബു ആന്റണിയെ കാണുമ്പോള്‍ കിട്ടുന്നത്. ചെറുപ്പത്തില്‍ ഉപ്പുകണ്ടം ജോസുകുട്ടിയെയും തങ്കച്ചനെയും ഗുണ്ടകൾ ഇടിക്കുന്നത് കണ്ട് പറന്നെത്തുന്ന ഉപ്പുകണ്ടം സേവിച്ചനെ ആദ്യമായി കണ്ടപ്പോൾ കിട്ടിയ “രോമാഞ്ച“മില്ലേ, അതുതന്നെ. ആര്‍ഡിഎക്സില്‍ ബാബു ആന്റണി എത്തുമ്പോള്‍ തോന്നിയതും അതേ വികാരമാണ്. ആ വരവില്‍ അത്രയുംനേരം നിരന്നു നിന്ന ഒരാള്‍ക്കും ലഭിക്കാത്ത സ്വീകാര്യതയാണ് ആശാന്‍ വാരിക്കൂട്ടിയത്. നിറഞ്ഞ കരഘോഷങ്ങളെ ഒരു ചിരിയോടെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കാനാകുക എന്നത് അത്ര ചില്ലറക്കാര്യമല്ലല്ലോ.

ഇന്നത്തെ ബാബു ആന്റണി എന്ന നടന് അപ്പുറം ഒരു തലമുറയുടെ തന്നെ വികാരമായിരുന്ന മനുഷ്യന്‍. മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ജയറാമും ഒക്കെ പോലെ ആരാധകര്‍ക്കിടയില്‍ നിറഞ്ഞു നിന്ന പേര്. ‘ഓരോ തൊഴിലിനും അതിന്റേതായ ത്രില്ലും റിസ്കുമുണ്ട്. പ്രത്യേകിച്ച് സിനിമയിൽ. എന്നിൽനിന്നു ജനം പ്രതീക്ഷിക്കുന്നത് റിവഞ്ചും സാഹസികതയുമൊക്കെയാണ്. അപ്പോൾ അപകടമുണ്ടാകുമോയെന്ന് ഭയന്ന് നമ്മൾ അഡ്ജസ്റ്റ് ചെയ്തു ജോലി ചെയ്താൽ ജനം എന്നും നമ്മുടെ കൂടെയുണ്ടാകില്ല. നന്നായിട്ട് പരിശ്രമിച്ചാൽ ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ല. ഏറ്റവും വലിയ ശ്രമമാണ് പരിശ്രമം. അതാണ് എന്റെ വിജയരഹസ്യം’ എന്ന് താരം തന്നെ പലവട്ടം പറഞ്ഞിട്ടുമുണ്ട്. വില്ലനായാലും നായകനായാലും ബാബു ആന്റണിയുടെ ടീമാണോ അവിടെ പവര്‍ കാണുമെന്ന് ഉറപ്പിച്ചിരുന്ന ഒരു തലമുറയിവിടെ ഉണ്ടായിരുന്നു. ബാബു ആന്റണി നായകന്റെ ടീമാണെന്ന് അറിയുമ്പോള്‍ അവരുടെ മുഖത്തെ സന്തോഷം തന്നെ അതിന് തെളിവായിരുന്നു.

സംവിധായകൻ ഭരതന്റെ ‘ചിലമ്പി’ലൂടെയാണ് ഇരുപത്തിരണ്ടുകാരനായ ബാബുആന്റണി ശ്രദ്ധേയ നാവുന്നത്. പ്രായത്തിൽ കവിഞ്ഞ വളർച്ചയും നല്ല ഉയരവും നീട്ടി വളർത്തിയ മുടിയും സമൃദ്ധമായ താടിയുമൊക്കെയുള്ള ബാബുവിനെ ഒറ്റനോട്ടത്തില്‍ പഞ്ചാബിയായി ആണ് ഭരതന്‍ കൂട്ടിയത്. സംസാരിച്ചു തുടങ്ങിയപ്പോഴാണ് ബാബു തനി മലയാളിയാണെന്നും പൊൻകുന്നംകാരനാണെന്നും മാർഷൽ ആർട്സിൽ പ്രാവീണ്യമുണ്ടെന്നുമൊക്കെ ഭരതന്‍ അറിയുന്നത്. അങ്ങനെയാണ് റഹ്മാനും ശോഭനയും നായികാനായകന്മാരാകുന്ന ‘ചിലമ്പി’ല്‍ ഒരു കഥാപാത്രം ഭരതൻ നൽകുന്നത്. ബാബു ആന്റണിയെപ്പോലെ വില്ലൻ വേഷം ചെയ്യാൻ പറ്റിയ യുവ നടനെ മലയാളത്തിൽ കണ്ടെത്താനാകാത്തതിനാലാണ് പ്രയാണത്തിലും ഭരതന്‍ ബാബുവിനെ തന്നെ തെരഞ്ഞെടുത്തത്. അതോടെയാണ് ബാബു ആന്റണി എന്ന പുതിയ വില്ലനെ സിനിമാലോകം ശ്രദ്ധിച്ചു തുടങ്ങി. തുടക്കത്തിലെ സിനിമകൾ കണ്ടിട്ടാണ് ‘പൂവിന് പുതിയ പൂന്തെന്നലെ‘ന്ന സിനിമയിലെ വില്ലൻ വേഷത്തിന് ഫാസില്‍ ബാബുവിനെ തന്നെ കണ്ടെത്തിയത്. ആ വില്ലനായിരുന്നു അന്നത്തെ കുട്ടികളുടെ പേടിസ്വപ്നമെന്ന് പിന്നീട് എവിടെയോ വായിച്ചിട്ടുണ്ട്.

വൈകാതെ ബാബു ആന്റണിയ്ക്കായി തുരുതുരെ വില്ലൻ വേഷങ്ങള്‍ അണിയറയിൽ ഒരുങ്ങിത്തുടങ്ങി. മിഴിനീർ പൂവുകൾ, മൂന്നാംമുറ, ദൗത്യം, ജാഗ്രത, കവചം, വ്യൂഹം, മാഫിയ, കൗരവർ തുടങ്ങിയ സിനിമകളിലൊക്കെ വില്ലനായി ബാബുവിന്റെ സാന്നിധ്യമുണ്ടായി. 1988 ൽ ഭരതനെടുത്ത വൈശാലിയിലാണ് കാരക്ടർ റോള്‍ ബാബുവിന് ലഭിക്കുന്നത്. അതുവരെ കാണാത്ത ബാബു ആന്റണിയുടെ ശക്തമായ കഥാപാത്രമായി അത് അടയാളപ്പെടുത്തപ്പെട്ടു. അതിനു ശേഷമാണ് ന്യൂഇയർ എന്ന ഒരു സസ്പെൻസ് ത്രില്ലറും ബൈജു കൊട്ടാരക്കര സംവിധാനം ചെയ്ത കമ്പോളവും ഒക്കെ റിലീസാകുന്നത്. ചന്ത, കടൽ, ഭരണകൂടം, ദാദ, ബോക്സർ, സ്ട്രീറ്റ്, സ്പെഷൽ സ്ക്വാഡ് എന്നിവയിലൊക്കെ ആക്ഷന്‍ ഹീറോയായി ബാബു ആന്റണി തിളങ്ങി. മലയാള സിനിമയില്‍ കരാട്ടെ സ്റ്റൈലിൽ മിന്നൽ വേഗത്തിലുള്ള ആയോധനമുറകൾ ചെയ്യുന്ന നടനാണ് ബാബു. അന്നത്തെ സൂപ്പര്‍ താരങ്ങളെ വരെ അമ്പരപ്പിച്ച പ്രകടനമാണ് അദ്ദേഹത്തിന്റെത്. സാഹസിക രംഗങ്ങൾ ചെയ്യാൻ പോലും ഭയമില്ലാത്ത താരമെന്ന് വിശേഷിപ്പിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.

ആക്ഷന്‍ സിനിമകള്‍ ഒതുങ്ങിക്കൂടിത്തുടങ്ങിയ സമയത്താണ് ബാബു ആന്റണി അഭിനയത്തില്‍ നിന്ന് പിന്‍മാറിയത്. ‘ആക്ഷന്‍സ് ഒരുപാട് ചെയ്തിരുന്ന ആളാണ് ഞാന്‍. ഇങ്ങനെ ഒരിടവേള എടുത്തിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ഇവിടെ വരെ ഞാനെത്തില്ലായിരുന്നു. സമയം നഷ്ടപ്പെടുത്തിയെന്ന പശ്ചാത്താപവുമില്ല’ എന്നാണ് അദ്ദേഹം പിന്‍വാങ്ങലിനെക്കുറിച്ച് പിന്നീട് പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവിൽ തമിഴ്– ഹിന്ദി–തെലുങ്ക് സിനിമകളിലാണ് ബാബു ശ്രദ്ധ കേന്ദ്രീകരിച്ചു. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ബാബു ആന്റണിയുടെ അഭിനയത്തിന് മാത്രം തരാന്‍ പറ്റുന്ന ഫീലുമായി പഴയ പ്രൗഢിയ്ക്കും ഒട്ടും കുറവു വരുത്താതെ അദ്ദേഹം യാത്ര തുടരുകയാണ് ഇപ്പോഴും. ഇന്നത്തെ മുതിര്‍ന്നവര്‍ പറയുന്നതുപോലെ വയസെത്രയോ ആകട്ടെ ബാബു ആന്റണി കളത്തിലിറങ്ങിയാല്‍ സ്ക്രീനില്‍ അപ്പുറത്തിരിക്കുന്നവന്റെ തൊലി പൊളിഞ്ഞിരിക്കുമെന്നുറപ്പാണ്. സിനിമാ പ്രേമികളുടെ കോണ്‍ഫിഡന്‍സ് നിലനിറുത്തുന്നതും അതു തന്നെ. അതുകൊണ്ടൊണല്ലോ ലോകേഷ് കനകരാജിന്റെ ലിയോ സിനിമയില്‍ അന്‍പറിവ് മാസ്റ്ററിന്റെ കീഴില്‍ ബാബു ആന്റണി അടക്കമുള്ളവര്‍ ഉണ്ടെന്ന് അറിയുമ്പോള്‍ നമ്മളൊക്കെ ഡബിള്‍ ഹാപ്പിയാകുന്നത്.
പിടിവള്ളി : once a king, always a king

Eng­lish Summary:babu antony only one hope in action
You may also like this video

Exit mobile version