രാജ്യം കോവിഡിന്റെയും ഒമിക്രോണിന്റെയും പിടിയിലമരുന്ന സംഭ്രമജനകമായ സാഹചര്യത്തിൽ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. കർശനമായ നിബന്ധനകളോടെയാണ് തെരഞ്ഞെടുപ്പു കമ്മിഷൻ തീയതി പ്രഖ്യാപിച്ചത്. മോഡി-ഷാ-ആദിത്യനാഥ് നയിക്കുന്ന കേന്ദ്ര‑സംസ്ഥാന ഭരണത്തിൽ ജനങ്ങൾ നേരിട്ട കൊടും പീഡനങ്ങളും ദുഃസഹമായ ജീവിത സാഹചര്യങ്ങളും ഈ തെരഞ്ഞെടുപ്പിൽ പരിശോധിക്കപ്പെടും.
സ്വാതന്ത്യ്രത്തിന്റെ 75-ാമതു അമൃതവർഷമെന്ന ആഘോഷത്തിന്റെ അവകാശവാദങ്ങളുയർത്തി ബിജെപി, തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും വിജയം അവകാശപ്പെടുന്നു. കഴിഞ്ഞമാസങ്ങളിൽ ഈ സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി ഏറ്റുവാങ്ങിയ ദാരുണമായ പരാജയം ആവർത്തിക്കപ്പെടാൻ പോകുന്നുവെന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മോഡി സർക്കാരിന്റെ രണ്ടാം ഊഴത്തിൽ ഭരണപരാജയം മാത്രമല്ല രാഷ്ട്രീയാടിത്തറതന്നെ തകരുന്ന സംഭവങ്ങളാണ് ബിജെപിയുടെ ശക്തികേന്ദ്രമായ യുപിയിൽനിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് മോഡി സർക്കാരിന്റെ പടിയിറങ്ങലിന് തുടക്കം കുറിക്കുമെന്നാണ് നിലവിലുള്ള രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തുന്ന മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. വസ്തുതകളും സംഭവങ്ങളും സമഗ്രമായി പരിശോധിച്ചുള്ള വിലയിരുത്തലുകളാണ് അവർ നടത്തിയിരിക്കുന്നത്.
ഇതുകൂടി വായിക്കൂ: മോഡിയുടെ വീഴ്ച തുടങ്ങിയ 2021
മോഡി സർക്കാർ സ്വീകരിച്ച എല്ലാ ഭരണനടപടികളും ദാരുണമായി പരാജയപ്പെട്ടതിന്റെ ദുരിതങ്ങൾ ജനങ്ങൾക്ക് ഏറ്റുവാങ്ങേണ്ടിവന്നു. സാമ്പത്തികരംഗത്ത് സർക്കാർ സ്വീകരിച്ച സുപ്രധാനമായ ഒരു നടപടിയായിരുന്നു 1000 രൂപയുടെയും 500 രൂപയുടെയും നോട്ടുപിൻവലിക്കൽ, അർധരാത്രി ഉണ്ടായ ഈ പ്രഖ്യാപനത്തിൽ രാജ്യം ഞെട്ടിപ്പോയി. ജനങ്ങൾ അമ്പരന്നുനിന്നു. ക്രയവിക്രയങ്ങളും, ധനകാര്യസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും താറുമാറായി. റിസർവ് ബാങ്ക് നോക്കുകുത്തിയായി. ജനപ്രതിനിധികൾ നിസ്സഹായരായി നോക്കിനിന്നു. മന്ത്രിമാരും ഇരുട്ടിലായി. കള്ളപ്പണം കണ്ടെത്തുക, കള്ളപ്പണം ഉപയോഗിച്ചുനടത്തുന്ന ചാരപ്പണി അവസാനിപ്പിക്കുക ഇതായിരുന്നു ലക്ഷ്യം. നോട്ടുപിൻവലിക്കൽ നടപടി പരാജയപ്പെടുക മാത്രമല്ല രാജ്യത്തെ 15 ലക്ഷത്തിൽപരം ചെറുകിട കച്ചവട‑വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടപ്പെട്ടു. തുടർന്ന് മോഡി സർക്കാർ സ്വീകരിച്ച സാമ്പത്തിക നടപടികൾ അത്യന്തം വിനാശകരമായിരുന്നു. സ്വതന്ത്രഭാരതത്തിന്റെ സ്വർണഖനികളായ, ശതകോടികൾ ഖജനാവിലെത്തിക്കുന്ന സുപ്രധാന പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി കുത്തകകൾക്ക് വില്ക്കാൻ തീരുമാനിച്ചു. ഭാരത് പെട്രോളിയം, എയർ ഇന്ത്യ, ഷിപ്പിങ് കോർപറേഷൻ, ബെമൽ, ഐഡിബിഐ, കൂടാതെ രാജ്യത്തെ ജനറൽ ഇൻഷുറൻസ് കമ്പനി, 35 ലക്ഷംകോടി രൂപയുടെ മൂലധനമുള്ള എൽഐസിയും കൂടാതെ 60, 000 കോടി രൂപയുടെ ആസ്തിയുള്ള എയർ ഇന്ത്യ 18,000 കോടിക്ക് ടാറ്റയ്ക്ക് വില്പനയും നടത്തി. ഇന്ന് സ്വന്തം രാഷ്ട്രത്തിന്റെ പേരിൽ വിമാന സർവീസില്ലാത്ത ഒരു രാജ്യമായി ഇന്ത്യ മാറി.
ജനകീയ സമരങ്ങളുടെ വേലിയേറ്റത്തിൽ ഇന്ദിരാഗാന്ധി സർക്കാരിന്റെ കാലത്ത് ദേശസാൽക്കരിക്കപ്പെട്ട ഇന്ത്യയിലെ ബാങ്കിങ് മേഖല വികസിത മുതലാളിത്ത രാജ്യങ്ങളിലെ ബാങ്കുകളെ വെല്ലുവിളിച്ചുകൊണ്ട് ഒരുവടവൃക്ഷം പോലെ വളർന്നുവന്നു. ബാങ്കു ജീവനക്കാരുടെ സേവനങ്ങളുടെ ഫലമായി ദേശസാൽക്കരിക്കപ്പെട്ട ബാങ്കുകൾ രാജ്യത്തെ കർഷകരുടെയും, സാധാരണ ജനങ്ങളുടെയും സമ്പദ്ഘടനയിൽ തന്നെ മാറ്റം വരുത്തി. ഈ മേഖല ഇന്ന് കനത്ത വെല്ലുവിളി നേരിടുന്നു. കുത്തകമുതലാളിമാർ ദേശസാൽക്കരിച്ച ബാങ്കുകളിൽനിന്ന് 110.35 ലക്ഷംകോടി രൂപ വായ്പയെടുത്തു. തിരിച്ചടയ്ക്കാത്ത വായ്പയുടെ മൊത്തം തുക ഒൻപത് ലക്ഷം കോടി. ഇതിൽ 6,27,243 കോടി വൻകിടക്കാർക്കുവേണ്ടി എഴുതിത്തള്ളാൻ സർക്കാർ തീരുമാനിച്ചു. റിസർവ് ബാങ്ക് നിസ്സഹായരായി നോക്കിനിന്നു. ഈ പ്രതിസന്ധി മുറിച്ചുകടക്കാൻ രാജ്യത്ത് കർഷകരും ചെറുകിട കച്ചവടക്കാരും സാധാരണ ജനങ്ങളും അണിനിരന്ന് സഹകരണ ബാങ്കിങ് മേഖലയ്ക്ക് രൂപംനൽകി. റിസർവ് ബാങ്കിന്റെ പേരിൽ പുതിയ ഓർഡിനൻസ് ഇറക്കി രാജ്യത്തെ സഹകരണബാങ്കിങ് മേഖലയുടെ പ്രവർത്തനങ്ങൾ അസാധ്യമാക്കുക മാത്രമല്ല സഹകരണ പ്രാഥമിക ബാങ്കുകളുടെ പുറത്ത് ആദായനികുതി സമ്പ്രഭയം അടിച്ചേൽപിക്കുകയും ചെയ്തു.
ഇതുകൂടി വായിക്കൂ: കാർഷിക പരിഷ്കാരം: നെഹ്രുവിന്റെ പിന്മാറ്റവും മോഡിയുടെ തോൽവിയും
തലതിരിഞ്ഞ മോഡി സർക്കാരിന്റെ സാമ്പത്തിക നയത്തിന്റെ ഫലമായും കോവിഡ് മഹാമാരിയും കാരണം ജനങ്ങൾ മരിച്ചുവീഴുമ്പോഴും ഇന്ത്യയിലെ കുത്തകകളുടെ ലാഭം ഗണ്യമായി വർധിച്ചുകൊണ്ടിരിക്കുന്നു. ഗൾഫ് രാജ്യങ്ങളുടെ സ്ഥിതിഗതികൾ പാടെ മാറിയതിന്റെ ഫലമായി തൊഴിൽ നഷ്ടപ്പെട്ടവരുടെ ഒരു പ്രവാഹം തന്നെ കേരളത്തിൽ അനുഭവപ്പെടുന്നു.
രാജ്യത്തെ കുത്തകകളുടെ എണ്ണം 102‑ൽ നിന്ന് 140 ആയി വർധിച്ചു. ലോകത്ത് പട്ടിണി കിടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ 94-ാം റാങ്കിൽ നിന്ന് 101-ാം റാങ്കിലേക്ക് ഇന്ത്യ കൂപ്പുകുത്തി. ലോകത്തുള്ള മൊത്തം ദരിദ്ര ജനവിഭാഗത്തിൽ 57.3 ശതമാനം ഇന്ത്യാക്കാരായി മാറി.
ഇന്ത്യയുടെ കഴിഞ്ഞകാലങ്ങളിലെ പദ്ധതിവിഹിതം പരിശോധിച്ചാൽ പൊതുജനാരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള സാമൂഹ്യസുരക്ഷ, വയോജന ക്ഷേമപദ്ധതികൾ, മറ്റു സാമൂഹ്യസുരക്ഷാപദ്ധതികൾ എന്നീ മേഖലകളെ സർക്കാർ പൂർണമായും അവഗണിച്ചിരിക്കുന്നതായി കാണാം.
സാധാരണ ജനങ്ങൾക്കായി അനുവദിച്ചിരുന്ന ഭക്ഷ്യ സബ്സിഡി, പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും നല്കിവരുന്ന സബ്സിഡി തുടങ്ങി എല്ലാ സബ്സിഡികളും അവസാനിപ്പിച്ചു. മോഡിയുടെ രണ്ടാമൂഴത്തിന്റെ കെടുതികൾ താങ്ങാനാവാതെ കർഷകരും തൊഴിലാളികളും തെരുവുകളിൽ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയർത്തുന്ന കാഴ്ചകളാണ് ഇന്ത്യ കാണുന്നത്.
മോഡി അധികാരത്തിലെത്തി ഏതാനും നാളുകൾക്കുള്ളിൽ പഞ്ചാബിലെ കർഷകർ അവരുടെ ആവശ്യങ്ങളുമായി പ്രധാനമന്ത്രിയെ കാണാൻ ശ്രമങ്ങൾ തുടങ്ങി. തങ്ങളുടെ പരാതികൾ കേൾക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോഡി കർഷകപ്രതിനിധികളെ അനുവദിച്ചില്ല. 2015 മുതൽ 2018 വരെയുള്ള കാലയളവിൽ രോഷാകുലരായ കർഷകർ നിരാശരായി നിവേദനങ്ങളുമായി പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടെയും കാരുണ്യത്തിനുവേണ്ടി അധികാര കേന്ദ്രങ്ങളിൽ അലഞ്ഞുനടന്നു. ഗത്യന്തരമില്ലാതെ കർഷകർ സംയുക്തസമരസമിതിക്കു രൂപം നല്കി സമരം ചെയ്യാൻ തീരുമാനിച്ചു. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷക സമരങ്ങൾ അണപൊട്ടിയൊഴുകി. മധ്യപ്രദേശിലെ “മാൻഡ്സോറി‘ൽ മധ്യപ്രദേശ് സർക്കാർ കർഷകർക്കുനേരെ നിറയൊഴിച്ചു. ആറു കർഷകർ ഇവിടെ രക്തസാക്ഷികളായി. രോഷാകുലരായ കർഷകരുടെ നിരന്തരമായ സമരം നിരവധി സംസ്ഥാനങ്ങളിൽ കാട്ടുതീപോലെ പടർന്നുപിടിച്ചു. സ്വാതന്ത്യ്രസമരകാലത്ത് ജീവത്യാഗംചെയ്ത നിരവധി രക്തസാക്ഷികളെ സംഭാവനചെയ്ത പഞ്ചാബിൽ സമരങ്ങൾ ആളിക്കത്തി. ഭഗത്സിങ്ങിന്റെ പിൻതലമുറക്കാർ കർഷകസമരത്തിന്റെ പാതയിൽ ഒഴുകിയെത്തി. ഇന്ത്യയിലെ തൊഴിലാളിവർഗവും, ബഹുജനങ്ങളും കർഷകസമരത്തിനു പിന്തുണ നല്കി. സമരം വടക്കേയിന്ത്യയിൽ ജനകീയ സമരമായി രൂപം പ്രാപിച്ചു.
ഇതുകൂടി വായിക്കൂ: മോഡിയുടെ വീഴ്ച തുടങ്ങിയ 2021
ഇന്ത്യയിലെ കർഷകരുടെ സമരത്തെക്കുറിച്ച് ബ്രിട്ടീഷ് പ്രതിനിധി സഭയിലും കാനഡയിലെ നിയമസഭയിലും മാത്രമല്ല, ഐക്യരാഷ്ട്രസഭയിലും ചർച്ചകൾ നടന്നു. അയൽരാജ്യങ്ങളുടെ മുമ്പിൽ ഇന്ത്യയുടെ മുഖം വികൃതമായി. ബിബിസി പോലെയുള്ള ലോകമാധ്യമങ്ങളും വൻപ്രാധാന്യത്തോടെ ഇന്ത്യയിലെ കർഷകസമരത്തെ ലോകജനതയുടെ ശ്രദ്ധയിൽകൊണ്ടുവന്നു.
കർഷകന്റെ ഭൂമി കുത്തകകൾക്ക് പാട്ടത്തിനു നൽകാനും കർഷകരുടെ “മണ്ഡികൾ” നിറുത്തലാക്കാനും ഉല്പന്നങ്ങളുടെ താങ്ങുവില സമ്പ്രദായം അവസാനിപ്പിക്കാനുംവേണ്ടി പാർലമെന്റ് പാസാക്കിയ നിയമങ്ങൾ പിൻവലിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോഡി സന്നദ്ധനാവുകയും, താൻ ചെയ്ത തെറ്റിന് കർഷകരോട് മാപ്പുപറയുകയും ചെയ്തതോടെ തല്ക്കാലം കർഷകസമരം അവസാനിച്ചു. സമരം പിൻവലിച്ചതിന്റെ പശ്ചാത്തലത്തിൽ സർക്കാർ കർഷകരെ വഞ്ചിച്ചുവെന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അവർ വീണ്ടും സമരത്തിലേക്ക് നീങ്ങാനുള്ള സൂചനകളാണ് കർഷക നേതാക്കന്മാർ നല്കുന്നത്.
കർഷകരുടെ ദുരിതസമ്പൂർണമായ ജീവിത സാഹചര്യത്തെക്കാൾ അതിദാരുണമാണ് ഇന്ത്യയിലെ തൊഴിലാളികളുടെ അവസ്ഥ. മോഡി സർക്കാരിന്റെ ഒന്നാം ഊഴത്തിന്റെ കാലയളവിൽ നിലവിലുള്ള ട്രേഡ് യൂണിയൻ അവകാശങ്ങളായ സംഘടിക്കാനും, കൂട്ടായ വിലപേശലിനും പണിമുടക്കാനുമുള്ള നിയമപരമായ അവകാശങ്ങളെല്ലാം റദ്ദാക്കി. പകരം നാല് ലേബർകോഡ് പ്രഖ്യാപിച്ചു.
ട്രേഡ് യൂണിയൻ ജനാധിപത്യം കശാപ്പുചെയ്തുകൊണ്ടല്ലാതെ ഒരു രാജ്യത്ത് ഫാസിസം നടപ്പിലാക്കാനാവില്ലെന്ന ചരിത്രസത്യം മോഡി സർക്കാർ മനസിലാക്കിയെന്നതിന്റെ സൂചനയാണ് തൊഴിലാളിപ്രസ്ഥാനത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനം.
മനുഷ്യരാശിയുടെ ചരിത്രത്തിന്റെ ഗതി തിരിച്ചുവിടാൻ കരുത്തുള്ള തൊഴിലാളി വർഗ്ഗം തങ്ങൾ നേരിടാൻ പോകുന്ന അപായം മനസ്സിലാക്കി, അവർ സുസംഘടിതരായി, പ്രത്യേകിച്ച് ഇന്ത്യയിലെ എല്ലാ കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനകളും അതിവിശാലമായ ഒരു പൊതുവേദിയിലെത്തിക്കഴിഞ്ഞു. 2022 ഫെബ്രുവരിയിൽ 48 മണിക്കൂർ നീണ്ടുനില്ക്കുന്ന പണിമുടക്കം പ്രഖ്യാപിച്ചുകൊണ്ട് മോഡി സർക്കാരിന്റെ തൊഴിലാളിദ്രോഹനടപടികളെ ചെറുക്കാൻ തീരുമാനിച്ചു. അവരോടൊപ്പം ഇന്ത്യയിലെ വഞ്ചിക്കപ്പെട്ട കർഷകരും അണിനിരക്കുന്നതോടെ ഇന്ത്യയിലെ മോഡിസർക്കാരിന്റെ പടിയിറക്കം ആരംഭിക്കുകയായിരിക്കും ഫലം. ഇന്ത്യയിലെ സാധാരണ ജനജീവിതവും ദുസഹമായിത്തീർന്നുകൊണ്ടിരിക്കുന്നു. താങ്ങാനാവാത്തവിധം വിലക്കയറ്റം കുതിക്കുന്നു. പെട്രോളിയം-ഡീസൽ‑പാചകവാതകം-മണ്ണെണ്ണ തുടങ്ങിയവയുടെ വില വർധനവ് അനുദിനം സംഭവിക്കുന്നതിന്റെ കെടുതികളും സാധാരണക്കാരൻ ഏറ്റുവാങ്ങുന്നു.
ഇതുകൂടി വായിക്കൂ: മോഡി ഭരണകൂടത്തെ മുട്ടുകുത്തിച്ച കര്‍ഷക മഹാവിജയം
രാജ്യത്തിന്റെ സമ്പദ്ഘടന ആഴമേറിയ പ്രതിസന്ധിയിലാണ്. മോഡി ആവിഷ്കരിച്ച നോട്ടു പിൻവലിക്കൽ, ഒരു രാജ്യം ഒരു നിയമം, ഒരു റേഷൻകാർഡ്, ഒറ്റ ദിവസം പൊതുതെരഞ്ഞെടുപ്പ് എല്ലാം തകർന്നടിയുകയാണ്. വ്യവസായ‑വാണിജ്യ‑കാർഷികരംഗങ്ങളെല്ലാം തകർച്ചയുടെ പാതയിലാണ്. തൊഴിലില്ലായ്മ വർധിക്കുന്നു. ചുരുക്കത്തിൽ ഇന്ത്യയുടെ സമ്പദ്ഘടന നിയന്ത്രണാതീതമായ ദുരന്തത്തെ നേരിടാൻ പോകുകയാണ്.
രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയും, പുതിയ വെല്ലുവിളികളെ നേരിടുന്നു. ഭരണഘടന അംഗീകരിക്കുന്നതിനുപകരം ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളടങ്ങുന്ന വകുപ്പുകൾ പൂർണമായും റദ്ദാക്കുന്നു. കശ്മീരിലെ ജനങ്ങൾക്ക് ഭരണഘടന ഉറപ്പുനല്കുന്ന ചില അവകാശങ്ങൾ വ്യക്തമാക്കുന്ന ഭരണഘടനയിലെ 370-ാംവകുപ്പ് പാർലമെന്റിൽപോലും ഗൗരവമായി ചർച്ച ചെയ്യാതെ റദ്ദാക്കി, കശ്മീരിലെ നിയമസഭ പിരിച്ചുവിട്ടു. കശ്മീരിനെ രണ്ടായി വിഭജിച്ചു. കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിൻകീഴിലാക്കി. ഈ നടപടി നഗ്നമായ ഭരണഘടനാലംഘനവും ജനാധിപത്യ വിരുദ്ധവുമാണ്.
പൗരത്വ ഭേദഗതിനിയമവും പൗരത്വ രജിസ്റ്റർ സമ്പ്രദായവും നടപ്പിലാക്കുന്നതോടെ രാജ്യത്തെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിലുള്ള അപകടകരമായ വിഭജനം പൂർത്തിയാകും.
ഈ വിധം മോഡിസർക്കാരിന്റെ ലക്കുംലഗാനുമില്ലാത്ത നടപടികൾ രാജ്യത്ത് സംഭ്രമജനകമായ ഒരന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. എന്നാൽ ആത്യന്തികമായി ഇന്ത്യൻ ജനത ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുന്നതിന്റെ സൂചനകളാണ് ഈ അടുത്തകാലത്ത് നടന്ന നിരവധി ഉപതെരഞ്ഞെടുപ്പുകളുടെ ഫലം. യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുർ, ഗോവ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകൾ കഴിയുമ്പോൾ നരേന്ദ്രമോഡിയുടെ ““അച്ഛേ ദിൻ’ പടിയിറങ്ങിത്തുടങ്ങും.