Site icon Janayugom Online

തൈവാഴയുടെ ചുവട്ടില്‍ വാഴകുലകള്‍; കൗതുകമുണര്‍ത്തി ഇടുക്കി കാഴ്ച

ഒരു തൈവാഴയുടെ ചുവട്ടില്‍ വിരിഞ്ഞ ഏട്ട് വാഴകുലകളെ പഠനവിധേയമാക്കാന്‍ ഒരുങ്ങി കേരള കാര്‍ഷിക സര്‍വ്വകലാശാല. വാഴയുടെ മുകളില്‍ വിരിയേണ്ട കുലകള്‍ ചുവട്ടില്‍ വരിഞ്ഞതാണ് ഇപ്പോള്‍ ഏറെ കൗതുകമായി മാറിയിരിക്കുന്നത്. അണക്കര തകിടിയേല്‍ മനോജിന്റെ കൃഷിയിടത്തിലാണ് നാല് മാസം മാത്രം പ്രായമുള്ള ഞാലിപ്പൂവന്‍ വാഴയുടെ വിത്തില്‍ നിന്നും എട്ട് കുലകള്‍ ഉണ്ടായി അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്. നാല് മാസം മുമ്പാണ് 400 ഓളം ഞാലിപ്പൂവന്‍ വാഴ വിത്തുകള്‍ ക്യഷിയിടത്തില്‍ മനോജ് നട്ടത്.

ഇതില്‍ ഒരു തൈവാഴയുടെ ചുവടു ഭാഗത്ത് നിന്നുമാണ് എട്ട് ചെറു വാഴക്കുലകള്‍ ഉണ്ടായത്. ഇതിന് ഏകദേശം രണ്ടാഴ്ചയോളം പ്രായമുള്ള ഏട്ട് വാഴകുലയില്‍ രണ്ടെണ്ണം കരിഞ്ഞു പോയെങ്കിലും ബാക്കി കുലകള്‍ സജീവമായി നില്‍ക്കുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം സംഭവിച്ച ഈ പ്രതിഭാസത്തില്‍ വിദഗ്ധ പഠനം നടത്തുവാന്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ഗവേഷകരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം കൃഷിയിടത്തില്‍ എത്തി പരിശോധന നടത്തി.

ടിഷുകള്‍ച്ചര്‍ അടക്കമുള്ള സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി വാഴയുടെ ജനിതക വ്യത്യാസം സംബന്ധിച്ച് വിശദ പഠനം നടത്തുമെന്ന് കാര്‍ഷിക സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ നഫീസ എം പറഞ്ഞു. വാഴക്കുലകളുടെ സാമ്പിളും, വാഴ വിത്തിന്റെ സാമ്പിള്‍, മണ്ണ് എന്നിവയും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ചക്കുപള്ളം കൃഷി ഓഫീസര്‍ പ്രിന്‍സി ജോണ്‍, കൃഷി അസിസ്റ്റന്റ്മാരായ മനോജ് വി സി, അനീഷ്, അജിത എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Eng­lish Summary:Banana bunch­es grown under root
You may also like this video

Exit mobile version